ഫിഫ ലോകകപ്പ്: ഉദ്ഘാടനച്ചടങ്ങിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍

By Web Team  |  First Published Nov 23, 2022, 4:36 PM IST

കള്ളപ്പണം വെളുപ്പിക്കലിനും മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷപ്രചാരണത്തിനും ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യം വിട്ട സാക്കിര്‍ നായിക്ക് മലേഷ്യയില്‍  അഭയം തേടിയിരുന്നു.


ദോഹ: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ലോകകപ്പ് കാണാന്‍ ക്ഷണിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ച് ഖത്തര്‍. നവംബര്‍ 20ന് നടന്ന ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണെന്നും ഖത്തര്‍ നയതന്ത്ര മാര്‍ഗത്തിലൂടെ ഇന്ത്യയെ അറിയിച്ചു. സാക്കിര്‍ നായിക്കിനെ ഉദ്ഘാടനച്ചടങ്ങ് കാണാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കേണ്ട ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ക്കറിന്‍റെ പങ്കാളിത്തം പിന്‍വലിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ധന്‍കര്‍ അതിനുശേഷം മറ്റ് നയതന്ത്ര ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു.

ലോകകപ്പിനിടെ സാക്കിര്‍ നായിക്ക് സ്വകാര്യ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നാണ് ഖത്തറിന്‍റെ വിശദീകരണം. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം മോശമാക്കാന്‍ മൂന്നാമതൊരു രാജ്യം സാക്കിര്‍ നായിക്ക് വിഷയം എടുത്തിട്ടതാകാമെന്നം ഖത്തര്‍ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. സാക്കിര്‍ നായിക്കിനെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഫുട്ബോള്‍ അസോസിയേഷനുകളും ഇന്ത്യന്‍ ആരാധകരും ലോകകകപ്പ് ബഹിഷ്കരിക്കണമെന്ന് ബിജെപി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Latest Videos

കള്ളപ്പണം വെളുപ്പിക്കലിനും മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷപ്രചാരണത്തിനും ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യം വിട്ട സാക്കിര്‍ നായിക്ക് മലേഷ്യയില്‍  അഭയം തേടിയിരുന്നു. സാക്കിര്‍ നായിക്കിന്‍റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായിരുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ(ഐആര്‍എഫ്) നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമമായ യുഎപിഎ ചുമത്തി കേന്ദ്രസര്‍ക്കാര്‍ 2016ല്‍ നിരോധിച്ചിരുന്നു. 2022ല്‍ വീണ്ടും നിരോധനം നീട്ടി. ഭീകരത പ്രചരിപ്പിക്കുന്ന പ്രസംഗങ്ങള്‍ സാകിര്‍ നായിക് നടത്തിയിട്ടുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. ഐആര്‍എഫിന്‍റെ മുഴുവൻ ഫണ്ടുകളും മരവിപ്പിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ഐആര്‍എഫിന് കീഴിലുള്ള സ്ഥാപനങ്ങളെ നിരോധിക്കുകയും ചെയ്തു.

2020ലെ ഡല്‍ഹി കലാപങ്ങളിലും നായിക്കിന് പങ്കുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ കണ്ടെത്തല്‍. സാക്കിര്‍ നായിക്കിനെ വട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മലേഷ്യന്‍ സര്‍ക്കാരിന് സമീപിച്ചിരുന്നു. നിലവില്‍ ഇന്‍റര്‍പോള്‍ വഴി സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ സാക്കിര്‍ നായിക്കിനെ യുകെയിലും കാനഡയിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.

click me!