പരീക്ഷണ ഉൽപാദനം വിജയം, 'ആ പൈതൃകം വീണ്ടെടുക്കണം', ആരോഗ്യ ഗുണങ്ങളുള്ള ആലങ്ങാടൻ ശര്‍ക്കരയ്ക്ക് നിര്‍മാണ യൂണിറ്റ്

By Web Team  |  First Published Feb 21, 2024, 10:03 PM IST

പെരിയാർ നദീതടത്തിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും ആലങ്ങാടൻ ശർക്കരയുടെ പൈതൃകം വീണ്ടെടുക്കുന്നതിനുമായി ആലങ്ങാട് ശർക്കര ഉൽപ്പാദന യൂണിറ്റ് വരുന്നു


കൊച്ചി: പെരിയാർ നദീതടത്തിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും ആലങ്ങാടൻ ശർക്കരയുടെ പൈതൃകം വീണ്ടെടുക്കുന്നതിനുമായി ആലങ്ങാട് ശർക്കര ഉൽപ്പാദന യൂണിറ്റ് വരുന്നു. കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) സാങ്കേതിക പിന്തുണയിലാണ് പദ്ധതി. ശർക്കര നിർമ്മാണ യൂണിറ്റിൽ നടത്തിയ പരീക്ഷണ ഉൽപാദനം വിജയകരമായി.

പ്രദേശത്ത് കെവികെ ആരംഭിച്ച പ്രദർശനാടിസ്ഥാനത്തിലുള്ള കരിമ്പ് കൃഷിയുടെ തുടർച്ചയായാണിത്.  ബെംഗളൂരുവിലെ അഗ്രികൾച്ചറൽ ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ATARI) ധനസഹായത്തോടെ വാങ്ങിയ ഉപകരണങ്ങളുപയോഗിച്ച് ആലങ്ങാട് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കെട്ടിടത്തിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ  സഹകരണത്തോടെയാണ് ഈ സംരംഭം.

Latest Videos

undefined

കോയമ്പത്തൂരിലെ ഐസിഎആർ-ഷുഗർകെയ്ൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഉയർന്ന വിളവ് നൽകുന്നതും രോഗ പ്രതിരോധശേഷിയുള്ളതുമായ CO 86032 എന്ന കരിമ്പ് ഇനമാണ് കെവികെ കൃഷിയിറക്കിയത്. ഈ പ്രദർശനത്തിൻ്റെ പ്രാഥമിക ലക്ഷ്യം രാസമാലിന്യങ്ങൾ കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ ശർക്കര ഉൽപ്പാദിപ്പിക്കുകയാണ്.  ഭാവിയിൽ ജിഐ ടാഗ് ലഭിക്കുന്ന വിധത്തിൽ ആലങ്ങാടൻ ശർക്കര ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കലും ലക്ഷ്യമാണ്. നിലവിൽ 11ലേറെ കർഷർ കെവികെയുമായി സഹകരിച്ച് ഇവിടെ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്.

ശർക്കര യൂണിറ്റിന് സാങ്കേതിക പിന്തുണ നൽകുന്നത് ലഖ്‌നൗവിലെ ഐസിഎആർ-കേന്ദ്ര കരിമ്പ് ഗവേഷണ സ്ഥാപനമാണ്. പ്രദേശവാസികളെ കരിമ്പ് കൃഷിയിലേക്ക് ആകർഷിച്ച് ആലങ്ങാടിന്റെ ശർക്കര ഉൽപാദന പൈതൃകം പുനസ്ഥാപിക്കുകയാണ് കെവികെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ,  പാനീയം, ദ്രവരൂപത്തിലുള്ള ശർക്കര, ബാഷ്പീകരിച്ച ശർക്കര തുടങ്ങി കരിമ്പിൽ നിന്നുള്ള മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പരമ്പരാഗതവും തദ്ദേശീയവുമായ അറിവുകൾ സംയോജിപ്പിച്ച് നൂതനാശയങ്ങൾ ഈ മേഖലയിൽ അവതരിപ്പിക്കാമെന്നാണ് കെവികെ കരുതുന്നത്.  ഈ സംരംഭം കർഷക സമൂഹത്തിൻ്റെ സുസ്ഥിര വികസനത്തിനും ക്ഷേമത്തിനും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കരിമ്പിന് കേരളത്തിൽ, പ്രത്യേകിച്ച് പെരിയാർ നദീതടത്തിൽ ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ പ്രാധാന്യമുണ്ട്.  ധാതു സമ്പുഷ്ടവും ആൻ്റിഓക്‌സിഡൻ്റും ഉള്ളതിനാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ശർക്കരക്കുണ്ട്.

എട്ടെണ്ണത്തെ ഇല്ലാതാക്കി ദൗത്യം, മൊദാക്കരയ്ക്ക് ആശ്വാസം; പക്ഷെ കണ്ണിന് പരിക്കുമായി സംഘത്തിലെ വേട്ടനായ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!