Eid al Adha : ബക്രീദ് 'സ്പെഷ്യൽ' മധുരം തയ്യാറാക്കാം?, ഈസിയായി

By Web Team  |  First Published Jul 10, 2022, 2:54 PM IST

മിക്ക വീടുകളിലും പെരുന്നാള്‍ ദിനത്തില്‍ ബിരിയാണിയോ നെയ്ച്ചോറോ എല്ലാം തയ്യാറാക്കാറുണ്ട്. എന്തായാലും 'ഹെവി' നോണ്‍ വെജിറ്റേറിയൻ സദ്യ തന്നെയായിരിക്കും പെരുന്നാള്‍ ആഘോഷത്തിന് അധികവും തയ്യാറാക്കുന്നത്. ഈ സദ്യക്ക് ശേഷം അല്‍പം മധുരം വേണമെങ്കിലോ എന്നോര്‍ത്ത് ഡിസേര്‍ട്ടുകളും തയ്യാറാക്കുന്നവരുണ്ട്.


ബക്രീദ് അല്ലെങ്കില്‍ പെരുന്നാള്‍ എന്നോര്‍ക്കുമ്പോഴേ മിക്കവരും ഭക്ഷണത്തെ ( Bakrid Food ) കുറിച്ചാണ് ആദ്യം ഓര്‍മ്മിക്കുക. ചിക്കനും ബീഫും മട്ടണും അങ്ങനെ പ്രിയപ്പെട്ട മാംസാഹാരങ്ങളെല്ലാം തയ്യാറാക്കി ആഘോഷമായി ഭക്ഷണമൊരുക്കി കഴിക്കുന്ന ദിവസം കൂടിയാണല്ലോ ( Bakrid Food ) പെരുന്നാള്‍. 

മിക്ക വീടുകളിലും പെരുന്നാള്‍ ദിനത്തില്‍ ബിരിയാണിയോ നെയ്ച്ചോറോ എല്ലാം തയ്യാറാക്കാറുണ്ട്. എന്തായാലും 'ഹെവി' നോണ്‍ വെജിറ്റേറിയൻ സദ്യ തന്നെയായിരിക്കും പെരുന്നാള്‍ ആഘോഷത്തിന് അധികവും തയ്യാറാക്കുന്നത്. ഈ സദ്യക്ക് ശേഷം അല്‍പം മധുരം വേണമെങ്കിലോ എന്നോര്‍ത്ത് ഡിസേര്‍ട്ടുകളും ( Dessert Food ) തയ്യാറാക്കുന്നവരുണ്ട്.

Latest Videos

undefined

ഈ ബക്രീദിന് അത്തരത്തില്‍ ഊണിന് ശേഷം കഴിക്കാവുന്ന മൂന്ന് ഡിസേര്‍ട്ടുകളെ ( Dessert Food ) കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സെവിയനെ കുറിച്ചാണ് ആദ്യം പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ഡിസേര്‍ട്ട്. പാല്‍, സേമിയം, പഞ്ചസാര, നെയ്, ഡ്രൈ ഫ്രൂട്ട്സ്, ആവശ്യമെങ്കില്‍ അല്‍പം കുങ്കുമപ്പൂവ് എന്നിവയാണ് ഇതിന് ആകെ വേണ്ട ചേരുവകള്‍. 

ഒരു കപ്പോളം സേമിയ എടുത്ത് നാല് ടേബിള്‍ സ്പൂണ്‍ നെയ്യില്‍ മൂപ്പിച്ചെടുക്കാം. ഇത് നാലോ- അഞ്ചോ മിനുറ്റ് കൊണ്ട് തയ്യാറാകും. ശേഷം പാലും അരക്കപ്പ് പഞ്ചസാരയും ഇതിലേക്ക് ചേര്‍ക്കുക. ഇനി കുങ്കുമപ്പൂ ചേര്‍ത്ത വെള്ളം രണ്ട് ടേബിള്‍ സ്പൂണ്‍ ചേര്‍ക്കാം. 15-20 മിനുറ്റ് അടുപ്പത്ത് വച്ച് വേവിച്ച് കുറുക്കിയ ശേഷം ഡ്രൈ ഫ്രൂട്ട്സ് ഇട്ട് വാങ്ങിവയ്ക്കാം. 

