മഞ്ഞുകാലത്ത് കിടിലൻ സൂപ്പ്, വെറും ക്യാരറ്റും ബീറ്റ്റൂട്ടും തക്കാളിയും മതി...

By Web Team  |  First Published Dec 19, 2022, 8:48 PM IST

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരു സൂപ്പിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് തന്നെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നൊരു സൂപ്പാണിത്. ആകെ വേണ്ടത് ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി എന്നീ പച്ചക്കറികള്‍ മാത്രം. 


മഞ്ഞുകാലത്ത് പലവിധത്തിലുള്ള അണുബാധകളും കൂടാറുണ്ട്. ജലദോഷം, ചുമ, പനി, വൈറല്‍ അണുബാധകളെല്ലാം ഇത്തരത്തില്‍ മഞ്ഞുകാലത്ത് കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ സീസണില്‍ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിവരാം.

പ്രതിരോധശേഷി കൂട്ടാനോ ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റ് തന്നെയാണ്. മഞ്ഞുകാലത്ത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും, സൂപ്പുകള്‍ ഒരു പ്രധാന വിഭവമായി വരാറുണ്ട്. മറ്റൊന്നുമല്ല സൂപ്പുകള്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നതിനാലാണിത്. 

Latest Videos

ഇതേ രീതിയില്‍ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരു സൂപ്പിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് തന്നെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നൊരു സൂപ്പാണിത്. ആകെ വേണ്ടത് ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി എന്നീ പച്ചക്കറികള്‍ മാത്രം. 

ഈ മൂന്ന് പച്ചക്കറികളും കലോറിയുടെ അളവില്‍ ഏറെ പിന്നിലാണ്. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമം നടത്തുന്നവര്‍ക്കും ഏറ്റവും ഉചിതമായ വിഭവമെന്ന് നിസംശയം പറയാം. ഇതിന് പുറമെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന വൈറ്റമിനുകളാലും കരോട്ടിനുകളാലും സമ്പന്നമാണിവ. മഞ്ഞുകാലത്ത് ഏറ്റവുമധികം പേര്‍ നേരിടുന്ന ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ക്യാരറ്റും ബീറ്റ്റൂട്ടും തക്കാളിയുമെല്ലാം സഹായകമാണ്. കാരണം ഇവയില്‍ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. 

ഇനി എങ്ങനെയാണ് ക്യാരറ്റ്-ബീറ്റ്റൂട്ട്- തക്കാളി സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം.

രണ്ട് ക്യാരറ്റ്, ഒരു ബീറ്റ്റൂട്ട്, നാല് തക്കാളി എന്നിവയെടുക്കാം. നന്നായി കഴുകിയ ശേഷം ഇവ ചെറുതായി മുറിക്കാം. ഇനിയൊരു പ്രഷര്‍ കുക്കറില്‍ അല്‍പം എണ്ണ ചൂടാക്കി (ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതാണ് ഉചിതം) ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയിട്ട് ശേഷം മുറിച്ചുവച്ചിരിക്കുന്ന പച്ചക്കറികളും കൂടിയിട്ട് വഴറ്റുക. 

ഇതിലേക്ക് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് രണ്ടോ മൂന്നോ ഗ്ലാസ് വെള്ളവും ചേര്‍ക്കുക. ഇനി കുക്കര്‍ അടച്ചുവച്ച് ഇവ ഒന്ന് വേവിച്ചെടുക്കാം. വേവിച്ച ശേഷം ചൂടാറാൻ വിട്ടുകൊടുക്കണം. ഇത് കഴിഞ്ഞ് എല്ലാം നന്നായി അരച്ചെടുക്കാം. അവസാനം മല്ലിയിലയും ചേര്‍ത്ത് സെര്‍വ് ചെയ്യാം. വളരെ 'ഹെല്‍ത്തി' ആയിട്ടുള്ളൊരു സൂപ്പാണിത്. തീര്‍ച്ചയായും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിച്ചുനോക്കാവുന്നൊരു വിഭവം. 

Also Read:- മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിക്കുന്നുവോ?

click me!