സാധാരണഗതിയില്‍ ഉഴുന്ന്, അരി എന്നിവ അരച്ചാണ് ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നത്. ഇത് അരച്ച് തയ്യാറാക്കിയ ശേഷം ഒരു രാത്രിയോ അല്ലെങ്കില്‍ മണിക്കൂറുകളോ വച്ച് പുളിപ്പിച്ച ശേഷമാണ് ദോശ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഉഴുന്നും അരിയും കൊണ്ടല്ലാതെയും ദോശയ്ക്കുള്ള മാവ് നമുക്ക് തയ്യാറാക്കാവുന്നതാണ്.
ദോശയെന്നാല്‍ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ ശീലങ്ങളിലാണ് ദോശ നിര്‍ബന്ധമായും ഉള്‍ക്കൊള്ളുന്നത്. സാധാരണഗതിയില്‍ ഉഴുന്ന്, അരി എന്നിവ അരച്ചാണ് ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നത്.
ഇത് അരച്ച് തയ്യാറാക്കിയ ശേഷം ഒരു രാത്രിയോ അല്ലെങ്കില്‍ മണിക്കൂറുകളോ വച്ച് പുളിപ്പിച്ച ശേഷമാണ് ദോശ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഉഴുന്നും അരിയും കൊണ്ടല്ലാതെയും ദോശയ്ക്കുള്ള മാവ് നമുക്ക് തയ്യാറാക്കാവുന്നതാണ്.
അതായത് മറ്റ് പല രീതിയിലും ദോശ പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്തെടുക്കാവുന്ന മൂന്ന് തരം ദോശകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ആട്ട കൊണ്ട് തയ്യാറാക്കുന്ന ദോശയാണ് ഇതില്‍ ആദ്യം പരിചയപ്പെടുത്തുന്നു. ധാരാളം പേര്‍ക്ക് ഇത് അറിയാമായിരിക്കും. എങ്കിലും ചിലരെങ്കിലും ഇപ്പോഴും ഇത് പരീക്ഷിക്കാത്തവരായി കാണും.
ആട്ട ദോശ തയ്യാറാക്കുന്നതിനായി അരക്കപ്പ് ആട്ട, അരക്കപ്പ് അരിപ്പൊടി, ഉപ്പ്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, അല്‍പം കറിവേപ്പില, ജീരകം എന്നിവ വെള്ളമൊഴിച്ച് നന്നായി കലക്കി, ദോശമാവിന്‍റെ പരുവത്തിലാക്കിയെടുക്കുക. ഇനിയിത് ചട്ടി ചൂടാക്കി എണ്ണ തേച്ച് പതിയെ ഓരോന്നായി ചുട്ടെടുക്കാം. ചട്ണിക്കൊപ്പം തന്നെ ഇത് കഴിക്കാവുന്നതാണ്.
രണ്ട്...
ആരോഗ്യകാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നവര്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുന്നൊരു വിഭവമാണ് ഓട്ട്സ്. ഓട്ട്സ് വെറുതെ വെള്ളത്തിലോ അല്ലെങ്കില്‍ പാലിലോ ചേര്‍ത്ത് വേവിച്ച് കഴിക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ ഓട്ട്സ് വച്ചും പെട്ടെന്ന് തന്നെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് ഇപ്പോഴും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.
ഓട്ട്സ് ദോശ തയ്യാറാക്കുന്നതിനായി ഒരു കപ്പ് റോള്‍ഡ് ഓട്ട്സ് ചെറുതായി വറുത്ത ശേഷം ചൂടാൻ വയ്ക്കുക. ഇനിയിതിലേക്ക് അര ടീസ്പൂണ്‍ ഉലുവ കൂടി ചേര്‍ത്ത് എല്ലാം ഒന്ന് പൊടിച്ചെടുക്കുക. ഇതിന് ശേഷം ഒരു സ്പൂണ്‍ റവയും ഒരു സ്പൂണ്‍ അരിപ്പൊടിയും ( അരിപ്പൊടിയില്ലെങ്കില്‍ ആട്ട) ചേര്‍ക്കുക. ഇനി, ഒരു സ്പൂണ്‍ തൈര്, ഉപ്പ്, അല്‍പം കുരുമുളകുപൊടി, കായം, കറിവേപ്പില, ഒരു സ്പൂണ്‍ ഗ്രേറ്റ് ചെയ്ത ഇഞ്ചി എന്നിവ വെള്ളവും ചേര്‍ത്ത് മാവിന്‍റെ പരുവത്തിലാക്കി 15-20മിനുറ്റ് വയ്ക്കാം. ഇതിന് ശേഷം പൊടിയായി അരിഞ്ഞ പച്ചമുളക് ഒരു സ്പൂണ്‍, അല്‍പം സവാള പൊടിയായി അരിഞ്ഞത്, മല്ലിയില അരിഞ്ഞത് (ആവശ്യമെങ്കില്‍) എന്നിവയും ചേര്‍ത്ത് യോജിപ്പിച്ചെടുക്കാം.
വേണമെങ്കില്‍ അല്‍പം കൂടി വെള്ളം ഈ സമയം ചേര്‍ക്കാം. ശേഷം ചട്ടി ചൂടാക്കി ഓരോന്നായി ദോശ ചുട്ടെടുക്കാം. ചട്ണി തന്നെയാണ് ഓട്ട്സ് ദോശയ്ക്കും നല്ലൊരു കോംബോ. ഇത് വെറുതെയും കഴിക്കാവുന്നതാണ്. ഇതിലേക്ക് ചേര്‍ക്കുന്ന ചേരുവകളെല്ലാം ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
മൂന്ന്...
മൂന്നാമതായി കടലമാവ് കൊണ്ട് തയ്യാറാക്കുന്ന ദോശയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതിനായി ഒരു പാത്രത്തില്‍ ഒരു കപ്പ് കടലമാവെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ചെറിയ ജീരകം, അല്‍പം മഞ്ഞള്‍പ്പൊടി, ഒരു നുള്ള് കായം, അല്‍പം മുളകുപൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മാവിന്‍റെ പരുവത്തില്‍ കലക്കിയെടുക്കുക.ഇനിയീ മാവ് ചട്ടി ചൂടാക്കിയ ശേഷം ദോശയായി ചുട്ടെടുക്കാം. വളരെ രുചികരമാണ് കടലമാവ് കൊണ്ട് തയ്യാറാക്കുന്ന ഈ ദോശ. ഇതിനൊപ്പം സാമ്പാറോ ചട്ണിയോ എല്ലാം കഴിക്കാവുന്നതാണ്.
Also Read:- മഞ്ഞുകാലത്ത് കിടിലൻ സൂപ്പ്, വെറും ക്യാരറ്റും ബീറ്റ്റൂട്ടും തക്കാളിയും മതി...