ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ പച്ചക്കറി ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്.
നല്ല ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ചകറികള്‍. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും ഉൻമേഷവും രോഗപ്രതിരോധശേഷിയും ലഭിക്കാൻ പച്ചക്കറി ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്.
പച്ചക്കറി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം...
ഒന്ന്...
പച്ചക്കറി ജ്യൂസുകള്‍ കുടിക്കുന്നത് നിര്‍ജലീകരണം തടയാന്‍ സഹായിക്കും. ഇവ ശരീരത്തിന്റെ ജലത്തിന്റെ അളവ് ക്രമീകരിക്കുകയും ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ പച്ചക്കറി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
രണ്ട്...
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പച്ചക്കറി ജ്യൂസുകള്‍ സഹായിക്കും. ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയില്‍ ധാരാളമായി വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ്.
മൂന്ന്...
നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നവയാണ് പച്ചക്കറികള്‍. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
നാല്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പച്ചക്കറി ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം കൃത്യമായി നടക്കുന്നതിലൂടെ ശരീരഭാരം ക്രമീകരിക്കാന്‍ ഇവ സഹായിക്കും.
അഞ്ച്...
വരണ്ട ചര്‍മ്മം ഉള്ളവര്‍ പച്ചക്കറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യപ്രദമായ, തിളങ്ങുന്ന ചര്‍മ്മം സമ്മാനിക്കുന്നതിനും പച്ചക്കറി ജ്യൂസ് സഹായിക്കും.
ആറ്...
ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ വിളര്‍ച്ച ഒഴിവാക്കാന്‍ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാത്സ്യവും മഗ്‌നീഷ്യവും ധാരാളം അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Also Read: പ്രമേഹം മുതല്‍ കൊളസ്‌ട്രോള്‍ വരെ; അറിയാം മഞ്ഞളിന്‍റെ ആരോഗ്യ ഗുണങ്ങള്‍...