'ജീവനുള്ള നീരാളി' തൊണ്ടയിൽ കുടുങ്ങി 82കാരന് ദാരുണാന്ത്യം, പരീക്ഷിക്കാനെത്തിയത് വൈറലായ കുപ്രസിദ്ധ ഇനം

By Web Team  |  First Published Oct 28, 2023, 10:04 AM IST

ജീവനുള്ള നീരാളിയില്‍ ഉപ്പും കടുകെണ്ണയും പുരട്ടി കഴിക്കുന്നത് ദക്ഷിണ കൊറിയയിലെ കുപ്രസിദ്ധമായ രീതിയാണ്. 2003ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ഓള്‍ഡ് ബോയിലെ ഒരു രംഗത്തിന് ശേഷമാണ് സാന്‍ നാക്ജി വൈറലായത്


ഗ്വാങ്ജു: ജീവനുള്ള നീരാളിയെ ഉപയോഗിച്ചുള്ള പ്രത്യേക വിഭവം കഴിക്കാന്‍ ശ്രമിച്ച 82കാരന് ദാരുണാന്ത്യം. നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടലനുഭവപ്പെട്ട 82കാരന്‍ ഹൃദയാഘാതത്തിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്. ദക്ഷിണ കൊറിയന്‍ നഗരമായ ഗ്വാങ്ജുവിലാണ് സംഭവം. ജീവനുള്ള നീരാളിയെ ഉപയോഗിച്ച് നിർമ്മിക്കുന്ന സാന്‍ നാക്ജി എന്ന വിഭവമാണ് 82കാരന്റെ ജീവനെടുത്തത്.

ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ജീവനുള്ള നീരാളിയില്‍ ഉപ്പും കടുകെണ്ണയും പുരട്ടി കഴിക്കുന്നത് ദക്ഷിണ കൊറിയയിലെ കുപ്രസിദ്ധമായ രീതിയാണ്. 2003ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ഓള്‍ഡ് ബോയിലെ ഒരു രംഗത്തിന് ശേഷമാണ് സാന്‍ നാക്ജി വൈറലായത്. ദക്ഷിണ കൊറിയയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയ പങ്കും ഈ വൈറല്‍ വിഭവം പരീക്ഷിക്കാറുണ്ടെന്നാണ് ഭക്ഷണ ശാലകളുടെ പ്രതികരണം.

Latest Videos

undefined

ഈ വിഭവം കഴിക്കാന്‍ ശ്രമിച്ച പലരും മരിക്കുകയും ആശുപത്രിയിലായിട്ടും ഭക്ഷണ പ്രേമികള്‍ റിസ്ക് എടുക്കാന്‍ തയ്യാറാണെന്നാണ് ഹോട്ടലുടമകള്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. 2007ലും 2012ലും മൂന്ന് പേരും, 2013ല്‍ രണ്ട് പേരും 2019ല്‍ ഒരാളും സാന്‍ നാക്ജി കഴിച്ച് മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നായാണ് സാന്‍ നാക്ജി വിശേഷിക്കപ്പെട്ടിട്ടുള്ളത്.

ജീവനുള്ള നീരാളിയെന്നാണ് സാന്‍ നാക്ജി എന്ന പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ വിളമ്പുന്നതിന് തൊട്ട് മുന്‍പ് കൊന്നശേഷം അനങ്ങുന്ന നിലയില്‍ നീരാളിയുടെ കൈകള്‍ മുറിച്ചാണ് വിഭവം തീന്‍ മേശയിലെത്തുക. ഇതിനാല്‍ നീരാളി അനങ്ങുന്നത് പോലെ കാണുന്നതിനാലാണ് ഈ വിഭവത്തിന് ജീവനുള്ള നീരാളിയെന്ന് പേര് വീണിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!