തണുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പോഷകങ്ങള്‍...

By Web Team  |  First Published Dec 19, 2022, 10:33 PM IST

ഈ സമയത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ വേണം രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍. അതിനാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 


തണുപ്പുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍  അലട്ടിയേക്കാം. ചിലര്‍ക്ക് തണുപ്പ് എന്ന് കേട്ടാല്‍ തന്നെ ജലദോഷവും തുമ്മലുമാണ്. അതിനാല്‍ ഈ സമയത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ വേണം രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍. അതിനാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

അത്തരത്തില്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം...

Latest Videos

ഒന്ന്...

അയേണ്‍ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞുകാലത്ത് ശരീരത്തിന്‍റെ താപനിലയെ കുറയ്ക്കാന്‍ അയേണ്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മ്മം, തലമുടി, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും ആരോഗ്യവും സംരക്ഷിക്കുകയും ഹീമോഗ്ലോബിന്‍ അളവ് കൂട്ടുകയും ചെയ്യുന്നു. തേന്‍, റെഡ് മീറ്റ്, പച്ചിലക്കറികള്‍, ഡ്രൈഫ്രൂട്‌സ്, വിത്തുകള്‍, ശര്‍ക്കര, ബീറ്റ്‌റൂട്ട്, മാതളം എന്നിവയിലെല്ലാം അയേണ്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയൊക്കെ ഈ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

കാത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും കാത്സ്യം പ്രധാനമാണ്. എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിനും ബലത്തിനും കാത്സ്യം വേണം. കൂടാതെ ഹൃദയം, പേശികള്‍, നാഡികള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും  കാത്സ്യം പ്രധാനമാണ്. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. അതിനാല്‍ കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അതിനായി പച്ചിലക്കറികള്‍, പാലും പാലുത്പന്നങ്ങളും, ഇറച്ചി, ഡ്രൈ ഫ്രൂട്‌സ്, സോയ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

സിങ്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജലദോഷം പോലുള്ള അസുഖങ്ങളില്‍നിന്ന് സിങ്ക് സംരക്ഷണം നല്‍കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുറിവുകള്‍ ഉണക്കുന്നതിനും കുട്ടികളുടെ വളര്‍ച്ചയ്ക്കുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതിനായി മുട്ട, ഇറച്ചി, കടല്‍വിഭവങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമായ ഘടകമാണ്. ഗര്‍ഭിണികള്‍ക്കും ഫോളിക് ആസിഡ് ഏറെ ആവശ്യമുള്ള പോഷകമാണ്. ഇതിനായി ചീര, ബീറ്റ്‌റൂട്ട്, ബ്രൊക്കോളി, ഓറഞ്ച്, വാഴപ്പഴം, മുട്ട എന്നിവയൊക്കെ കഴിക്കാം. 

അഞ്ച്...

വിറ്റാമിന്‍ സി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ് വിറ്റാമിന്‍ സി. സ്ട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിരിക്കുന്നു. ഇതിനായി ക്യാരറ്റ്, ബീറ്റ്‌റൂട്ട്, സിട്രസ് പഴങ്ങള്‍, ഇലക്കറികള്‍, തക്കാളി, കിവി തുടങ്ങിയവയൊക്കെ കഴിക്കാം. 

ആറ്...

വിറ്റാമിന്‍ എ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കുന്ന ഇവ എല്ലുകളുടെയും പല്ലുകളുടെയും കണ്ണിന്‍റെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. ഇതിനായി ചീര, ക്യാരറ്റ്, ആപ്രിക്കോട്ട്, മധുര കിഴങ്ങ്, തക്കാളി എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Also Read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ വീട്ടിലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

click me!