യുവാവ് ഇപ്പോൾ വെന്റിലേറ്ററിലാണ് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്
കോട്ടയം: ഷവർമ്മ കഴിച്ചതിനെ തുടർന്ന് കാക്കനാട് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. രാഹുൽ എന്ന യുവാവിൻ്റെ ആരോഗ്യവസ്ഥ ഗുരുതരമായതോടെയാണ് വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിലവിൽ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് ഇപ്പോൾ വെന്റിലേറ്ററിലാണ് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
മാവേലിപുരം ഉള്ള ഹോട്ടൽ ഹയാത്തിനെതിരെ ആണ് വീട്ടുകാർ പരാതി നൽകിയത്. ഇതിന് പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. കാക്കനാടുള്ള ഹോട്ടൽ പൂട്ടി സീൽ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോട്ടയം സ്വദേശിയായ 23 കാരൻ രാഹുൽ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ബുധനാഴ്ച ആണ് ഷവർമ്മ കഴിച്ചത്. അന്ന് മുതൽ ശാരീരിക ആസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇന്നലെ ആണ് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മാവേലിപുരം ഉള്ള ഹോട്ടൽ ഹയാത്തിൽ നിന്ന് ഓൺലൈൻ ഓർഡർ ചെയ്താണ് ഷവർമ്മ വരുത്തിച്ച് കഴിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി എന്നതാണ്. ഭക്ഷണ ജന്യ - ജല ജന്യ രോഗങ്ങള്‍ തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ വിവിധ ഇനങ്ങളിലായി 53,200 രൂപ പിഴയീടാക്കുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്.