തക്കാളി ജ്യൂസ് പതിവായി കഴിച്ചോളൂ; ഇതിനുള്ളത് വൻ ഗുണങ്ങള്‍...

By Web Team  |  First Published Nov 22, 2023, 9:41 PM IST

വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, പൊട്ടാസ്യം എന്നിങ്ങനെയുള്ള പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് തക്കാളി. ഇതിന് പുറമെ നമുക്കൊരുപാട് ഗുണങ്ങളേകുന്ന ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമാണ് തക്കാളി.


പല പഴങ്ങളും പച്ചക്കറികളുമെല്ലാം ജ്യൂസ് ആക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ തക്കാളി ജ്യൂസ് അങ്ങനെ അധികമാരും കഴിക്കുന്നത് കാണാറില്ല. നമ്മള്‍ സാധാരണഗതിയില്‍ തയ്യാറാക്കുന്ന മിക്ക കറികളിലും നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് തക്കാളി. 

ഇങ്ങനെയൊരു ചേരുവയായി മാത്രമാണ് അധികപേരും തക്കാളിയെ കാണാറ് എന്നതാണ് സത്യം. എന്നാലങ്ങനെയല്ല- ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് ആണ് തക്കാളി. മറ്റ് പല പഴങ്ങളെയുമെന്ന പോലെ ഇതും ജ്യൂസ് ആക്കി കഴിക്കുന്നത് ഏറെ നല്ലതാണ്. 

Latest Videos

വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, പൊട്ടാസ്യം എന്നിങ്ങനെയുള്ള പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് തക്കാളി. ഇതിന് പുറമെ നമുക്കൊരുപാട് ഗുണങ്ങളേകുന്ന ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമാണ് തക്കാളി. ഇതിന്‍റെ ജ്യൂസ് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് കൂടി അറിയൂ...

ഒന്ന്...

മുമ്പേ സൂചിപ്പിച്ചത് പോലെ നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന പല വൈറ്റമിനുകളുടെയും ധാതുക്കളുടെയുമെല്ലാം ഉറവിടമാണ് തക്കാളി. വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ, പൊട്ടാസ്യം, കാത്സ്യം എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

രണ്ട്...

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് ഏറെ പ്രയോജനപ്രദമാണ്.  തക്കാളിയിലുള്ള 'ലൈസോപീൻ', 'ബീറ്റ-കരോട്ടിൻ' എന്ന ആന്‍റി-ഓക്സിഡന്‍റ് ആണിതിന് സഹായകമാകുന്നത്. 

മൂന്ന്...

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തക്കാളി ജ്യൂസ് ഏറെ പ്രയോജനപ്പെടുന്നു. ഇതിനും തക്കാളിയിലടങ്ങിയിരിക്കുന്ന 'ലൈസോപീൻ' ആണ് സഹായകമാകുന്നത്. ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നത് വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമായി വരുന്നത്. മാത്രമല്ല ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.

നാല്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ജ്യൂസാണ് തക്കാളി ജ്യൂസ്. കലോറി കുറഞ്ഞതും, ഫൈബര്‍ കാര്യമായി അടങ്ങിയതും ആണ് തക്കാളിയെ ഇതിന് അനുയോജ്യമാക്കുന്നത്. 

അഞ്ച്...

തക്കാളിയിലെ 'ലൈസോപീൻ' പലവിധത്തിലുള്ള ക്യാൻസറുകളെയും പ്രതിരോധിക്കാൻ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസര്‍, ബ്രെസ്റ്റ് ക്യാൻസര്‍ (സ്തനാര്‍ബുദം), ശ്വാസകോശാര്‍ബുദം, ആമാശയാര്‍ബുദം എന്നീ ക്യാൻസറുകളെ പ്രതിരോധിക്കാനാണത്രേ 'ലൈസോപീൻ' സഹായിക്കുന്നത്. 

ആറ്..

ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ദഹനം സുഗമമാക്കുന്നതിനുമെല്ലാം തക്കാളി ജ്യൂസ് സഹായിക്കുന്നു. ഫൈബര്‍ നല്ലതുപോലെ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ സഹായിക്കുന്നത്. 

ഏഴ്...

തക്കാളി നമ്മുടെ ചര്‍മ്മത്തിന് ഏറെ നല്ലതാണെന്ന് മിക്കവര്‍ക്കും അറിയാവുന്നതാണ്. തക്കാളി കഴിക്കുന്നതും ചര്‍മ്മത്തില്‍ തേക്കുന്നതുമെല്ലാം മികച്ച ഫലമുണ്ടാക്കുന്നതാണ്. തക്കാളി ജ്യൂസിലുള്ള 'ആന്‍റി-ഓക്സിഡന്‍റ്സ്' ആണിതിന് സഹായിക്കുന്നത്. ചര്‍മ്മത്തിനെന്ന പോലെ തന്നെ കണ്ണുകളുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. ഇതിന് തക്കാളിയിലുള്ള വൈറ്റമിൻ എയാണ് സഹായിക്കുന്നത്. 

Also Read:- മുഖം തിളക്കമുള്ളതാക്കാനും ഒപ്പം ദഹനപ്രശ്നങ്ങളകറ്റാനും ഇത് കുടിച്ചാല്‍ മതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!