സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം: ഖത്തർ ഫുട്‌ബോൾ ലോകകപ്പിന്‍റെ ആവേശം ഏറ്റെടുത്ത് കേരള സർക്കാർ. വിദ്യാർഥികൾക്ക് പരിശീലനം നടത്തുന്നതടക്കമുള്ള വിവിധ പദ്ധതികളാകും ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നടത്തുക. ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപ്പിച്ചു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നല്‍കുക. മികവു പുലര്‍ത്തുന്നവര്‍ക്ക് തുടർന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കി മികച്ച താരങ്ങളാക്കി മാറ്റുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
നവംബര്‍ 11 മുതൽ 20വരെയാണ് അടിസ്ഥാന ഫുട്‌ബോൾ പരിശീലന പരിപാടി. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളിൽ 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയിലും തെരഞ്ഞെടുത്തിട്ടുളള വൺ മില്യൺ ഗോൾ അംബാസിഡര്‍മാരായ മുൻ സന്തോഷ് ട്രോഫി താരങ്ങൾ ക്യാമ്പയിന്റെ പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കും. സംസ്ഥാനത്തെ 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് “ഗോള്‍” എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ലോകകപ്പ് ഫുട്‌ബോളിന് തുടക്കമാകുന്ന നവംബര്‍ 20 ന് പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ഗോളുകൾ സംസ്ഥാനത്ത് ആകെ അടിക്കാനും കായിക വകുപ്പ് പദ്ധതിയിട്ടുണ്ട്.
ഖത്തറില്‍ മെസി-റൊണാൾഡോ ഫൈനലെന്ന് സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം
അതേസമയം ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് കൃത്യം 18 ദിവസമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും. കാൽപ്പന്തിന്‍റെ ലോകപൂരം ആദ്യമായാണ് അറേബ്യൻ മണ്ണിലേക്ക് ആവേശം വിതറാനെത്തുന്നത്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോൽവിയറിയാതെ കുതിക്കുന്ന ലിയോണല്‍ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകൾ. ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് കാലിടറുന്ന പതിവ് ഖത്തറില്‍ മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയും സജീവം. കാനറികളാണ് നിലവിലെ ഒന്നാംസ്ഥാനക്കാര്‍. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും.