അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

By Web Team  |  First Published Feb 5, 2023, 10:57 AM IST

വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.


ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

അടുക്കളകളില്‍ സ്ഥിരം കാണുന്ന ഒന്നാണ് ജീരകം. നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നതും. ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദാഹശമനിയായും നീര്‍ജ്ജലീകരണത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമൊക്കെ ജീരക വെള്ളം മികച്ചതാണ്. അതുപോലെ ജീരകവെള്ളം ശീലമാക്കുന്നത് വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.  അതിനായി രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് നല്ലതാണ്.

രണ്ട്...

ഉലുവ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

മൂന്ന്...

വെള്ളരിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ വെള്ളരിക്ക ജ്യൂസായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.  

നാല്...

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ശരീരഭാരം കുറയ്ക്കാന്‍ മികച്ചകാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

അഞ്ച്...

പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ആറ്...

പല വീടുകളിലും തണ്ണിമത്തന്‍ വാങ്ങാറുണ്ട്.  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഏഴ്...

പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: രണ്‍ബീറിന്‍റെ പാട്ടിനൊപ്പം കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്ന ആലിയ ഭട്ട്; വീഡിയോ വൈറല്‍

 

click me!