പതിവായി പെപ്സി അമിതമായി കഴിച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് സംഭവിച്ച അപകടമാണ് പങ്കുവയ്ക്കുന്നത്. യുകെയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ആന്‍ഡി കറീ എന്നയാളാണ് പെപ്സി അഡിക്ഷൻ മൂലം വിചിത്രമായ അവസ്ഥയിലെത്തിച്ചേര്‍ന്നത്.
ശീതളപാനീയങ്ങള്‍ അത് വിപണിയില്‍ നിന്ന് വാങ്ങുന്നതാണെങ്കില്‍ തീര്‍ച്ചയായും കഴിക്കുന്നതിന്‍റെ അളവ് നിജപ്പെടുത്തിയിരിക്കണം. മിക്ക പാനീയങ്ങളും കൃത്രിമമധുരം ( Artificial Sweeteners ) ചേര്‍ത്ത് തയ്യാറാക്കുന്നതിനാല്‍ തന്നെ ഇവയിലടങ്ങിയിരിക്കുന്ന ഷുഗര്‍ ആണ് ആരോഗ്യത്തിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്.
അത്തരത്തില്‍ പതിവായി പെപ്സി ( Drinking Pepsi ) അമിതമായി കഴിച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് സംഭവിച്ച അപകടമാണ് പങ്കുവയ്ക്കുന്നത്. യുകെയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ ആന്‍ഡി കറീ എന്നയാളാണ് പെപ്സി അഡിക്ഷൻ മൂലം വിചിത്രമായ അവസ്ഥയിലെത്തിച്ചേര്‍ന്നത്.
20 വര്‍ഷമായി ദിവസവും ശരാശരി മുപ്പത് കാൻ പെപ്സിയോളം ആന്‍ഡി കറീ കഴിക്കുന്നുണ്ടത്രേ. രാവിലെ ഉണരുന്നത് മുതല്‍ തുടങ്ങും പെപ്സ് കുടി. ഫ്രിഡ്ജ് തുറന്ന് ഒരു ഗ്ലാസ് നിറയെ പെപ്സിയെടുത്ത് അത് കുടിച്ച ശേഷമാണ് മറ്റ് കാര്യങ്ങളിലേക്ക് കടക്കുക. അതിന് ശേഷം ദിവസത്തില്‍ പലപ്പോഴായി ലിറ്ററ് കണക്കിന് പെപ്സി കഴിക്കും.
നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ രാത്രിയും കുടിക്കും. എന്ത് ചെയ്യുന്നതിനും ഒരു ഊര്‍ജ്ജം ലഭിക്കണമെങ്കില്‍ തനിക്ക് പെപ്സി കഴിക്കണമെന്ന അവസ്ഥയായിരുന്നുവെന്ന് ആന്‍ഡി ഓര്‍ത്ത് പറയുന്നു. ഒടുവില്‍ ശരീരഭാരം അനിയന്ത്രിതമായി കൂടുകയും പെപ്സിയില്‍ നിന്ന് ശരീരത്തിലെത്തുന്ന ഷുഗറിലൂടെ ( Artificial Sweeteners ) പ്രമേഹം ജിവന് തന്നെ ഭീഷണിയായി വരാമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തതോടെ ഈ അഡിക്ഷനില്‍ നിന്ന് മോചിതനാകണമെന്ന് ആന്ഡി തീരുമാനിച്ചു.
എന്നാല്‍ തന്നെ പിന്തിരിപ്പിക്കുന്ന യഥാര്‍ത്ഥ വില്ലന്‍ പെപ്സിയോടുള്ള അഡിക്ഷൻ തന്നെയാണെന്ന് വൈകാതെ ആന്‍ഡി മനസിലാക്കി. അങ്ങനെ അദ്ദേഹം ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിച്ചു. 'അവോയിഡന്‍റ് റെസ്ട്രിക്ടീവ് ഫുഡ് ഇന്‍ടേക്ക് ഡിസോര്‍ഡര്‍' (എആര്‍എഫ്ഐഡി) എന്ന അവസ്ഥയാണ് ആന്‍ഡിക്ക് എന്ന് മനശാസ്ത്ര വിദഗ്ധനായ ഡേവിഡ് കില്‍മറി ആണ് കണ്ടെത്തുന്നത്.
രോഗിയുടെ സഹകരണമുണ്ടെങ്കില്‍ ഈ അവസ്ഥ എളുപ്പത്തില്‍ തന്നെ മറികടക്കാൻ സാധിക്കും. എന്തായാലും ആന്‍ഡി ഇതുമായി പൂര്‍ണമായി സഹകരിച്ചതുകൊണ്ട് തന്നെ എളുപ്പത്തില്‍ അഡിക്ഷനില്‍ നിന്ന് മോചിതനാകാൻ സാധിക്കും. ഡോക്ടറുമൊത്തുള്ള പല സെഷനുകളിലൂടെയാണ് ഇത് നേടിയെടുക്കാൻ ആൻഡിക്ക് സാധിച്ചത്.
ഇപ്പോള്‍ ഒരു മാസത്തോളമായി താൻ പെപ്സി തൊട്ടിട്ട് എന്നാണ് ആന്‍ഡി പറയുന്നത്. ഇദ്ദേഹത്തിന്‍റെ അനുഭവകഥ പല വിദേശ മാധ്യമങ്ങളിലും ഇതിനോടകം തന്നെ വന്നുകഴിഞ്ഞിട്ടുണ്ട്. ശീതളപാനീയങ്ങള്‍ക്കെതിരെയല്ല ഇദ്ദേഹത്തിന്‍റെ അനുഭവകഥ വിരല്‍ചൂണ്ടുന്നത്. പെപ്സിക്കെതിരെയുമല്ല ഇത്തരം വാര്‍ത്തകള്‍. എന്നാല്‍ സ്വന്തം ആരോഗ്യം കണക്കിലെടുത്ത് എല്ലാവരും പുലര്‍ത്തേണ്ട ജാഗ്രതയെ ആണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്.
ഓരോ വര്‍ഷവും പെപ്സി വാങ്ങിക്കുന്നതിനായി താന്‍ ചെലവിട്ട പണമുണ്ടായിരുന്നുവെങ്കില്‍ വര്‍ഷാവര്‍ഷം ഓരോ കാറ് വീതം വാങ്ങാന്‍ സാധിക്കുമായിരുന്നു എന്നാണ് അഡിക്ഷനില്‍ നിന്ന് മുക്തനായ ശേഷം ആന്‍ഡി പറയുന്നത്. ഇപ്പോള്‍ ശരീരഭാരം കുറയുകയും അതുവഴി വലിയ ആശ്വാസം ലഭിക്കുകയും ചെയ്തതായും ആന്‍ഡി പറയുന്നു. തന്‍റെ പുതിയ ജീവിതത്തില്‍ ഭാര്യയും സന്തോഷവതിയാണെന്ന് ഇദ്ദേഹം പറയുന്നു.
Also Read:- അമിതമായി തണുപ്പുള്ളതും ചൂടുള്ളതും കഴിക്കും മുമ്പേ ശ്രദ്ധിക്കുക...