'ഒരു കാര്യവും നമ്മടെയാര്ടേം നിയന്ത്രണത്തിലല്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഈ എക്കണോമിക്സ് മറ്റുള്ളോര് കൂടി പഠിച്ചോട്ടെ എന്നാണ് ഞാൻ വിചാരിക്കുന്നത്. നമ്മള് വീട്ടില്‍ ഭാര്യ- മക്കള്‍- അച്ഛൻ - അമ്മ- ഇവര്‍ക്കൊക്കെ വേണ്ടി ചെലവാക്കുന്നത് ഇവര്ടെ കയ്യിന്ന് വല്ല നേട്ടവും പ്രതീക്ഷിച്ചിട്ടാണോ? ... '- മനസിന്‍റെ ഏറ്റവും അടിത്തട്ടിലേക്കാണ് കുട്ടേട്ടന്‍റെ മറുചോദ്യം വന്നിറങ്ങുക.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം എല്ലാ ദിവസവും ചര്‍ച്ചയില്‍ നിറയുന്ന കാലമാണിത്. ഇന്ധനവിലയില്‍ വന്ന കുതിച്ചുകയറ്റം എല്ലാ മേഖലകളിലും വിലക്കയറ്റത്തിന് ഇടയാക്കിയപ്പോള്‍ വലഞ്ഞത് ഏറ്റവും ചെറിയ വരുമാനത്തില്‍ ജീവിതം പുലര്‍ത്തിക്കൊണ്ടുപോയിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരാണ്.
ഇതിനിടെ പാലിന് വില കയറിയതോടെ മിക്കയിടങ്ങളിലും ചായയ്ക്കും വില കൂടി. ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും ദിവസത്തിലൊരു ചായ പുറത്തുനിന്ന് കുടിക്കാറുണ്ട്. എന്നാല്‍ ചായയ്ക്ക് വില കയറിയതോടെ ഈയൊരു സന്തോഷം പോലും വേണ്ടെന്ന് വയ്ക്കേണ്ടിവന്നവര്‍ എത്രയായിരിക്കും!
ഇവിടെയാണ് കോഴിക്കോട് തളി റോഡില്‍ നാല്‍പത് വര്‍ഷമായി ചായക്കട നടത്തിവരുന്ന കുട്ടേട്ടൻ വ്യത്യസ്തനാകുന്നത്. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ഒരു രൂപയ്ക്കാണ് കുട്ടേട്ടൻ ചായ വില്‍ക്കുന്നത്. കട്ടൻചായയാണ് ഇവിടെ കൊടുക്കുന്നത്, കൂട്ടത്തില്‍ പലതരം കടികളും.
എങ്ങനെയാണ് ഈ വിലക്കയറ്റത്തിന്‍റെ നാളുകളും ഇങ്ങനെ കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ കുട്ടേട്ടൻ പറയുന്ന ഉത്തരം ആരെയും സ്പര്‍ശിക്കുന്നതാണ്.
'ഒരു കാര്യവും നമ്മടെയാര്ടേം നിയന്ത്രണത്തിലല്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഈ എക്കണോമിക്സ് മറ്റുള്ളോര് കൂടി പഠിച്ചോട്ടെ എന്നാണ് ഞാൻ വിചാരിക്കുന്നത്. നമ്മള് വീട്ടില്‍ ഭാര്യ- മക്കള്‍- അച്ഛൻ - അമ്മ- ഇവര്‍ക്കൊക്കെ വേണ്ടി ചെലവാക്കുന്നത് ഇവര്ടെ കയ്യിന്ന് വല്ല നേട്ടവും പ്രതീക്ഷിച്ചിട്ടാണോ? ... '- മനസിന്‍റെ ഏറ്റവും അടിത്തട്ടിലേക്കാണ് കുട്ടേട്ടന്‍റെ മറുചോദ്യം വന്നിറങ്ങുക.
എന്നെങ്കിലും ചായക്ക് വില കൂട്ടുമോ എന്ന ചോദ്യത്തിന് നിസഹായതയില്‍ പൊതിഞ്ഞ മറ്റൊരുത്തരം...
'എനിക്ക് പൂര്‍വികമായ സമ്പത്തോ സ്വത്തോ ഒന്നുമില്ലാത്തയാളാണ്. ഇതുകൊണ്ട് തന്നെയാണ് കുടുംബജീവിതം നയിക്കുന്നത്. അപ്പോ എനിക്കിതില്‍ നിന്ന് കിട്ടണം. ഓരോ ദിവസം ചെല്ലുംതോറും ഇപ്പോ എന്‍റെ വരുമാനം ഇങ്ങനെ ഈ വിലക്കയറ്റത്തില്‍ പൊയ്ക്കൊണ്ടിരിക്ക്യാണ്. മുമ്പ് കച്ചവടം തുടങ്ങുന്ന കാലത്ത് രണ്ട് രൂപ കൊടുത്താ മതി മണ്ണെണ്ണയ്ക്ക്. ഇന്നിപ്പോ നൂറ്റിമുപ്പത് രൂപ കൊടുക്കണം. ഇത്രയും കാലം ചെയ്തു, ഇനിയെത്ര കാലം ചെയ്യാൻ പറ്റും... മറ്റുള്ള ബുദ്ധിമുട്ടുകളൊക്കെ അതിന്‍റെ പിന്നില്‍ ഉണ്ടാകും കെട്ടോ...'- കുട്ടേട്ടൻ പറയുന്നു.
