ആവേശം വാനോളം; വീട് ബ്രസീല്‍ ഹൗസാക്കി ഒരു കൂട്ടം ആരാധകര്‍

By Web Team  |  First Published Nov 9, 2022, 4:09 PM IST

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷ് എടക്കരയുടെ വീടാണ് നിറം മാറ്റി ബ്രസീല്‍ ഹൗസാക്കിയത്. വീടിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. 


മലപ്പുറം: ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളും മുന്‍പേ മലപ്പുറത്ത് പത്തിരട്ടി ആവേശമാണ്. ആവേശം ഉള്‍കൊണ്ട് ഒരു കൂട്ടം ബ്രസീല്‍ ആരാധകര്‍ ബ്രസീല്‍ ഹൗസ് നിര്‍മ്മിച്ചു. ഇതിനായി ചെയ്തതാകട്ടെ വീടിന് മുഴുവനും മഞ്ഞ നിറം നല്‍കിയിരിക്കുകയായിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷ് എടക്കരയുടെ വീടാണ് നിറം മാറ്റി ബ്രസീല്‍ ഹൗസാക്കിയത്. വീടിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. തുടക്കം മുതല്‍ അവസാനം വരെ മത്സരങ്ങള്‍ കാണാനാണ് ഇത്തരത്തില്‍ വീട് സജ്ജീകരിച്ചത്. 

അകത്തേക്ക് കയറിയാല്‍ ബ്രസീല്‍ താരങ്ങളായ പെലെ, റൊണാള്‍ഡീനോ, കക്ക, റൊമേരിയോ, റൊണാള്‍ഡോ, നെയ്മര്‍ ഉള്‍പ്പെടെ താരങ്ങളെ ചുമരില്‍ കാണാം. ഖത്തറില്‍ ഇത്തവണ ബ്രസീല്‍ കപ്പടിക്കും എന്ന് ഇവിടത്തെ ആരാധകര്‍ ഒരുപോലെ പറയുന്നു. മൂന്ന് ദിവസം കൊണ്ടാണ് ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തില്‍ വീടിന് മഞ്ഞ വീശിയത്. ലോകകപ്പ് കഴിയും വരെ വീട് പൂര്‍ണമായി തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ബ്രസീല്‍ ആരാധകര്‍ പറയുന്നു. വീടിന് മുന്നിലെ ചുമരില്‍ ബ്രസീല്‍ ഹൗസ് എന്ന് പേരെഴുതി വച്ചിട്ടുണ്ട്. 

Latest Videos

ഇതിനിടെ പുത്തനത്താണിയിലെ ഫുട്ബോള്‍ ആരാധകരായ  അബ്ദുശുക്കൂറും മഹമൂദ് അലിയും ചേര്‍ന്ന് ഒരു പടുകൂറ്റന്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ മാതൃത സൃഷ്ടിച്ചു. ഓള്‍ ജിപ്‌സം ഡെക്കറേറ്റ്‌സ് ഫെഡറേഷന്‍ (എ ജി ഡി എഫ്) ജില്ലാ സെക്രട്ടറിയും ഫര്‍ണാക് ജിപ്‌സം ഇന്‍റീരിയര്‍ സ്ഥാപനത്തിന്‍റെ ഉടമകളുമായ പുത്തനത്താണി സ്വദേശി അബ്ദുശുക്കൂറും കാടാമ്പുഴ സ്വദേശി മഹമൂദ് അലിയും ചേര്‍ന്നാണ് 67 കിലോ ഭാരവും നാലടി ഉയരവുമുള്ള കൂറ്റന്‍ വേള്‍ഡ് കപ്പ് പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഒരുക്കിയിരിക്കുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി ജിപ്‌സം മേഖലയില്‍ ജോലി ചെയ്യുന്ന ഇവര്‍ 2010 -ലാണ് ആദ്യമായി വേള്‍ഡ് കപ്പ് നിര്‍മിച്ചത്. പിന്നീട് 2014 -ലും 2018 -ലും സമാനമായ രീതിയില്‍ വേള്‍ഡ് കപ്പ് നിര്‍മിച്ചിരുന്നു. ഫുട്‌ബോള്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ വര്‍ഷവും കപ്പുമായി രംഗത്തെത്തിയതെന്ന് ഇവര്‍ പറഞ്ഞു. പുത്തനത്താണിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കപ്പ് കാണാനും സെല്‍ഫിയെടുക്കാനും നിരവധി പേരാണ് എത്തുന്നത്.

click me!