ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി വീട്ടില്‍ തയ്യാറാക്കിയാലോ? ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബിരിയാണിക്ക്
ബിരിയാണി അരി-1 1/2 കപ്പ്
വെള്ളം-2 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ഏലയ്ക്ക-1
പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ-2
വെളിച്ചെണ്ണ-1 ടീസ്പൂൺ
കറിക്ക്
ചിക്കൻ -1/2 കിലോ (കറികട്ട്)
തൈര്- 4-5 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മുളകുപൊടി- 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ
ഗരംമസാലപ്പൊടി- 1/2 ടീസ്പൂൺ
ജീരകപ്പൊടി- 1/4 ടീസ്പൂൺ
കുരുമുളക് പൊടി- 1/2 ടീസ്പൂൺ
സവാള- 3 എണ്ണം വലുത്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂൺ
തക്കാളി- 2 എണ്ണം
മല്ലിപ്പൊടി- 1 ടീസ്പൂൺ
പുതിന- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
അണ്ടിപ്പരിപ്പ്- ആവശ്യത്തിന്
നെയ്യ്- 50 മിലി
കുങ്കുമപ്പൂവ്- ഒരു നുള്ള്
റോസ് വാട്ടർ- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം അരി കഴുകി അളവ് വെള്ളവും ഉപ്പും കിഴിയിൽ കെട്ടി ഗരംമസാലയും വെളിച്ചെണ്ണയും ചേർത്ത് ഒരു വിസിൽ വരുന്നതു വരെ പ്രഷർ കുക്ക് ചെയ്യുക. ഇനി ചിക്കൻ കഴുകി ഉപ്പ്, മഞ്ഞൾ, മുളക്, കുരുമുളക്, ജീരകം എന്നീ പൊടികൾ, തൈര് ഇവ ചേർത്തിളക്കി 15 മിനിറ്റ് വയ്ക്കുക. ശേഷം നെയ്യ് ചൂടാക്കി ഉള്ളി കനംകുറച്ച് നീളത്തിൽ അരിഞ്ഞത് ചേർത്ത് സ്വർണ്ണ നിറം ആകുമ്പോൾ വറുത്തു കോരിവയ്ക്കുക. അതേ നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. അതേ നെയ്യിൽ തന്നെ ചൂടാക്കി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തിളക്കാം. കുഴഞ്ഞ പരുവത്തിൽ മല്ലിപ്പൊടി ചേർത്ത് മൂത്ത മണം വരുന്നതുവരെ വഴറ്റുക. പുതിന മല്ലിയില പകുതി ഉള്ളി വറുത്തതും മാരിനേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക. വെന്തു പാകമാകുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യുക.
ഇനി ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് പുരട്ടി തയ്യാറാക്കിയ ചിക്കൻ കറി, പിന്നെ ചോറ്,കറി,ചോറ് എന്ന രീതിയിൽ നിരത്തി കുറച്ച് മല്ലിയിലയും കുങ്കുമപ്പൂവും വിതറി റോസ് വാട്ടർ തൂവി അടച്ച് ചൂടാക്കിയിട്ടിരിക്കുന്ന ചപ്പാത്തി/ദോശക്കല്ലിൻ്റെ മുകളിൽ വച്ച് ചെറുതീയിൽ 10മിനിറ്റ് വയ്ക്കാം. മൈക്രോവേവ് അവ്നിലാണെങ്കിൽ അവ്ൻ പ്രൂഫ് പാത്രത്തിൽ മുകളിൽ പറഞ്ഞതുപോലെ ചോറും കറികളും നിരത്തി ഫോയിൽപേപ്പർ കൊണ്ട് സീൽ ചെയ്തു മൈക്രോവേവ്+കൺവെക്ഷനിൽ 6-8 മിനിറ്റ് ബേക്ക് ചെയ്യുക. വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി അണ്ടിപ്പരിപ്പ്, വറുത്ത ഉള്ളി,മല്ലിയില,പുതിനയില, വേവിച്ച മുട്ട എന്നിവ കൊണ്ട് അലങ്കരിക്കാം സാലഡ്, പുതിന ചട്നി, അച്ചാർ, പപ്പടം, ചിക്കൻ വറുത്തത് എന്നിവയ്ക്കൊപ്പം വിളമ്പാം.
Also read: ഇഡ്ഡലി മേക്കറിൽ ഈസി മിനി വട്ടയപ്പം തയ്യാറാക്കാം; റെസിപ്പി