പാം ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, ആർജിമോൺ ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്ന മായങ്ങളിൽ ഒന്ന്. പാം കർനൽ ഓയിൽ വെളിച്ചെണ്ണ എന്ന പേരിൽ വിൽക്കുന്നവരും ഉണ്ട്.
വെളിച്ചെണ്ണ ഇല്ലാത്തൊരു അടുക്കളയെക്കുറിച്ച് മലയാളിക്കു ചിന്തിക്കാൻ തന്നെ വയ്യ. എല്ലാ കറിയിലും ഒരു തുള്ളിയെങ്കിലും വെളിച്ചെണ്ണയൊഴിക്കാതെ രുചി വരില്ല മലയാളിക്ക്. ഈ അത്യാവശ്യം തന്നെയാണ് മായം ചേർക്കലുകാരുടെ ചാകരയും. ആവശ്യത്തിനനുസരിച്ചുള്ള ലഭ്യതക്കുറവും തേങ്ങയുടെ വിലയും ഒക്കെ മായത്തെ കച്ചവടക്കാരുടെ ഇഷ്ടതോഴനാക്കുന്നു. മായം ചേർത്ത് വിലക്കുറവിൽ വിപണിയിലെത്തുന്ന വെളിച്ചണ്ണകളോട് മായത്തിനല്ലാതെ മറ്റൊന്നിനും മത്സരിക്കാനാകില്ലെന്നൊരു സ്ഥിതി പോലും ഉണ്ടായിവന്നിട്ടുണ്ട്. കുറച്ചൊക്കെ മായം ചേർത്തില്ലെങ്കിൽ മാർക്കറ്റിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് തുറന്നുപറയാനും പല കച്ചവടക്കാർക്കും മടിയില്ല. അടുക്കളയിലെ ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും കൂടുതൽ മായത്തിനു സാധ്യതയുള്ള വസ്തുവാണെങ്കിലും മായം കണ്ടെത്താനും വലിയ പ്രയാസമില്ലെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു.
വെളിച്ചെണ്ണയിലെന്തുണ്ട്?
undefined
ഒരുകാലത്ത് ആരോഗ്യകാര്യത്തിൽ ഒരിത്തിരി പഴി കേട്ട ഉത്പന്നമാണ് വെളിച്ചെണ്ണ. എന്നാൽ ആ പ്രചരണങ്ങൾ തെറ്റായിരുന്നുവെന്നും ആരോഗ്യദായകവും ഔഷധഗുണങ്ങൾ ഉള്ളതുമാണ് വെളിച്ചെണ്ണയെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 92 ശതമാനവും സാചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നത്.
ശരീരത്തിലെ നല്ല കൊളൊസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഫംഗൽ ബാധകളെ ചെറുക്കാനും മാനസിക സമ്മർദ്ദം കുറക്കാനും ചർമ്മത്തിനും മുടിക്കും തിളക്കവും ആരോഗ്യവും നൽകാനും പൊണ്ണത്തടി കുറക്കാനും വെളിച്ചെണ്ണ സഹായിക്കും. ആസ്ത്മ, കരൾ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാനും വെളിച്ചെണ്ണ ഗുണപ്രദമാണ്.
