സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോള്‍ ശരീരത്തില്‍ കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. മാനസിക സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ ചില ധാതുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോള്‍ ശരീരത്തില്‍ കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. മാനസിക സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ ചില ധാതുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ സമ്മര്‍ദ്ദത്തെ നേരിടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കോർട്ടിസോളിന്‍റെ അളവിനെ നിയന്ത്രിക്കാനും മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. ഇതിനായി ചീര പോലെയുള്ള ഇലക്കറികള്‍, ബദാം, വാള്‍നട്സ്, പിസ്ത, അവക്കാഡോ, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. സിങ്ക്
ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാനും നല്ല മൂഡ് ഉണ്ടാകാനും സഹായിക്കും. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പാൽ, ചീസ്, തൈര്, പയറുവര്‍ഗങ്ങള്‍, ബദാം, കശുവണ്ടി, വാള്‍നട്സ്, മത്തങ്ങ കുരു, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ സിങ്ക് അടങ്ങിയിട്ടുണ്ട്.
3. പൊട്ടാസ്യം
മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പൊട്ടാസ്യം സഹായിക്കും. വാഴപ്പഴം, മധുരക്കിഴങ്ങ്, ചീര, അവക്കാഡോ, സാല്‍മണ്‍ ഫിഷ്, ഓറഞ്ച് തുടങ്ങിയവയിലൊക്കെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
4. സെലീനിയം
സെലീനിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി സൂര്യകാന്തി വിത്തുകൾ, ബ്രസീൽ നട്സ്, മുട്ട, മഷ്റൂം, മത്സ്യം, ചിക്കന്‍, ചീര, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