കുട്ടേട്ടന്‍റെ സ്ഥിരക്കാര്‍ക്കും അദ്ദേഹത്തെ പറ്റി പറയുമ്പോള്‍ വാക്കുകള്‍ മതിയാകുന്നില്ല. ആരാണ് ഇന്നത്തെ കാലത്ത് ഒരു രൂപക്ക് ചായ തരികയെന്നും, ചായയും കടിയും കഴിച്ചാല്‍ പത്ത് രൂപക്ക് പകരം ഇരുപത് കൊടുത്താല്‍ പോലും കുട്ടേട്ടൻ വാങ്ങിക്കില്ലെന്നും സ്നേഹം കലര്‍ന്ന പരിഭവമായി ഇവര്‍ പറയുന്നു.
നേരത്തെ രാവിലെ മുതല്‍ രാത്രി വരെ കച്ചവടം നടത്തിയിരുന്നപ്പോള്‍ പാല്‍ച്ചായയും കൊടുത്തിരുന്നു. ഇപ്പോള്‍ പാല്‍ച്ചായ കൊടുക്കുന്നില്ല. ചുരുങ്ങിയ മണിക്കൂറുകളിലേക്ക് കച്ചവടം ചുരുക്കി. ചിലപ്പോള്‍ കയ്യില്‍ പൈസയില്ലാത്തവരും കടയില്‍ വരും അവര്‍ക്ക് ഫ്രീ ആയി കൊടുക്കും. ചിലര്‍ ചില്ലറ മാറിയിട്ട് വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ട് പോകും. അതൊന്നും തനിക്ക് അറിയാഞ്ഞിട്ടല്ല, അതിലേക്കൊന്നും ചിന്ത കൊടുക്കാറില്ലെന്ന് പറയുന്നു. മുമ്പ് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒരു കൈ നോക്കിയിരുന്നു കുട്ടേട്ടൻ. ഇപ്പഴത്തെ രാഷ്ട്രീയം ഇതുതന്നെയാണെന്ന് ചായ അടിച്ചുകൊണ്ട് വളരെ ലളിതമായി കുട്ടേട്ടൻ പറയുന്നു. എന്നാല്‍ ഓര്‍ത്താല്‍ അത്ര ലളിതമാണോ ആ പ്രസ്താവനയെന്ന് നമ്മളില്‍ ചിന്തയുണ്ടാകാം.
'രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ഇപ്പോ ഇതന്നെയാണ് രാഷ്ട്രീയം. അതിപ്പോ നമ്മള്‍ ചെയ്യുന്നതൊക്കെയും രാഷ്ട്രീയമാണ്. അതില്‍ ചിലതിന് നമ്മള്‍ പ്രത്യേകം പേര് കൊടുക്കുന്നു എന്നേയുള്ളൂ. അതിന്‍റെ പിന്നാലെ ഇറങ്ങി ജയ് ജയ് എന്ന് വിളിക്കുമ്പോ രാഷ്ട്രീയമായി. ഇത് ബിസിനസായി, ഒക്കെ രാഷ്ട്രീയം തന്നെ. പ്രയാസങ്ങള്‍ നൂറ് ശതമാനവും ഉണ്ട്. പക്ഷേ ഒരു താളത്തിന് അങ്ങനെ പോവുകയാണ്...'- ബുദ്ധിമുട്ടുകളെ കുറിച്ച് തൊട്ടും തൊടാതെയും അദ്ദേഹം പറയുന്നു.
മക്കള്‍ രണ്ടുപേരും കോളേജ് വിദ്യാര്‍ത്ഥികളാണ്. തുടര്‍ന്നും ഒരു രൂപ ചായ തന്നെ കൊടുക്കാൻ എങ്ങനെ സാധിക്കുമെന്ന, തീര്‍ത്തും സ്വാഭാവികമായ സംശയം ആവര്‍ത്തിക്കുമ്പോള്‍ കൃത്യമായ ഒരുത്തരം തരാനാകാത്ത അനിശ്ചിതത്വത്തിനകത്ത് അദ്ദേഹം പെട്ടുപോകുന്നു.
'കടം സഹിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. ഇറക്കാൻ മുതലുണ്ടെങ്കില്‍ കുഴപ്പല്ല. വേറെയും മുതലുണ്ടായിരുന്നെങ്കില്‍ ഞാൻ ഫ്രീ ആയി കൊടുത്തേനെ...'- മത്സരങ്ങളുടെ വേഗതയും ചൂടും മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന കാലത്തിന് പുറത്തുനിന്നുകൊണ്ട് ഈ മനുഷ്യൻ ഇങ്ങനെ പറയുന്നു...
Also Read:- സ്പെഷ്യല്‍ ചായ രുചിച്ച് അഭിപ്രായം പങ്കുവച്ച് നടൻ ആഷിഷ് വിദ്യാര്‍ഥി