ഭക്ഷ്യ ഉപയോഗത്തിനു പുറമെ ആയുർവേദത്തിലും മറ്റുമായി നിരവധി ഔഷധ ഉപയോഗങ്ങളും വെളിച്ചെണ്ണയ്ക്കുണ്ട്. ഈ ഗുണമേന്മകൾ തിരിച്ചറിഞ്ഞ് ലോകമെമ്പാടും ആവശ്യക്കാരേറുകയാണ് ഇപ്പോൾ വെളിച്ചെണ്ണക്ക്. തേങ്ങ ഉണക്കി കൊപ്രയാക്കി ആട്ടിയാണ് സാധാരണ വെളിച്ചെണ്ണ ഉണ്ടാക്കുന്നതെങ്കിൽ പച്ചതേങ്ങയുടെ പാലിൽ നിന്ന് സ്വാഭാവികമാർഗ്ഗത്തിലൂടെ ഉണ്ടാക്കുന്ന വെർജിൻ വെളിച്ചെണ്ണയും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
സർവ്വത്ര മായം
മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതും ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ബ്രാൻ്റുകൾ നിരോധിക്കുന്നതും ഇപ്പോൾ മാധ്യമങ്ങളിലെ സ്ഥിരം വാർത്തകളിലൊന്നായി മാറിക്കഴിഞ്ഞു. ഒരു ബ്രാൻ്റ് നിരോധിച്ചാൽ അതേ പ്രൊഡക്ട് വേറെ പേരിലും പാക്കിങ്ങിലും വൈകാതെ തന്നെ കടകളിലെത്തുന്ന കാഴ്ചയും ധാരാളം. അതുകൊണ്ട് വെളിച്ചെണ്ണ വാങ്ങുമ്പോൾ 100 % ഉറപ്പില്ലാത്ത പരീക്ഷണങ്ങൾക്കു മുതിരാതിരിക്കുകയാണ് ആരോഗ്യത്തിനു നല്ലത്.
പാം ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, ആർജിമോൺ (പൊന്നുമ്മം/mexican poppy) ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്ന മായങ്ങളിൽ ഒന്ന്. പാം കർനൽ ഓയിൽ വെളിച്ചെണ്ണ എന്ന പേരിൽ വിൽക്കുന്നവരും ഉണ്ട്. മറ്റൊരു തെറ്റിദ്ധാരണയാണ് റിഫൈൻഡ് വെളിച്ചെണ്ണ എന്നാൽ ശുദ്ധമാണെന്നത്. എന്നാൽ എണ്ണയുടെ ശുദ്ധീകരണ പ്രക്രിയകളായ ന്യൂട്രലൈസിങ്, ബ്ലീച്ചിങ്, ഡയോഡറൈസിങ് എന്നീ ഘട്ടങ്ങളെ ഒരുമിച്ച് പറയുന്ന ശാസ്ത്രീയ നാമം മാത്രമാണ് റിഫൈനിംഗ് എന്നത്. ഇതിന് വെളിച്ചെണ്ണയുടെ ഗുണമേന്മയുമായി ബന്ധമൊന്നും ഇല്ല.
ആരോഗ്യത്തിന് ഏറ്റവും അപകടമാകുന്നത് പെട്രോളിയം സംസ്കരണത്തിലെ ഉപോത്പന്നങ്ങൾ ചേർക്കുന്നതാണ്. പാരഫിൻ അടുത്തകാലം വരെ വ്യാപകമായി വെളിച്ചെണ്ണയിൽ ചേർത്ത് ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായതിനാൽ വൻ ബ്രാൻ്റുകൾ വെളിച്ചെണ്ണയിൽ പാരഫിൻ ചേർക്കൽ നിർത്തിയെങ്കിലും പല ചെറിയ ബ്രാൻ്റുകളും ഇതു തുടരുന്നുണ്ട്.
വെളിച്ചെണ്ണയുടെ അളവു കൂട്ടാനും ആട്ടുമ്പോൾ പരമാവധി വെളിച്ചെണ്ണ ഊറ്റിയെടുക്കാനും ഉപയോഗിക്കുന്ന കെമിക്കലുകളാണ് മറ്റൊരപകടം. കൊപ്രയിൽ നിന്ന് പരമാവധി വെളിച്ചെണ്ണ ഊറ്റിയെടുക്കാൻ സഹായിക്കുന്ന കെമിക്കലാണ് ഹെക്സൈൻ. ഈ രാസവസ്തു മനുഷ്യശരീരത്തിന് ഹാനികരമാണ്.
