നാം നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ വലിയൊരു പരിധി വരെ നമുക്ക് സ്കിൻ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും
ഭംഗിയും ആരോഗ്യവുമുള്ള ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുണ്ട്! ഇതിന് വേണ്ടി പല സ്കിൻ കെയര്‍ ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരും ഏറെയാണ്. എന്നാല്‍ നാം നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ വലിയൊരു പരിധി വരെ നമുക്ക് സ്കിൻ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും.
അത്തരത്തില്‍ നമുക്ക് ഭക്ഷണരീതികളില്‍ കൊണ്ടുവരാവുന്ന ചില മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്...
ഒന്ന്...
വളരെ ബാലൻസ്ഡ് ആയൊരു ഡയറ്റ് ആണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം മുന്നില്‍ കാണുന്നവര്‍ പിന്തുടരേണ്ടത്. ആകെ ആരോഗ്യത്തിനും ബാലൻസ്ഡ് ഡയറ്റ് തന്നെയാണ് നല്ലത്. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയെല്ലാം ആവശ്യത്തിന് ഭക്ഷണത്തിലൂടെ ലഭ്യമായിരിക്കണം. ഇതിന് പച്ചക്കറികള്‍, പഴങ്ങള്‍, ലീൻ പ്രോട്ടീൻ, ധാന്യങ്ങള്‍, കൊഴുപ്പുള് മത്സ്യങ്ങള്‍, നട്ട്സ്, സീഡ്സ് എന്നിവയെല്ലാം കഴിക്കണം.
രണ്ട്...
ശരീരത്തില്‍ ജലാംശം കുറവായാല്‍ അത് പലവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറുണ്ട്. ഒപ്പം തന്നെ ചര്‍മ്മത്തെയും അത് പ്രതികൂലമായി ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യമായത്ര അളവില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
മൂന്ന്...
പ്രോസസ്ഡ് ഭക്ഷണത്തിന്‍റെ ഗണത്തില്‍ പെടുന്ന വിഭവങ്ങള്‍ക്കെല്ലാം ഏറെ ആരാധകരുണ്ട്. എന്നാലിവ ആകെ ആരോഗ്യത്തിനും ഒപ്പം ചര്‍മ്മത്തിനും നല്ലതല്ല. ചര്‍മ്മത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീണ് പ്രായം തോന്നിക്കാനുമെല്ലാം പതിവായി പ്രോസസ്ഡ് ഫുഡ്സ് കഴിക്കുന്നത് കാരണമാകും.
നാല്...
മധുരം കുറയ്ക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ സ്കിൻ ഭംഗിയാക്കാനും ആരോഗ്യത്തോടെ സൂക്ഷിക്കാനും മധുരം ഒഴിവാക്കുന്നത് എന്തിനാണെന്ന് സംശയം തോന്നാം. ഇതിനുള്ള കാരണം പറയാം. മധുരം പതിവായി കാര്യമായ അളവില്‍ കഴിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കുകയും ചര്‍മ്മം മങ്ങുകയും ചെയ്യുന്നതിലേക്ക് നയിക്കുന്നു. പെട്ടെന്ന് പ്രായമായത് പോലെ തോന്നിക്കാനും അത് കാരണമാകും.
അഞ്ച്...
ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായി അടങ്ങിയ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. വിവിധയിനം ബെറികള്‍, ഡാര്‍ക് ചോക്ലേറ്റ്, ഇലക്കറികള്‍, നട്ട്സ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാം.
ആറ്...
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ചര്‍മ്മത്തിന് നല്ലതാണ്. ഒമേഗ- 3 ഫആറ്റി ആസിഡ്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഇതിനുദാഹരണമാണ്. ഫാറ്റി ഫിഷ്, നട്ട്സ്, സീഡ്സ്, അവക്കാഡോ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കുന്നതാണ്.
ഏഴ്...
ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും പ്രതിസന്ധിയാകുന്ന കാര്യങ്ങളാണ് മദ്യപാനവും പുകവലിയും. തീര്‍ച്ചയായും ഈ ദുശ്ശീലങ്ങള്‍ ക്രമേണ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാം.
എട്ട്...
പ്രോബയോട്ടിക്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്. കട്ടത്തൈരാണ് ഇതിലുള്‍പ്പെടുന്ന ഏറ്റവും മികച്ച ഭക്ഷണം.
Also Read:- 'സ്കിൻ' ഭംഗിയാക്കാനും ആരോഗ്യമുള്ളതാക്കാനും ബീറ്റ്‍റൂട്ട്; എങ്ങനെയെന്ന് അറിയാം....