ഏറ്റവും എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ കണ്ടെത്താവുന്നതും, തയ്യാറാക്കാവുന്നതും, ഏറ്റവുമധികം നിങ്ങള്‍ക്കാവശ്യമായി വരുന്ന നിറങ്ങള്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുമാണ് ഇതില്‍ വരുന്നത്.
വിവിധ വിഭവങ്ങളില്‍ നിറവും ഗന്ധവുമെല്ലാം പകരുന്നതിനായി കെമിക്കലുകള്‍ ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കുന്ന, ഉത്തരവാദിത്തപ്പെട്ട അതോറിറ്റികളില്‍ നിന്ന് അനുമതി നേടിയിട്ടുള്ള ഫുഡ് കളര്‍ തന്നെയാണ് ഇത്തരത്തില്‍ വിഭവങ്ങളില്‍ ചേര്‍ക്കാറ്.
എങ്കിലും ഇവയും കെമിക്കലുകള്‍ തന്നെയാണ്. അളവില്‍ അധികം വിഭവങ്ങളില്‍ ചേര്‍ക്കപ്പെട്ടാല്‍ തീര്‍ച്ചയായും ആരോഗ്യത്തിന് ദോഷമായവ. അളവിലധികം എന്നുമാത്രമല്ല പതിവായി ഇങ്ങനെയുള്ള ഫുഡ് കളര്‍ ചേര്‍ത്ത വിഭവങ്ങള്‍ കഴിക്കുന്നതും ദോഷം തന്നെ.
പുറത്തുനിന്ന് ഫുഡ് കളര്‍ ചേര്‍ത്തിട്ടുള്ള വിഭവങ്ങള്‍ കഴിക്കുമ്പോള്‍ നമുക്കറിയില്ല, അത് എത്രമാത്രം സുരക്ഷിതമാണ് എന്ന്. അതിനാല്‍ തന്നെ പുറത്തുനിന്ന് ഈ രീതിയിലുള്ള വിഭവങ്ങള്‍ അധികം കഴിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യാനുള്ള കാര്യം. മറ്റൊന്ന്, വീടുകളിലാണെങ്കിലും ആഘോഷാവസരങ്ങളിലും മറ്റും വിഭവങ്ങള്‍ ആകര്‍ഷകമാക്കാൻ ഫുഡ് കളര്‍ ഉപയോഗിക്കേണ്ട പകരം 'നാച്വറല്‍' ആയ മറ്റ് ഭക്ഷണസാധനങ്ങള്‍ കൊണ്ടുതന്നെ വിഭവങ്ങള്‍ക്ക് നിറവും പകരാം.
ഇങ്ങനെ വിഭവങ്ങള്‍ക്ക് 'നാച്വറല്‍' ആയ രീതിയില്‍ നിറം പകരാൻ സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഏതെല്ലാമാണെന്നാണ് ഇനി പരിചയപ്പെടുത്തുന്നത്. ഏറ്റവും എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ കണ്ടെത്താവുന്നതും, തയ്യാറാക്കാവുന്നതും, ഏറ്റവുമധികം നിങ്ങള്‍ക്കാവശ്യമായി വരുന്ന നിറങ്ങള്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുമാണ് ഇതില്‍ വരുന്നത്.
ഒന്ന്...
വിഭവങ്ങള്‍ക്ക് ചുവന്നതോ പിങ്കോ ആയ നിറങ്ങള്‍ നല്‍കുന്നതിനായി നമുക്ക് ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്‍റെ ചാറ് പിഴിഞ്ഞെടുത്ത് ഇത് ആവശ്യമായത്ര ആവശ്യമായ വിഭവങ്ങളില്‍ ചേര്‍ത്താല്‍ മതി. കാര്യമായ രുചി വ്യത്യാസമൊന്നും ഇതുണ്ടാക്കില്ല.
രണ്ട്...
വിഭവങ്ങള്‍ക്ക് പച്ചനിറം കിട്ടുന്നതിനായി നിങ്ങള്‍ക്ക് പച്ച ചീരയുടെ നീര് ഉപയോഗിക്കാവുന്നതാണ്. മറ്റ് പല ഇലക്കറികളുടെയും നീര് ഉപയോഗിക്കാവുന്നത് തന്നെയാണ്. എന്നാല്‍ ചീരയുടേതാകുമ്പോള്‍ രുചിയിലും പ്രശ്നം വരില്ല. അതേസമയം നിറത്തിലും പിന്നിലാകില്ല.
മൂന്ന്...
മഞ്ഞനിറമാണ് കിട്ടേണ്ടത് എങ്കില്‍ മഞ്ഞള്‍പ്പൊടി തന്നെ ചേര്‍ത്താല്‍ മതിയാകും. ഇത് വിഭവങ്ങളുടെ സ്വഭാവത്തിനും രുചിക്കും അനുസരിച്ച് നിങ്ങള്‍ക്ക് തീരുമാനിക്കാം. എന്തായാലും മഞ്ഞനിറം കിട്ടുന്നതിന് ഫുഡ് കളര്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വളരെ എളുപ്പവും ആരോഗ്യകരവുമാണ് മഞ്ഞള്‍.
നാല്...
കുങ്കുമവും വിഭവങ്ങള്‍ക്ക് നിറം നല്‍കുന്നതിനായി ഉപയോഗിക്കാം. കുങ്കുമം ചെറിയ സ്വര്‍ണവര്‍ണം നല്‍കുന്നതിനാണ് ഏറെ ഉപയോഗപ്പെടുക. കുങ്കുമം അല്‍പം വെള്ളത്തില്‍ കുതിര്‍ത്തുവച്ചത് ഉപയോഗിക്കുകയാണെങ്കില്‍ ഏറെ നല്ലത്. പാലിലും കുങ്കുമം കുതിര്‍ത്തുവയ്ക്കാവുന്നതാണ്.
അഞ്ച്...
ശംഖുപുഷ്പവും വിഭവങ്ങള്‍ക്ക് 'നാച്വറല്‍ ബ്ലൂ കളര്‍' നല്‍കുന്നതിന് ഉപയോഗിക്കാറുണ്ട്. ഇത് നമുക്ക് വേണമെങ്കില്‍ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താവുന്നതേയുള്ളൂ. ശംഖുപുഷ്പം പല ഭക്ഷണപാനീയങ്ങളും തയ്യാറാക്കുമ്പോള്‍ നീലനിറം കിട്ടുന്നതിനായി പരമ്പരാഗതമായി ചേര്‍ക്കാറുണ്ട്.
Also Read:- റോസ്റ്റഡ് വെള്ളക്കടല കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-