വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ഫൗസിയ യൂസഫ് എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണത്തെ ഓണത്തിന് കിടിലന്‍ ഒരു കൂട്ടു പായസം തയ്യാറാക്കിയാലോ? ഗോതമ്പു നുറുക്കും ചെറുപയർ പരിപ്പും ചൗവ്വരിയും അടയുമൊക്കെ ചേര്‍ത്ത കിടിലന്‍ ഒരു കൂട്ടു പായസം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
വേണ്ട ചേരുവകൾ
undefined
ഗോതമ്പു നുറുക്കു- 250 ഗ്രാം
ചെറുപയർ പരിപ്പ്- 250 ഗ്രാം
അട- 150 ഗ്രാം
ചൗവ്വരി- 1 കപ്പ്
രണ്ട് തേങ്ങയുടെ പാൽ
ശർക്കര- 750 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലയ്ക്കാ പൊടി- ആവശ്യത്തിന്
ചുക്ക് പൊടി- ആവശ്യത്തിന്
അണ്ടിപരിപ്പ്- ആവശ്യത്തിന്
തേങ്ങാ കൊത്തു- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി തേങ്ങയിൽ നിന്ന് ഒന്നാം പാലും രണ്ടാം പാലും എടുത്തു വെക്കുക. ഇനി നുറുക്കു ഗോതമ്പു രണ്ടാം പാലിൽ വേവിച്ചെടുക്കുക. അടുത്തതായി ചെറുപയർ പരിപ്പ് നന്നായി വറുത്തതിന് ശേഷം അതും രണ്ടാം പാലിൽ വേവിച്ചെടുക്കുക. ഇനി അട തിളപ്പിച്ച വെള്ളത്തിൽ അരമണിക്കൂർ ഇട്ടു വെക്കുക. ശേഷം അതു വെള്ളത്തിൽ നിന്നും എടുത്തു വെക്കുക. അടുത്തതായി ചൗവ്വരി തിളച്ച വെള്ളത്തിൽ ഇട്ടു വേവിച്ചെടുക്കുക. ശേഷം അണ്ടിപരിപ്പും തേങ്ങാ കൊത്തും നെയ്യിൽ വറുത്തു വെക്കുക. ഇനി ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം ഉരുക്കി വെച്ച ശർക്കര പാനി അരിച്ചു ഒഴിക്കുക. അവ തിളച്ചു വന്നതിനു ശേഷം വേവിച്ചു വെച്ച ഗോതമ്പു നുറുക്കു ശർക്കര പാനിയിൽ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇനി ഈ കൂട്ടിലേക്ക് ചെറുപയർ പരിപ്പ് ഇട്ടു 5 മിനിറ്റ് മിക്സ് ചെയ്യുക. അതിനു ശേഷം അട കൂടി ചേര്‍ത്ത് നന്നായി വരട്ടുക. പാനി കുറിക്കിയതിനു ശേഷം രണ്ടാം പാൽ ഒഴിച്ച് കുറുകി വരുന്നത് വരെ ഇളക്കി കൊടുക്കുക. പിന്നാലെ ചൗവ്വരി ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് ഒന്നാം പാൽ ചൂടാക്കി തിള വരുന്നതിനു മുമ്പേ അടുപ്പിൽനിന്ന് എടുത്തു വെക്കുക. ശേഷം അണ്ടിപരിപ്പ്, തേങ്ങാ കൊത്തു, ഏലയ്ക്കാ പൊടി, ചുക്ക് പൊടി, നെയ്യ് എന്നിവ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതോടെ ടേസ്റ്റി കൂട്ടു പായസം റെഡി.
Also read: ഓണത്തിന് സ്പെഷ്യല്‍ തെരളി പ്രഥമൻ തയ്യാറാക്കാം; റെസിപ്പി