ഫ്രിഡ്ജില്‍ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയില്‍ ഏറെ നാളത്തേക്ക് ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കഴിച്ചാല്‍ എന്താണ് സംഭവിക്കുക? നോണ്‍ വെജ്- വെജ് കറികള്‍ എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ഒരേ കാലയളവ് മതിയോ?
ഇന്ന് മിക്ക വീടുകളിലും മുതിര്‍ന്നവരെല്ലാം ജോലിക്ക് പോകുന്ന ( Going Job ) രീതിയാണ് കാണുന്നത്. പ്രത്യേകിച്ച് നഗരങ്ങളില്‍ ഇത് സാധാരണമാണ്. അങ്ങനെയാകുമ്പോള്‍ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണമോ, പുറത്തുനിന്ന് വാങ്ങുന്നതോ ആകട്ടെ, അത് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച ശേഷം കഴിക്കുന്നത് ( Refrigerate the Leftovers) നമ്മുടെ ശീലമായി മാറിയിട്ടുണ്ട്.
എന്നാല്‍ ഫ്രിഡ്ജില്‍ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയില്‍ ഏറെ നാളത്തേക്ക് ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കഴിച്ചാല്‍ എന്താണ് സംഭവിക്കുക? നോണ്‍ വെജ്- വെജ് കറികള്‍ എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ഒരേ കാലയളവ് മതിയോ?
ഇത്തരത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അവബോധമില്ലാതെയാണ് നാം ഫ്രിഡ്ജിനെ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നാം അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഭക്ഷണം സൂക്ഷിക്കേണ്ട രീതി...
എത്ര നാളത്തേക്ക് ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കാം എന്നത് അറിയുന്നതിന് മുമ്പ് ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം. പാകം ചെയ്ത ഭക്ഷണമാണെങ്കില്‍, അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം ഭക്ഷണം മാറ്റിവയ്ക്കാന്‍.
അതുപോലെ ദീര്‍ഘനേരം പുറത്ത് അശ്രദ്ധമായി വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയില്‍ ബാധ വരാന്‍ സാധ്യതയുണ്ട്. എയര്‍ ടൈറ്റ് കണ്ടെയ്‌നറുകളില്‍ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വേണം ഭക്ഷണം എടുത്തുവയ്ക്കാന്‍.
ഒരു തവണ ഫ്രിഡ്ജില്‍ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ മിച്ചം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. അതിനാല്‍ ആവശ്യമുള്ള അളവ് മാത്രമെടുത്ത് ചൂടാക്കുക. ദിവസങ്ങളോളം സൂക്ഷിക്കേണ്ടതാണെങ്കില്‍ ഫ്രീസര്‍ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക.
എത്ര നാളത്തേക്ക് ഫ്രിഡ്ജില്‍ വയ്ക്കാം?
ചോറ്, നോണ്‍- വെജ് കറികള്‍ എന്നിവയെല്ലാം കഴിവതും ഒന്ന് മുതല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കുന്നതാണ് ഉചിതം. പരിപ്പ് പോലുള്ള കറികളാണെങ്കില്‍ വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ നാലോ- അഞ്ചോ ദിവസം വരെ എടുക്കാം.
പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും മിച്ചം വരുന്നത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സലാഡുകളാണെങ്കില്‍ 24 മണിക്കൂര്‍ സൂക്ഷിക്കുന്നത് തന്നെ ധാരാളം. അതുപോലെ പച്ചക്കറികള്‍ കൊണ്ടുള്ള കറികളാണെങ്കില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ അവയുടെ എല്ലാ പോഷകാംശങ്ങളും നഷ്ടപ്പെട്ടുപോകാം.
റൊട്ടി, ചപ്പാത്തി, പെറോട്ട പോലുള്ളവയാണെങ്കില്‍ നല്ലതുപോലെ നെയ്യോ എണ്ണയോ ചേര്‍ത്തതായാല്‍ അവ 'ഡ്രൈ' ആകാന്‍ സമയമെടുക്കും. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് 'ഡ്രൈ' ആയി പോകും.
റെസ്‌റ്റോറന്റ് ഭക്ഷണങ്ങള്‍ കഴിവതും ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അത് രണ്ട് ദിവസത്തിനുള്ളിലെങ്കിലും എടുക്കാന്‍ ശ്രമിക്കുക. ശ്രദ്ധയോടെ ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാം.
Also Read:- 'ഫ്രിഡ്ജിനകത്ത് നിന്ന് പതിവായി ഭക്ഷണം പോകുന്നു, ഒടുവില്‍ ക്യാമറ കാത്തു'