ഇന്ന് ലോക ഭക്ഷ്യദിനത്തില്‍, സ്ത്രീകൾ അവരുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
സ്ത്രീകള്‍ പലപ്പോഴും അവരുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയാണ് വീട്ടുജോലികളും, കുട്ടികളുടെ കാര്യങ്ങളും, ജോലിസ്ഥലത്ത് ഉത്തരവാദിത്ത സ്ഥാനങ്ങളും നിറവേറ്റുന്നത്. അതാണ് പലപ്പോഴും സ്ത്രീകളില്‍ പോഷകാഹാരക്കുറവു കാണപ്പെടുന്നത്.
സ്ത്രീകള്‍ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അവരുടെ ശാരീരികാരോഗ്യത്തിനു മാത്രമല്ല, മാനസികാരോഗ്യത്തിനും ഏറെ പ്രധാനമാണ്. ഇന്ന് ലോക ഭക്ഷ്യദിനത്തില്‍, സ്ത്രീകൾ അവരുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ചീര. വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചീര സ്ത്രീകള്‍ കഴിക്കുന്നത് അവരുടെ ശരീരത്തിന്‍റെ പ്രതിരോധശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
രണ്ട്...
പയറുവർഗങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഇവയും സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മൂന്ന്...
ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദൈനംദിന ഊർജ്ജത്തിന് വേണ്ട ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും നാരുകളും ഓട്സില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിൽ മറ്റ് ധാന്യങ്ങളേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒപ്പം ആരോഗ്യകരമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്‍റുകളും അടങ്ങിയതാണ് ഓട്സ്.
നാല്...
പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തടയാന്‍ കാത്സ്യം ധാരാളം അടങ്ങിയ പാല്‍ കുടിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീൻ, ഫോസ്ഫറസ്, ബി വിറ്റാമിനുകള്‍, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയവയും പാലില്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ അംഗമായ ബ്രൊക്കോളി സ്ത്രീകൾക്കുള്ള ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളിലൊന്നാണ്. കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ബ്രൊക്കോളി കഴിക്കാം.
ആറ്...
ബീറ്റ്റൂട്ട് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനവ്യവസ്ഥയെ സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സ്ത്രീകള്‍ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം.
ഏഴ്...
ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു പ്രീബയോട്ടിക് ഭക്ഷണമാണ് ബദാം. അതിനാല്‍ ഇവ ദഹനത്തിന് മികച്ചതാണ്. കൂടാതെ, 1/4 കപ്പ് ബദാമിൽ മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ പതിവായി ബദാം കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ ഭക്ഷണസാധനങ്ങള്‍ കഴിക്കൂ, എല്ലുകള്‍ക്ക് ബലം കിട്ടും...