സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ.
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ ഒരു ട്യൂണ മത്സ്യം വിറ്റുപോയത് ആറര കോടി രൂപയ്ക്കാണ് (114.2 മില്യണ്‍ ജാപ്പനീസ് യെന്‍). 238 കിലോഗ്രാമാണ് ഭാരം. ടോക്കിയോയിലെ ഏറ്റവും വലിയ മത്സ്യമാർക്കറ്റിലാണ് സംഭവം. ഒണോഡെറയിലെ മിഷേലിൻ സ്റ്റാർഡ് റെസ്റ്റോറന്റിലാണ് ഈ മത്സ്യം വിളമ്പുക.
ബ്ലൂഫിൻ ട്യൂണ എന്ന മത്സ്യമാണ് പൊന്നിന്‍വിലയ്ക്ക് വിറ്റുപോയത്. വടക്കൻ ജപ്പാനിലെ അമോറി പ്രിഫെക്ചർ തീരത്ത് നിന്നാണ് ഈ ട്യൂണ വലയിലായത്. സീഫുഡ് മൊത്തക്കച്ചവടക്കാരായ യമയുകി ആന്‍റ് സുഷി ചെയിൻ ഓപ്പറേറ്റർ ഒനോഡെറ ഗ്രൂപ്പാണ് ഈ ട്യൂണയെ ആറര കോടി ചെലവാക്കി സ്വന്തമാക്കിയത്. ഈ ലേലത്തില്‍ പങ്കെടുത്തത് വിജയിക്കാന്‍ വേണ്ടിയാണെന്ന് യമയുകി പ്രസിഡന്റ് യുകിതാക യമാഗുച്ചി പറഞ്ഞു.
സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ. ടോർപ്പിഡോ ആകൃതിയാണ് ഇവയ്ക്കുള്ളത്. 40 വര്‍ഷം വരെ ആയുസ്സുണ്ട്. മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിന്നും വഴുതി മാറി വേഗതയില്‍ സഞ്ചരിക്കും ഇവ. ട്യൂണ കിംഗ് എന്നറിയപ്പെടുന്ന സുഷി വ്യവസായി കിയോഷി കിമുറ 27 കോടി രൂപയ്ക്കാണ് 2019ല്‍ ട്യൂണയെ സ്വന്തമാക്കിയത്. ജപ്പാനില്‍ ഇനിയും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണിത്. ഞാനൊരു നല്ല ട്യൂണ വാങ്ങി എന്നായിരുന്നു അന്ന് കിമുറയുടെ പ്രതികരണം. ബ്ലൂഫിന്‍ ട്യൂണയ്ക്ക് വന്‍ ഡിമാന്‍റാണെന്ന് ഷെഫ് ഡെറക് വിൽകോക്സ് പറഞ്ഞു.
കോവിഡാനന്തരം ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് സുഷി (ജാപ്പനീസ് വിഭവം) ശൃംഖലകള്‍. കഴിഞ്ഞ ദിവസത്തെ ട്യൂണ വില്‍പ്പന അടയാളപ്പെടുത്തുന്നത് വലിയൊരു തിരിച്ചുവരവാണ്. ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ജപ്പാനിലേക്കുള്ള സന്ദർശകരുടെ എണ്ണം 2023 ഒക്ടോബറിൽ 2.52 ദശലക്ഷത്തിലെത്തി. 2019 ഒക്ടോബറിൽ ഇത് 2.5 ദശലക്ഷമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം