ലോക്ഡൗണ്‍ 'അണ്‍ഹെല്‍ത്തി' അവസ്ഥയിലേക്ക് നമ്മെ നയിക്കുമോ?

By Web Team  |  First Published Jul 22, 2020, 9:18 PM IST

പുറത്തുപോവുകയോ, മറ്റ് പ്രവര്‍ത്തികളില്‍ മുഴുകുകയോ ചെയ്യാതിരിക്കുന്നതിനാല്‍ തീര്‍ച്ചയായും ശരീരം പുതിയൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. അതിനിടെ ഭക്ഷണരീതിയും മറ്റ് ശീലങ്ങളുമെല്ലാം മാറുന്നത് അനാരോഗ്യകരമായ അവസ്ഥയിലേക്ക് നമ്മളില്‍ പലരേയും നയിക്കുന്നുമുണ്ട്. ഇതില്‍ തന്നെ എടുത്തുപറയേണ്ട ഒന്നാണ് അനാവശ്യമായി 'സ്‌നാക്‌സ്' പതിവാക്കുന്ന രീതി
 


കൊവിഡ് 19 രോഗ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് ഓരോ രാജ്യവും നീങ്ങിയത്. അതോടെ, ഇതുവരെയുണ്ടായിരുന്ന ജീവിതരീതികളില്‍ നിന്ന് മാറേണ്ട സാഹചര്യം നമുക്കേവര്‍ക്കും വന്നു. എന്നാല്‍ പലരും ലോക്ഡൗണ്‍ ആയതോടെ വീട്ടില്‍ത്തന്നെ തുടരുന്ന സാഹചര്യത്തില്‍ 'അണ്‍ഹെല്‍ത്തി'യായ ഭക്ഷണരീതികളിലേക്കും ജീവിതരീതികളിലേക്കുമെല്ലാം മാറിയതായാണ് കാണുന്നത്. 

പുറത്തുപോവുകയോ, മറ്റ് പ്രവര്‍ത്തികളില്‍ മുഴുകുകയോ ചെയ്യാതിരിക്കുന്നതിനാല്‍ തീര്‍ച്ചയായും ശരീരം പുതിയൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. അതിനിടെ ഭക്ഷണരീതിയും മറ്റ് ശീലങ്ങളുമെല്ലാം മാറുന്നത് അനാരോഗ്യകരമായ അവസ്ഥയിലേക്ക് നമ്മളില്‍ പലരേയും നയിക്കുന്നുമുണ്ട്. 

Latest Videos

undefined

ഇതില്‍ തന്നെ എടുത്തുപറയേണ്ട ഒന്നാണ് അനാവശ്യമായി 'സ്‌നാക്‌സ്' പതിവാക്കുന്ന രീതി. ജോലി പോലും വീട്ടിലിരുന്ന് ചെയ്യുന്നതിലേക്ക് നമ്മള്‍ മാറിയപ്പോള്‍ അമിതമായ വിരസതയും വിഷാദവും വലിയ തോതില്‍ നമ്മെ പിടികൂടിയിട്ടുണ്ട്. ഇത് മറികടക്കാന്‍ മിക്കവാറും പേരും ഭക്ഷണത്തെ വിനോദപരിപാടിയായി മാറ്റിയിരിക്കുകയാണ്. 

 

 

ഇത് പിന്നീടുള്ള ജീവിതത്തില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ പ്രശ്‌നം ഒഴിവാക്കുന്നതിനായി നമുക്ക് പരീക്ഷിച്ചുനോക്കാവുന്ന പത്ത് മാര്‍ഗങ്ങളെക്കുറിച്ച് പറയുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ ഷെറില്‍ സാലിസ്.

ഒന്ന്...

ഇടവേളകളില്‍ 'സ്‌നാക്‌സ്' കഴിക്കുന്ന ശീലം പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ വലി ബുദ്ധിമുട്ടാണ്. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ശീലമാക്കുക. അതുപോലെ 'ഫൈബര്‍', 'ആരോഗ്യകരമായ കൊഴുപ്പ്' എന്നിവയടങ്ങിയ ഭക്ഷണവും ധാരാളം കഴിക്കാം. 

രണ്ട്...

മിക്കവരുടെയും അടിസ്ഥാന ആരോഗ്യപ്രശ്‌നം പ്രഭാതഭക്ഷണമാണ്. ഇത് കൃത്യമായി കഴിക്കുക. എന്നുമാത്രമല്ല- വയറ് നിറയുന്ന തരത്തില്‍ ഗുണമേറിയ ഭക്ഷണങ്ങള്‍ 'ബ്രേക്ക്ഫാസ്റ്റി'നായി തെരഞ്ഞെടുക്കുകയും ചെയ്യുക. 

 

 

ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുന്നത് തടയാന്‍ നല്ല പ്രഭാതഭക്ഷണത്തിന് കഴിയും. 

മൂന്ന്...

മഴക്കാലമാകുമ്പോള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആഗ്രഹം പൊതുവേ എല്ലാവരിലും കാണാറുണ്ട്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങളൊന്നും തന്നെ പൊതുവില്‍ ശരീരത്തിന് അത്ര നല്ലതല്ല. അതിനാല്‍ ഇത്തരം വിഭവങ്ങള്‍ക്ക് പകരം ആരോഗ്യകരമായ ചിലതിനെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഉദാഹരണത്തിന് ചോളം. 

നാല്...

എന്തെങ്കിലും 'സ്‌നാക്‌സ്' കഴിക്കണമെന്ന് തോന്നുമ്പോള്‍ അല്‍പം നട്ട്‌സ് എടുത്ത് കഴിക്കാം. ഇത് ശരീരത്തിനും നല്ലതാണ്, വിശപ്പിനേയും ശമിപ്പിക്കും. ബദാം, പിസ്ത, വാള്‍നട്ട് എല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. 

അഞ്ച്...

വിശക്കുമ്പോള്‍ ഭക്ഷണം മാത്രമല്ല, ചില പാനീയങ്ങളും പരീക്ഷിക്കാം. ഇതിനായി സീസണല്‍ പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന സ്മൂത്തികള്‍ പോലുള്ള പാനീയങ്ങള്‍ പരീക്ഷിക്കാം. 

ആറ്...

പൊതുവേ ചിപ്‌സ് പോലുള്ള സാധനങ്ങളാണ് മിക്കവാറും പേരും 'സ്‌നാക്‌സ്' ആയി തെരഞ്ഞെടുക്കാറുള്ളത്. എന്നാലിത് ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന തരം ഭക്ഷണമാണ്. ഇതിന് പകരം റോസ്റ്റഡ് കപ്പലണ്ടി, ചന, മൂംഗ് ദാല്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായ 'സ്‌നാക്‌സ്' തെരഞ്ഞെടുക്കൂ. ഇതിനൊപ്പം അല്‍പം പച്ചക്കറികള്‍ ഏതെങ്കിലും ചേര്‍ക്കാവുന്നതുമാണ്. 

 

 

സ്‌പൈസി രുചിക്ക് വേണ്ടി ചെറുനാരങ്ങാനീരും ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കാം. 

ഏഴ്...

വിശക്കുമ്പോള്‍ നേരെ പാക്കറ്റ് ഫുഡിലേക്ക് തിരിയാതെ അല്‍പം 'ഓര്‍ഗാനിക്' ആയി ചില സലാഡുകള്‍ കൂടി പരിശീലിക്കുക. തക്കാളി, ഉള്ളി, ലെറ്റൂസ്, കക്കിരി, ചോളം, കൂണ്‍, വേവിച്ച ചിക്കന്‍ എല്ലാം ചേര്‍ത്ത് സലാഡുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. 

എട്ട്...

'ഷുഗര്‍ ഫ്രീ' ആയ പ്രോട്ടീന്‍ ബാറുകളും ഇക്കാലത്ത് വാങ്ങി വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. എന്തെങ്കിലും കഴിക്കണമെന്ന ആഗ്രഹം തോന്നുമ്പോള്‍ ഇത് കഴിക്കാം. 

ഒമ്പത്...

എപ്പോഴും ഒരുപോലെയുള്ള സലാഡുകള്‍ തന്നെ കഴിക്കുന്നത് ചിലര്‍ക്ക് മടുപ്പുണ്ടാക്കും. അതിനാല്‍ ഒരു മാറ്റത്തിനായി യോഗര്‍ട്ടില്‍ പച്ചക്കറികളോ, പഴങ്ങളോ ഒക്കെ ചേര്‍ത്തും കഴിക്കാം. യോഗര്‍ട്ട് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം വളരെ മികച്ചതാണ്. 

പത്ത്...

ഏറ്റവും ഒടുവിലായി പറയാനുള്ളത്, സത്യത്തില്‍ ഏറ്റവും ആദ്യം നിങ്ങള്‍ ചെയ്യേണ്ട ഒന്നാണ്. 

 

 

അതായത്, അനാരോഗ്യകരമായ 'സ്‌നാക്‌സ്' വാങ്ങിക്കാതിരിക്കുക. ഇവ വീട്ടിലുണ്ടെങ്കില്‍ നമുക്കത് കഴിക്കാനുള്ള ആഗ്രഹം വന്നുകൊണ്ടിരിക്കും.

Also Read:-പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന നാല് തരം സ്‌നാക്‌സ്...

click me!