കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കാം; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Feb 12, 2023, 7:54 AM IST

പലരും പലരീതിയില്‍ ആണ് കശുവണ്ടി കഴിക്കാറുള്ളത്. ചിലര്‍ അതേ വെറുതെ ചവച്ചുകഴിക്കും. ചിലര്‍ തലേദിവസം വെള്ളത്തില്‍ കുതിരാന്‍ ഇട്ട് പിറ്റേന്ന് രാവിലെ കഴിക്കാറുണ്ട്. അതുപോലെ, കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.


കശുവണ്ടി അഥവാ അണ്ടിപ്പരിപ്പ് എല്ലാവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒരു നട്സാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കശുവണ്ടി. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണവും അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. അതിനാല്‍ ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കശുവണ്ടിയിൽ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവും കൂടുതലാണ്. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

Latest Videos

പലരും പലരീതിയില്‍ ആണ് കശുവണ്ടി കഴിക്കാറുള്ളത്. ചിലര്‍ അത് വെറുതെ ചവച്ചുകഴിക്കും. ചിലര്‍ തലേദിവസം വെള്ളത്തില്‍ കുതിരാന്‍ ഇട്ട് പിറ്റേന്ന് രാവിലെ കഴിക്കാറുണ്ട്. അതുപോലെ, കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാലില്‍ തലേദിവസം കുതിര്‍ത്ത് വെച്ച കശുവണ്ടി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലേയ്ക്ക് കാത്സ്യം എത്തുന്നതിന് സഹായിക്കും. കാരണം പാലില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ, വിറ്റാമിന്‍ കെ, മാഗ്നീഷ്യം, വിറ്റാമിന്‍ ബി6, മാഗ്നീസ് എന്നിവയും കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു. ഇവ എല്ലാം എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

രണ്ട്...

കശുവണ്ടിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഇല്ലാതിരിക്കാനും ദഹനം നല്ലരീതിയില്‍ നടക്കുന്നതിനും സഹായിക്കും. അതിനാല്‍ എന്നും രാവിലെ, തലേ ദിവസം പാലില്‍ കുതിര്‍ത്ത കശുവണ്ടി കഴിക്കുന്നത് നല്ലതാണ്.

മൂന്ന്...

വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്. കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണം കൂടുകയും ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നാല്...

കശുവണ്ടിയില്‍ ധാരാളം ആന്റിഓക്‌സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് രോഗാണുക്കള്‍ ശരീരത്തില്‍ കയറുന്നത് തടയാന്‍ സഹായിക്കും.

ഉപയോഗിക്കേണ്ട വിധം...

രാത്രിയില്‍ ഒരു ഗ്ലാസ്സ് പാലില്‍ മൂന്നോ നാലോ കശുവണ്ടി കുതിരാന്‍ ഇടണം. പിറ്റേ ദിവസം ഇത് എടുത്ത്  കഴിക്കുകയും ഒപ്പം ആ കുതിരാന്‍ വെച്ച പാല്‍ കുടിക്കുകയും ചെയ്യാം.

ശ്രദ്ധിക്കുക: മിതമായ അളവില്‍ മാത്രം എന്തും കഴിക്കുക. അതുപോലെ ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

 

click me!