രണ്ട്...

ഫ്രൂട്ട് കസ്റ്റാര്‍ഡിനെ കുറിച്ചാണ് അടുത്തതായി പറയുന്നത്. ഇത് മിക്കവാറും എല്ലാവരും പരീക്ഷിച്ചുനോക്കാറുള്ള ഡിസര്‍ട്ട് തന്നെയാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമാണ്. പാല്‍, പഞ്ചസാര, വനില കസ്റ്റാര്‍ഡ് പൗഡര്‍, ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് ഇതിന് ആവശ്യമായി വരുന്നത്.

ആദ്യമായി രണ്ട് കപ്പ് പാല്‍ തിളപ്പിക്കാൻ വയ്ക്കണം. ഇതിലേക്ക് അരക്കപ്പ് പഞ്ചസാര ചേര്‍ക്കാം. നാല് ടേബിള്‍ സ്പൂണ്‍ വെള്ളമെടുത്ത് അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കാം. ഇനിയീ മിശ്രിതം കുറെശ്ശെയായി തിളക്കുന്ന പാലിലേക്ക് ചേര്‍ത്തുകൊടുക്കാം. തുടര്‍ച്ചയായി ഇളക്കിയില്ലെങ്കില്‍ കസ്റ്റാര്‍ഡ് മിശ്രിതം പാലില്‍ കട്ടയായി കിടക്കും. അതിനാല്‍ നന്നായി ഇളക്കുക. 

മൂന്നോ നാലോ മിനുറ്റ് ഇത് തിളപ്പിച്ച ശേഷം, വാങ്ങിവയ്ക്കാം. ആറിയ ശേഷം ഫ്രിഡ്ജില്‍ വയ്ക്കാം. സര്‍വ് ചെയ്യാറാകുമ്പോള്‍ ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേര്‍ക്കാം. നേന്ത്രപ്പഴം, മാമ്പഴം, ആപ്പിള്‍, ചെറി, മുന്തിരി ( അല്‍പം), മാതളം എല്ലാം ഇതില്‍ ചേര്‍ക്കാവുന്നതാണ്. സിട്രിക് ഫ്രൂട്ട്സ് അധികമായി ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. അതിനാല്‍ പൈനാപ്പിള്‍ ഒഴിവാക്കണം. മുന്തിരി വളരെ കുറച്ച് ചേര്‍ക്കാം. 

മൂന്ന്...

മൂന്നാമതായി ഡേറ്റ്സ് ഹല്‍വ, അഥവാ ഈന്തപ്പഴം കൊണ്ടുള്ള ഹല്‍വയെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. ഇത് തയ്യാറാക്കാനായി ആദ്യം രണ്ട് കപ്പ് പാല്‍ തിളപ്പിക്കാൻ വയ്ക്കാം. തീ വളരെ കുറച്ച് മാത്രമേ വയ്ക്കാവൂ. 10-12 കുരു കളഞ്ഞ് ചെറുതായി മുറിച്ച ഈന്തപ്പഴം ഇതിലേക്ക് ചേര്‍ത്തുകൊടുക്കുക. തുടര്‍ച്ചയായി ഇളക്കുക. ഇതിലേക്ക് അരക്കപ്പോളം പൗഡേര്‍ഡ് ഷുഗര്‍ (പൊടിച്ച പഞ്ചസാര) ചേര്‍ക്കാം. നന്നായി കുറുകുന്നത് വരെ ഇളക്കല്‍ തുടരാം. മിശ്രിതം മുറുകിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. തണുക്കും മുമ്പ് തന്നെ അല്‍പം ഏലയ്ക്കാപൊടിയും നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും മുകളില്‍ ചേര്‍ക്കാം.

Also Read:- മഴക്കാല വൈകുന്നേരത്തിന് അനുയോജ്യമായ ഒരു ഈസി സ്നാക്ക് തയ്യാറാക്കാം

click me!