ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ അനീമിയ അഥവ വിളർച്ചയുണ്ടാകാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്.
നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇവ പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ അനീമിയ അഥവ വിളർച്ചയുണ്ടാകാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന പ്രോട്ടീനായ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്‍റെ അഭാവം മൂലം ക്ഷീണവും തളര്‍ച്ചയുമൊക്ക ഉണ്ടാകാം.
ഇരുമ്പിന്‍റെ അളവ് വർധിപ്പിക്കാന്‍ സാധാരണ എല്ലാവരും കഴിക്കുന്ന ഒന്നാണ് ചീര. എന്നാല്‍ ഇരുമ്പിന്റെ ഏറ്റവും നല്ല ഉറവിടം ചീരയാണോ? ചീരയേക്കാള്‍ അയേണ്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഡ്രൈഡ് ആപ്രിക്കോട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അര കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടില്‍ രണ്ട് മില്ലി ഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുമ്പിന്‍റെ അഭാവമുള്ളവര്‍ക്കും അനീമിയ ഉള്ളവര്‍ക്കും ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
രണ്ട്...
പയറു വര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏകദേശം അര കപ്പ് വേവിച്ച പയറിൽ 3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുമ്പിന്‍റെ അഭാവമുള്ളവര്‍ക്ക് ഇവ ധാരാളമായി കഴിക്കാം.
മൂന്ന്...
അണ്ടിപരിപ്പ് അഥവാ കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 100 ഗ്രാം കശുവണ്ടിയിൽ 6.68 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. വിറ്റാമിനുകള്‍, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാനും മികച്ചതാണ്.
നാല്...
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും കാത്സ്യവും സിങ്കും അയേണും പ്രോട്ടീനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും, ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമടങ്ങിയ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മുഖം തിളങ്ങാന്‍ പരീക്ഷിക്കാം മുരിങ്ങയില കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...