കയ്യില്‍ കിട്ടുന്നതെന്തെും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന സ്വഭാവം വേണ്ട. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടാത്ത, അതുപോലെ ഫ്രിഡ്‍ജില്‍ സൂക്ഷിച്ചാല്‍ കേടായിപ്പോകുന്ന പല ഭക്ഷണസാധനങ്ങളും ഉണ്ട്. പലര്‍ക്കും ഇതെക്കുറിച്ചൊന്നും അറിവില്ല എന്നതാണ് സത്യം.
പതിവായി പാചകം ചെയ്യുന്ന വീടുകളെ സംബന്ധിച്ച് ഒരവശ്യ ഉപകരണമാണ് ഫ്രിഡ്‍ജ് എന്നത് നിസംശയം പറയാം. കുറച്ചധികം ദിവസത്തേക്ക് വാങ്ങിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യ- മാംസാദികള്‍ എന്നിവയെല്ലാം സൂക്ഷിക്കുന്നതിന് സൗകര്യപ്രദമാണല്ലോ ഫ്രിഡ്ജ്. പാകം ചെയ്ത ഭക്ഷണസാധനങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അല്‍പാല്‍പമായി എടുത്ത് ഉപയോഗിക്കുന്നവരും ഏറെയാണ്.
എന്തായാലും വീടുകളില്‍ വലിയ രീതിയില്‍ പ്രയോജനപ്പെടുകയും ആശ്രയിക്കപ്പെടുകയും ചെയ്യുന്ന ഉപകരണം തന്നെ ഫ്രിഡ്‍ജ്. എന്നാല്‍ ചിലരുണ്ട്, എന്തും ഫ്രിഡ്‍ജില്‍ സൂക്ഷിക്കുന്ന പതിവായിരിക്കും ഇവരുടേത്. പച്ചക്കറികളോ പഴങ്ങളോ മാത്രമല്ല ബേക്കറി വിഭവങ്ങള്‍, അടുക്കളാവശ്യത്തിന് ഉപയോഗിക്കുന്ന മറ്റ് പല ചേരുവകള്‍ എല്ലാം ഇത്തരത്തില്‍ ഫ്രിഡ്‍ജില്‍ സൂക്ഷിക്കുന്ന സ്വഭാവം.
ഇങ്ങനെ കയ്യില്‍ കിട്ടുന്നതെന്തെും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന സ്വഭാവം വേണ്ട. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടാത്ത, അതുപോലെ ഫ്രിഡ്‍ജില്‍ സൂക്ഷിച്ചാല്‍ കേടായിപ്പോകുന്ന പല ഭക്ഷണസാധനങ്ങളും ഉണ്ട്. പലര്‍ക്കും ഇതെക്കുറിച്ചൊന്നും അറിവില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഉള്ളി: പലരും ഉള്ളിയും ഫ്രിഡ്‍ജില്‍ സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാലിത് ഉള്ളി പെട്ടെന്ന് കേടാകാനേ ഉപകരിക്കൂ. എന്നാല്‍ തൊലി നീക്കിയ ഉള്ളിയാണെങ്കില്‍ അത് എയര്‍-ടൈറ്റ് കണ്ടെയ്നറിലാക്കി ഫ്രിഡ്‍ജില്‍ സൂക്ഷിക്കാവുന്നതുമാണ്.
രണ്ട്...
തക്കാളി: പലരും വിചാരിച്ചിരിക്കുന്നത് തക്കാളി നിര്‍ബന്ധമായും ഫ്രിഡ്‍ജില്‍ സൂക്ഷിക്കേണ്ടതാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല, തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴാണ് പുറത്ത് വച്ചാലുള്ളതിനെക്കാള്‍ പെട്ടെന്ന് കേടായിപ്പോവുക. അതേസമയം എയര്‍-ടൈറ്റ് ബാഗുകളിലോ ബോക്സുകളിലോ തക്കാളി വച്ച് അവ ഫ്രിഡ്‍ജില്‍ വച്ചാല്‍ കുറച്ചുകൂടി തക്കാളിയുടെ ആയുസ് നീട്ടിക്കിട്ടും.
മൂന്ന്...
നട്ട്സ് & ഡ്രൈ ഫ്രൂട്ട്സ് : ബദാം, കാഷ്യൂ, കിസ്മിസ് തുടങ്ങിയ നട്ട്സും ഡ്രൈ ഫ്രൂട്ട്സുമൊന്നും ഫ്രിഡ്‍ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. ഇവയെല്ലാം എയര്‍ ടൈറ്റ് പാത്രങ്ങളില്‍ ഉറുമ്പോ മറ്റ് പ്രാണികളോ എത്താത്ത രീതിയില്‍ സാധാരണ താപനിലയില്‍ സൂക്ഷിച്ചാല്‍ മതിയാകും.
നാല്...
ഉരുളക്കിഴങ്ങ്: അധികപേരും ഉരുളക്കിഴങ്ങ് ഫ്രിഡ്‍ജിന് പുറത്തുതന്നെയാണ് സൂക്ഷിക്കാറ്. എങ്കിലും ചിലരെങ്കിലും ഇത് ഫ്രിഡ്‍ജില്‍ സൂക്ഷിക്കാറുമുണ്ട്. അവര്‍ക്കായാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷമാണെങ്കില്‍ അല്‍പം വെള്ളത്തില്‍ മുക്കിവച്ച് ഈ പാത്രം അങ്ങനെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്. ഇത് ഉരുളക്കിഴങ്ങ് കേടാകുന്നത് തടയും. അല്ലാത്ത പക്ഷം ഉരുളക്കിഴങ്ങ് ഫ്രിഡ്‍ജില്‍ വയ്ക്കേണ്ടതില്ല.
അഞ്ച്...
ഓയില്‍: പാചകത്തിനുപയോഗിക്കുന്നതോ അല്ലാത്തതോ ആയ ഒരു എണ്ണയും ഫ്രിഡ്‍ജിനകത്ത് വയ്ക്കേണ്ടതില്ല. വെളിച്ചെണ്ണ, ഓലിവ് ഓയില്‍, വെജിറ്റബിള്‍ ഓയില്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. അതേസമയം നെയ്യ്- വെണ്ണ- ചീസ് പോലുള്ള ഉത്പന്നങ്ങള്‍ ഫ്രിഡ്‍ജില്‍ സൂക്ഷിക്കാം.
ആറ്...
ബ്രഡ്: മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു ഭക്ഷണസാധനമാണ് ബ്രഡ്. കേടായിപ്പോകാതിരിക്കാൻ ബ്രഡും ഫ്രിഡ്‍ജില്‍ സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ബ്രഡ് ഫ്രിഡ്‍ജില്‍ വയ്ക്കുമ്പോള്‍ അത് പെട്ടെന്ന് കേടായിപ്പോവുകയാണത്രേ ചെയ്യുക. അതുപോലെ കഴിക്കാൻ കൂടുതല്‍ 'ഹാര്‍ഡ്' ആവുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. ബ്രഡ് എപ്പോഴും മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിന്‍റെ തീയ്യതി കഴിയുന്നതോടെ തന്നെ ഇതുപേക്ഷിക്കുകയും ചെയ്യണം.
Also Read:- 'ശ്രദ്ധ വേണം': കേരളത്തിലെത്തുന്ന പാലില്‍ വ്യാപകമായി മായം...