Kitchen Hacks : പാവയ്ക്കയുടെ കയ്പ് കുറയ്ക്കാം; പരീക്ഷിക്കാം ഈ 'ടെക്‌നിക്കുകള്‍'

By Web Team  |  First Published Mar 16, 2022, 7:40 PM IST

എന്ത് ചെയ്താലും കയ്പ് കുറയുന്നില്ലെന്ന് കാട്ടി പാവയ്ക്ക വീട്ടിലെ അടുക്കളയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുള്ളവരും നിരവധിയാണ്. അത്തരക്കാര്‍ക്ക് ഉപകരിച്ചേക്കാവുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്


ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളാണ് പച്ചക്കറികളും പഴങ്ങളും ( Fruits and Vegetables ). ഇതില്‍ തന്നെ ഓരോന്നിനും ഉള്ള ഗുണങ്ങളും അവ നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങളും പ്രത്യേകമാണ്. എന്തായാലും വിവിധ തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും നിത്യവും കഴിക്കുകയെന്നത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളെയും അസുഖങ്ങളെയും ( Health Issues ) അകറ്റാന്‍ സഹായിക്കും. 

അത്തരത്തില്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് പാവയ്ക്ക. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായത് കൊണ്ടുതന്നെ, രക്തവുമായി ബന്ധപ്പെട്ട് വന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഏറെ സഹായകമാണ്. ചര്‍മ്മം, മുടി എന്നിവയുടെയെല്ലാം ആരോഗ്യത്തിന് ഗുണകരം. പ്രമേഹരോഗികള്‍ക്കാണെങ്കില്‍ ഷുഗര്‍നില താഴ്ത്താന്‍ സഹായകം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉത്തമം. എന്തിനധികം ക്യാന്‍സര്‍ സാധ്യത വരെ കുറയ്ക്കാന്‍ പാവയ്ക്കയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

Latest Videos

undefined

കറിയായോ, മെഴുക്കുപുരട്ടിയായോ, ഫ്രൈ ആയോ, ഉണക്കി കൊണ്ടാട്ടമാക്കിയോ എല്ലാം പാവയ്ക്കയുടെ തനത് രുചി വൈവിധ്യങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. എന്നാല്‍ എത്രമാത്രം ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലും പലര്‍ക്കും പാവയ്ക്ക അത്ര പഥ്യമല്ല. മറ്റൊന്നും കൊണ്ടല്ല, ഇതിന്റെ കയ്പ് തന്നെയാണ് ഈ വിരക്തിക്ക് പിന്നിലെ കാരണം. 

എന്ത് ചെയ്താലും കയ്പ് കുറയുന്നില്ലെന്ന് കാട്ടി പാവയ്ക്ക വീട്ടിലെ അടുക്കളയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുള്ളവരും നിരവധിയാണ്. അത്തരക്കാര്‍ക്ക് ഉപകരിച്ചേക്കാവുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. പ്രമുഖ ഷെഫ് സഞ്ജീവ് കപൂറിന്റേതാണ് ഈ ടിപ്‌സ്. തീര്‍ച്ചയായും പാവയ്ക്ക ഒട്ടും കയ്പില്ലാതെ കിട്ടുകസാധ്യമല്ല. എന്നാല്‍, എങ്ങനെയെല്ലാം പാവയ്ക്കയിലെ കയ്പ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്...

1. പാവയ്ക്ക മുറിച്ച ശേഷം അല്‍പം ഉപ്പ് വിതറി 10-15 മിനുറ്റ് വരെ എടുത്തുവയ്ക്കുക. ശേഷം ഇതില്‍ ഊറിവന്നിരിക്കുന്ന നീര് പിഴിഞ്ഞ് കളയുക. 

2. പാവയ്ക്കയുടെ പുറംഭാഗത്തുള്ള മുള്ള് പോലുള്ള വശങ്ങള്‍ കത്തിയുപയോഗിച്ച് ചുരണ്ടിക്കളഞ്ഞാല്‍ കയ്പ് കുറയ്ക്കാം. 

3. പാവയ്ക്ക വൃത്തിയാക്കുമ്പോള്‍ അതിനകത്തെ വിത്തുകള്‍ പൂര്‍ണമായും കളയുക. ഇതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും. 

4. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത തൈരില്‍ പാവയ്ക്ക ഒരു മണിക്കൂറോളം മുക്കിവയ്ക്കുന്നതും കയ്പ് കുറയ്ക്കാന്‍ സഹായിക്കും. 

എന്തായാലും കയ്പിന്റെ പേരില്‍ പാവയ്ക്കയെ അകറ്റിനിര്‍ത്തിയവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ പൊടിക്കൈകള്‍ കൂടി ഒന്ന് പരീക്ഷിച്ചുനോക്കുക. ഫിറ്റ്‌നസ് തല്‍പരരായ ആളുകള്‍ക്കെല്ലാം ആത്മവിശ്വാസത്തോടെ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവം കൂടിയാണിത്. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം നല്‍കുന്ന പച്ചക്കറികളില്‍ പ്രധാനമാണ് പാവയ്ക്കയും. ഇതിന് പുറമെ ആദ്യമേ സൂചിപ്പിച്ചത് പോലെ പലവിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ വേറെയും.

Also Read:- ബാക്കിവരുന്ന പിസ ചൂടാക്കാം, ഓവനില്ലാതെ തന്നെ; കാണൂ വീഡിയോ

 

കടലയോ പയറോ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കാന്‍ മറന്നാല്‍ ചെയ്യാവുന്നത്;പയറോ കടലയോ എല്ലാം തയ്യാറാക്കണമെങ്കില്‍ ഇവ നമ്മള്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കാറാണ് പതിവ്. അപ്പോള്‍ മാത്രമേ കൃത്യമായി വെന്തുവരികയും ആ രുചി ലഭിക്കുകയുമുള്ളൂ. മാത്രമല്ല മൃദുവായിരിക്കുന്നതിനും ഇവ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കേണ്ടതുണ്ട്.  എന്നാല്‍ ചിലപ്പോഴെങ്കിലും നമ്മള്‍ രാത്രിയില്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കാന്‍ മറന്നുപോകാറില്ലേ?...Read More...

click me!