പൂത്ത കൊപ്രയിൽ നിന്നും മറ്റും വേർതിരിച്ചെടുക്കുന്ന വെളിച്ചെണ്ണ ദുർഗന്ധമുള്ളതും എളുപ്പം കേടാവുന്നതുമാണ്. ലാഭം നോക്കി ഇത്തരം വെളിച്ചെണ്ണകളെ രാസവസ്തുക്കൾ ഉപയോഗിച്ച് ഉപയോഗപ്രദമാക്കി കടകളിൽ എത്തിക്കുന്നുണ്ട്. കേടായ വെളിച്ചെണ്ണ മാത്രമല്ല തുച്ഛമായ വിലക്ക് ലഭ്യമാകുന്ന ഉപയോഗിച്ചതും പഴകിയതും കേടായതുമൊക്കെയായ പെട്രോളിയം ഉൽപ്പന്നങ്ങളടക്കമുള്ള പല എണ്ണകളും വെളിച്ചെണ്ണ പാക്കറ്റുകളിൽ നമുക്കു മുന്നിലെത്തുന്നുണ്ട്.
ഛർദ്ദി തൊട്ട് ക്യാൻസർ വരെ
വയറിളക്കവും ഛർദ്ദിയും തുടങ്ങി ഗുരുതര രോഗങ്ങൾ വരെ വരാവുന്ന മായമാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നതെന്ന് നമ്മൾ കണ്ടു. പെട്രോളിയം ഉപോത്പന്നങ്ങൾ വെളിച്ചെണ്ണയെന്ന പേരിൽ ലഭിക്കുന്നതും കെമിക്കൽ ട്രീറ്റ്മെൻ്റുകളുമാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം. ക്യാൻസറും പക്ഷാഘാതവും പോലുള്ള മാരകരോഗങ്ങൾക്ക് ഇത് കാരണമാകാം. പൂപ്പൽ കലർന്ന വെളിച്ചെണ്ണ ശരീരത്തിലെ വിറ്റാമിനുകൾ കുറയ്ക്കുകയും ആരോഗ്യം നഷ്ടപ്പെടുത്തുകയും രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യും. ആർജിമോൺ ഓയിലിൻ്റെ ഉപയോഗം കാഴ്ച നഷ്ടപ്പെടുത്തുന്നതും ഹൃദയാഘാതത്തിനു കാരണമാകുന്നതുമാണ്. വൃക്ക, കരൾ സംബന്ധമായ അസുഖങ്ങൾക്കും ഈ മായം ചേർക്കലുകൾ കാരണമാകുന്നതായി പഠനങ്ങൾ ഉണ്ട്.
മായം എങ്ങനെ കണ്ടെത്താം?
വെളിച്ചെണ്ണയിലെ മായം കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം നിറമില്ലാത്ത ഒരു ചില്ലു ഗ്ളാസിൽ കുറച്ചു വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) വെക്കുകയെന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണ അപ്പോഴേക്കും കട്ടയായിട്ടുണ്ടാകും, അതിന് നിറവും ഉണ്ടാകില്ല. എന്നാൽ മറ്റെന്തെങ്കിലും എണ്ണകൾ വെളിച്ചെണ്ണയിൽ കലർന്നിട്ടുണ്ടെങ്കിൽ അവ വേറിട്ടു നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും. പൊതുവേ നിറമില്ലാത്ത വെളിച്ചെണ്ണയിൽ നേരിയ ചുവപ്പു നിറം കാണുന്നുവെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് സംശയിക്കാം. ഏതാനും തുള്ളി വെളിച്ചെണ്ണയിലേക്ക് അല്പം മഞ്ഞ വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ അത് പല കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്. എന്നാൽ കൂടുതൽ സാങ്കേതികമായ കെമിക്കൽ ട്രീറ്റുമെൻ്റുകളും രാസമാലിന്യങ്ങളും തിരിച്ചറിയണമെങ്കിൽ വിശദമായ ലാബ് പരിശോധനകൾ അനിവാര്യമാണ്.