'വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും'; എമി മാര്‍ട്ടിനസിനെതിരെ കെടി ജലീല്‍

By Web Team  |  First Published Dec 21, 2022, 4:05 PM IST

'മിസ്റ്റർ മാർട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാൽ വാഴട്ടെ. എംബാപ്പെയുടെ നിറവും'- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


മലപ്പുറം: ഖത്തര്‍ ഫിഫ ലോകകപ്പ് നേടിയ ശേഷം ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയ്ക്ക് നേരെ  അര്‍ജന്‍റീന ഗോളി എമിലിയാനോ  മാര്‍ട്ടിനസ് നടത്തിയ അധിക്ഷേപങ്ങളെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകുമെന്ന് കെടി ജലീല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം.

താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും. മെസ്സിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു- ജലീല്‍ ഫേസ്ബുക്കില്‍ കുുറിച്ചു.

Latest Videos

undefined

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

മിസ്റ്റർ എമിലിയാനോ മാർട്ടിനസ്, 
താങ്കൾക്ക് എംബാപ്പയെ കളിയാക്കാൻ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്‍റെ പത്തൊൻപതാം വയസ്സിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ നെപ്പോളിയന്‍റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ. ആയുസ്സുണ്ടെങ്കിൽ ഇനിയും മൂന്ന് ലോക കപ്പുകൾക്ക് ബാല്യമുള്ള കാൽപ്പന്തുകളിയിലെ കൊടുങ്കാറ്റിന്‍റെ രൗദ്രത കാൽപാദത്തിൽ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ. 

ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും  സാമുവൽ ഏറ്റുവും  സാദിയോ മാനെയും യൂനുസ് മൂസയും വിൻസന്‍റ്  അബൂബക്കറും ലിലിയൻ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും  അൽഭുതങ്ങൾ സൃഷ്ടിച്ച മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും. 

ഒളിമ്പിക്സ് മെഡലുമായി സന്തോഷാരാവത്തിൽ ഒരു ഹോട്ടലിൽ കയറിയ എക്കാലത്തെയും വലിയ ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദലിയോട് "ഇവിടെ കറുത്തവർക്ക്" ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റർ. ആ വെള്ളപ്പിശാചിന്‍റെ മുഖത്തേക്ക് മെഡൽ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വർഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കൾ ഓർക്കുന്നത് നല്ലതാണ്.   മിസ്റ്റർ മാർട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാൽ വാഴട്ടെ. എംബാപ്പെയുടെ നിറവും.

Read More : എംബാപ്പെയെ വിടാതെ അര്‍ജന്‍റീനന്‍ ആരാധകരും; വിക്‌ടറി പരേഡില്‍ അധിക്ഷേപങ്ങള്‍ മാത്രം; കോലം കത്തിച്ചും ആഘോഷം

ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനയ്ക്ക് അവസാന നിമിഷം വരെ നെഞ്ചിടിച്ച് നല്‍കിയ താരമാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ. പൂര്‍ണ സമയത്തിന്‍റെ അവസാന വേളയിലും എക്‌സ്‌ട്രാ ടൈം തീരാന്‍ രണ്ട് മിനുറ്റ് മാത്രം ബാക്കിനില്‍ക്കേയും സമനില ഗോളുകളുമായി അര്‍ജന്‍റീനയെ വിറപ്പിച്ച എംബാപ്പെ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു. ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷമാണ് എംബാപ്പയെ പരിഹസിച്ച്  എമിലിയാനോ മാര്‍ട്ടിനസ് ആദ്യം അശ്ലീല ആംഗ്യം കാട്ടിയത്.

ഇത് വലിയ വിവാദമായിരുന്നു. അര്‍ജന്‍റീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ എമി ആവശ്യപ്പെടുന്നതിന്‍റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. 

click me!