കർക്കടക്കം സ്പെഷ്യൽ ചേമ്പില കടഞ്ഞത് തയ്യാറാക്കിയാലോ? ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
കർക്കടകം- വർഷത്തിലെ അവസാന മാസം. കോരിച്ചൊരിയുന്ന മഴയുണ്ടാവാറുള്ള കർക്കടകത്തിൽ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതു മൂലം പ്രതിരോധശേഷി കുറയും. ആയതിനാൽ ഭക്ഷണകാര്യത്തിൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കണമെന്ന് ആയുർവ്വേദം നിഷ്കർഷിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മരുന്നുകഞ്ഞിയും പത്തിലക്കറിയും.
പത്തിലക്കറികളിൽ പ്രധാനി ചേമ്പിലക്കറിയാണ്. മഴക്കാലത്ത് തഴച്ചുവളരുന്ന ചേമ്പിന്റെ തളിരില പോഷകസമ്പുഷ്ടമാണ്. അതിലടങ്ങിയിരിക്കുന്ന അന്നജം ദഹനപ്രക്രിയ എളുപ്പമാക്കുന്നു. ചേമ്പില നാരുകളുടെ കലവറയാണ്. ബീറ്റാകരോട്ടിൻ, വിറ്റാമിൻ ഇ, കാൽസ്യം ഇവ ധാരാളമടങ്ങിയിട്ടുണ്ട്. ചേമ്പില കൊണ്ടുണ്ടാക്കുന്ന ഒരു എളുപ്പക്കറി (ചേമ്പില കടഞ്ഞത്) പരിചയപ്പെടാം.
വേണ്ട ചേരുവകൾ
ചേമ്പിന്റെ ഇളംതണ്ടും ഇലയും- നാലഞ്ചെണ്ണം
ചെറിയ ഉള്ളി- പത്തെണ്ണം
ചീനിമുളക്- അഞ്ചാറെണ്ണം
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- കാൽ ടീസ്പൂൺ
ഉപ്പ്- പാകത്തിന്
വെള്ളം- അര കപ്പ്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇലയും തണ്ടും വൃത്തിയായി കഴുകി, തണ്ടിന്റെ പുറംതൊലി കളഞ്ഞ് പൊടിയായി മുറിച്ചതും തൊലി കളഞ്ഞ് കനം കുറച്ചു വട്ടത്തിൽ മുറിച്ച ഉള്ളിയും വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അടച്ചുവച്ച് ചെറുതീയിൽ വേവിക്കുക.നന്നായി വെന്തു വെള്ളം വറ്റാറാകുമ്പോൾ ഉടച്ചെടുക്കുക. ഇനി സ്റ്റൗവ് ഓഫ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി അടച്ചുവയ്ക്കുക. കഞ്ഞി, ചോറ് ഇവയുടെ കൂടെ കഴിക്കാൻ പറ്റിയ പോഷകമൂല്യമുള്ളതും രുചികരവുമായ ചേമ്പില കടഞ്ഞത് തയ്യാർ.
Also read: കർക്കടക സ്പെഷ്യൽ ഉലുവ ബാർസ് വീട്ടിൽ എളുപ്പം തയ്യാറാക്കാം; റെസിപ്പി