ദിവസവും അല്‍പം തൈര് കഴിക്കൂ; കാണാം ആരോഗ്യത്തില്‍ മാറ്റങ്ങള്‍...

By Web Team  |  First Published Jan 12, 2024, 2:09 PM IST

ദിവസവും നിങ്ങള്‍ ചെറിയൊരു കപ്പ് തൈര് കഴിക്കുന്നത്  ശീലമാക്കിനോക്കൂ. കാണാം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ ആരോഗ്യത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍. 


നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മുടെ ജീവിതരീതികള്‍ മെച്ചപ്പെടുത്തിയാല്‍ തന്നെ മതിയാകും. പ്രത്യേകിച്ച് ഡയറ്റ്, അഥവാ നമ്മുടെ ഭക്ഷണരീതിയാണ് ഇത്തരത്തില്‍ മെച്ചപ്പെടുത്തേണ്ടത്. ഭക്ഷണം ആരോഗ്യകരമാക്കുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്.

ഇത്തരത്തില്‍ വളരെ ലളിതമായി ഡ‍യറ്റില്‍ വരുത്താവുന്നൊരു മാറ്റത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ദിവസവും നിങ്ങള്‍ ചെറിയൊരു കപ്പ് തൈര് കഴിക്കുന്നത്  ശീലമാക്കിനോക്കൂ. കാണാം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ ആരോഗ്യത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍. 

Latest Videos

undefined

അതേസമയം അനാരോഗ്യകരമായ പല ഭക്ഷണസാധനങ്ങളും കഴിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഇതുകൂടി മാറ്റാൻ കൂടെ ശ്രമിക്കണേ. 

ഇനി തൈര് പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ പറയാം. ഒന്നാമതായി തൈര് 'പ്രോബയോട്ടിക്സ്' എന്ന വിഭാഗത്തില്‍ പെടുന്ന വിഭവമാണ്. എന്നുവച്ചാല്‍ നമ്മുടെ വയറിനകത്ത് നമുക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ബാക്ടീരിയ ഉണ്ട്. ഇവയില്‍ കുറവ് വരുന്നത് നമ്മുടെ വയറിനെ പ്രശ്നത്തിലാക്കും. ഈ ബാക്ടീരിയകളുടെ അളവില്‍ കുറവ് വരാതെ നോക്കാൻ സഹായിക്കുന്ന തരം ഭക്ഷണങ്ങളാണ് 'പ്രോബയോട്ടിക്സ്'. 

ദഹനം എളുപ്പത്തിലാക്കാനും, അതുവഴി മലബന്ധം- ഗ്യാസ് ഒക്കെ പോലുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും എല്ലാം തൈര് സഹായിക്കും. ദഹനപ്രശ്നങ്ങള്‍ മൂലം നിത്യവും പൊറുതിമുട്ടുന്ന ആളുകളെ സംബന്ധിച്ച് ഇത് വലിയ ആശ്വാസം തന്നെയായിരിക്കും. 

രോഗങ്ങളെ ചെറുക്കാനും ആരോഗ്യപ്രശ്നങ്ങളോട് പോരാടാനും നമ്മെ പ്രാപ്തരാക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയാണ്. ഇത് ശക്തിപ്പെടുത്താനും തൈര് സഹായിക്കും. ഇതിലൂടെയും ആകെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനാണ് അടുത്തതായി തൈര് ഏറെ പ്രയോജനപ്പെടുന്നത്. ഡ്രൈ സ്കിൻ പോലുള്ള പ്രശ്നങ്ങളകറ്റി, ചര്‍മ്മത്തിന് ഓജസ് പകരുന്നതിന് ഏറെ സഹായകമായിട്ടുള്ള ഭക്ഷണസാധനമാണ് തൈര്. 

'അമേരിക്കൻ ഹാര്ർട്ട് അസോസിയേഷ'ന്‍റെ പഠനപ്രകാരം ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കുന്നതിനും തൈര് വളരെയധികം സഹായിക്കുന്നു. ബിപി നിയന്ത്രണത്തിലാകുന്നത് അനുബന്ധമായ ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. 

എല്ലിന്‍റെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും പതിവായി തൈര് കഴിക്കുന്നത് സഹായിക്കും. ഇത് അസ്ഥിക്ഷയം പോലുള്ള അസുഖങ്ങളാല്‍ വലയുന്നവരെ സംബന്ധിച്ച് ആശ്വാസകരമാണ്. 

തൈര് പതിവായി കഴിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇപ്പറയുന്ന ഗുണങ്ങളെല്ലാം ലഭിക്കുകയും അത് കൃത്യമായി ആരോഗ്യത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ മുമ്പേ സൂചിപ്പിച്ചത് പോലെ മറ്റ് ഭക്ഷണങ്ങളെല്ലാം അനാരോഗ്യകരമാകുന്ന, വ്യായമവും ഉറക്കവും സ്ട്രെസും പോലുള്ള മറ്റ് പ്രധാനപ്പെട്ട ഏരിയകളിലെല്ലാം തോല്‍വിയായി മാറുന്ന രീതിയില്‍ മുന്നോട്ട് പോകുന്നവരില്‍ ഇങ്ങനെയുള്ള ചെറിയൊരു ഡയറ്റ് മാറ്റം ഒരു ഫലവും ഉണ്ടാക്കില്ലെന്നതും ഓര്‍ക്കുക.

Also Read:- കാലാവധി കഴിഞ്ഞ ബ്രഡ് കഴിച്ചാല്‍ അത് അപകടമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!