വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്.
അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി (To lose weight) പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ (diet plans) പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി ഭാഗ്യശ്രീ (Bhagyashree).
വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഭാഗ്യശ്രീ പറഞ്ഞു.
ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ്ങിയിരിക്കുന്നു. ദഹനത്തെക്കൂടാതെ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കുന്നതിനും ഈ നാരുകള്‍ സഹായിക്കുന്നുണ്ട്. കൂടാതെ, ഈ പച്ചക്കറികളില്‍ കലോറി വളരെക്കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പച്ചക്കറികളാണിവ എന്നും ഭാഗ്യശ്രീ കൂട്ടിച്ചേര്‍ത്തു.
വണ്ണം കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന കലോറി കുറഞ്ഞ മറ്റ് പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
രണ്ട്...
കലോറി കുറഞ്ഞ മറ്റൊരു പച്ചക്കറിയാണ് ക്യാരറ്റ്. വണ്ണം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ക്യാരറ്റ് സഹായിക്കും. കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
മൂന്ന്...
ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ.
നാല്...
കലോറിയും കാര്‍ബോയും കുറഞ്ഞതാണ് ഗ്രീന്‍ ബീന്‍സ്. ധാതുക്കളും മറ്റ് വിറ്റാമിനുകളും ധാരാളമടങ്ങിയ ഗ്രീന്‍ ബീൻസിൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിക്കാനും നല്ലതാണ്. കൂടാതെ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണെന്ന് ഭാഗ്യശ്രീ തന്നെ മുമ്പ് ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.
ഇതിനു മുമ്പ് മാതളനാരങ്ങ അഥവാ മാതളം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും താരം വിവരിച്ചിരുന്നു. ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾ കടന്നുപോകുന്ന അമിതമായ ചൂടിനും രാത്രികാല വിയർപ്പിനുമുള്ള പരിഹാരമാണ് മാതളനാരങ്ങ എന്നാണ് ഭാഗ്യശ്രീ പറയുന്നത്.