എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ ചില ഡ്രൈ ഫ്രൂട്ട്സ് പരിചയപ്പെടാം...
ഒന്ന്...
ഈന്തപ്പഴമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി, എ, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ ഈന്തപ്പഴത്തിലുണ്ട്. ഫൈബര്‍ അടങ്ങിയ ഈന്തപ്പഴം രാവിലെ വെറുവയറ്റില്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും സഹായിക്കും. കൂടാതെ ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഈന്തപ്പഴം കഴിക്കാം.
രണ്ട്...
ഡ്രൈഡ് ഫിഗ്സ് അഥവാ ഉണക്ക അത്തിപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാമിന് 55 മില്ലിഗ്രാം കാത്സ്യം നൽകുന്ന മറ്റൊരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്ക അത്തിപ്പഴം. ഭക്ഷണ നാരുകളും സ്വാഭാവിക മധുരവും ഇവയിലുണ്ട്. വിറ്റാമിന്‍ സിയും ഒമേഗ 6 ഫാറ്റി ആസിഡുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും ഫിഗ്സില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവുള്ളവര്‍ക്ക് ഫിഗ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിളര്‍ച്ചയെ തടയാനും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ സഹായിക്കും.
മൂന്ന്...
ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം പ്രൂൺസില്‍ 43 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും വിറ്റാമിന്‍ എ, ബി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ഡ്രൈഫ്രൂട്ടാണിത്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഉറക്കം ശരിയാകുന്നില്ലേ? രാത്രി കഴിക്കാം ഈ ഭക്ഷണങ്ങള്‍...