വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിന് 2,500ലധികം വിഭവങ്ങള്‍; അമ്പരപ്പിക്കും ആനന്ദ് അംബാനി വിവാഹം

By Web Team  |  First Published Feb 28, 2024, 8:54 AM IST

മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല.


അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആനന്ദ് അംബാനിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നതാണ്. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ വിവാഹം, അതിന്‍റെ ആഡംബരങ്ങളൊക്കെയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പറയാം. ഓരോ ദിവസവും വിവാഹത്തെ കുറിച്ചുള്ള വ്യത്യസ്തമായതും, രസകരമായതുമായ റിപ്പോര്‍ട്ടുകളാണ് വരുന്നത്.

വിവാഹത്തിന് മുമ്പായി 'പ്രീ-വെഡിംഗ്' ആഘോഷങ്ങള്‍ നടത്തുന്നത് ഇന്ന് ട്രെൻഡാണ്. പ്രത്യേകിച്ച് സമ്പന്ന കുടുംബങ്ങളില്‍. പാട്ടും, നൃത്തവും, സദ്യയും, വിവിധ പരിപാടികളുമെല്ലാമായി വിവാഹത്തോളം തന്നെ കെങ്കേമമായിരിക്കും മിക്കപ്പോഴും പ്രീ-വെഡിംഗ് ആഘോഷങ്ങളും.

Latest Videos

undefined

പല സമുദായക്കാരിലും വിവാഹത്തിന് മുമ്പ് നടത്തുന്ന ചില ആചാരങ്ങളുടെ ഭാഗമായും പ്രീ-വെഡിംഗ് ആഘോഷങ്ങള്‍ നടക്കാറുണ്ട്. ആനന്ദ് അംബാനി- രാധിക മര്‍ച്ചന്‍റ് വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന പ്രീ വെഡിംഗ് ആഘോഷത്തിലെ ഭക്ഷണവിശേഷങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന പരിപാടിയില്‍ ഗംഭീരമായ സദ്യയാണ് ഒരുക്കുന്നതത്രേ. ക്ഷണിക്കപ്പെട്ട അതിഥികളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുക. ഇവര്‍ക്കെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുള്ള ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് നേരത്തെ 'ഹോസ്പിറ്റാലിറ്റി ടീമി'നെ അറിയിക്കാമത്രേ. ഇതിന് അനുസരിച്ച് ഇവര്‍ തയ്യാറായിരിക്കും. 

അതിഥികളുടെ ഡയറ്റും കാര്യങ്ങളുമെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പും ഇവര്‍ കരുതുന്നുണ്ട്. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുങ്ങുന്നത്. ഇവര്‍ ജാംനഗറിലേക്ക് നേരത്തെ തന്നെ വിമാനമാര്‍ഗം എത്തുമത്രേ.

ഇൻഡോറി ഫുഡിന് അല്‍പം പ്രാധാന്യം കൂടുതല്‍ നല്‍കുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ പാര്‍സി, തായ്, മെക്സിക്കൻ, ജാപ്പനീസ് എന്നിങ്ങനെ വൈവിധ്യങ്ങള്‍ വേറെയും. ഏഷ്യൻ വിഭവങ്ങളെല്ലാം നേരത്തേ തന്നെ മെനുവിലുണ്ട്. 

മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. എല്ലാം പുതിയ വിഭവങ്ങളായിരിക്കും. അതായത് 2,500 വിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ ഓരോന്നും പുതിയതും പ്രത്യേകവും ആയിരിക്കുമെന്ന്. 

ബ്രേക്ക്ഫാസ്റ്റ് തന്നെ എഴുപതോളം ഓപ്ഷനുണ്ടായിരിക്കുമത്രേ. ലഞ്ചിന് 250ലധികം ഓപ്ഷനുകള്‍. അത്രയും തന്നെ ഡ‍ിന്നറിനും. അതിഥികളുടെ താല്‍പര്യമനുസരിച്ച് വീഗൻ വിഭവങ്ങളും ധാരാളമായി കാണും. 'മിഡ്നൈറ്റ് സ്നാക്സ്' വരെ ഇവിടെ ഇവര്‍ അതിഥികള്‍ക്കായി തയ്യാറാക്കുന്നുണ്ട് എന്നതാണ്. 

മൂന്ന് ദിവസം കൊണ്ട് ആകെ അഞ്ചോളം പരിപാടികളാണത്രേ പ്രീ-വെഡിംഗ് ആഘോഷത്തില്‍ നടത്തുക. ആയിരം അതിഥികളാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ബില്‍ ഗേറ്റ്സ് അടക്കമുള്ള പ്രമുഖര്‍ ഈ ലിസ്റ്റിലുള്‍പ്പെടുന്നു. പോയ വര്‍ഷം ആദ്യമാണ് ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയം നടന്നത്. വിവാഹപൂര്‍വ പരിപാടികള്‍ ഇങ്ങനെയാണെങ്കില്‍ വിവാഹം എന്തായിരിക്കും എന്ന കൗതുകമാണ് ഏവര്‍ക്കും ഇപ്പോഴുള്ളത്. 

Also Read:- കടന്നുപോയ മോശം അവസ്ഥയെ കുറിച്ച് അമിതാഭ് ബച്ചന്‍റെ ചെറുമകനും നടനുമായ അഗസ്ത്യ നന്ദ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!