അട്ടിമറികളുടെ ഞെട്ടൽ ബ്രസീലിനെയും ഒഴിഞ്ഞില്ല. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനെ തോൽപിച്ച സന്തോഷത്തിലാണ് മെരുങ്ങാത്ത സിംഹങ്ങൾ എന്ന വിളിപ്പേരുള്ള ആഫ്രിക്കൻ കരുത്തർ നാട്ടിലേക്ക് മടങ്ങുന്നത്.
ദോഹ: ഓസ്ട്രേലിയ,ജപ്പാൻ ഇപ്പോളിതാ തെക്കൻ കൊറിയ. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായി ഏഷ്യൻ ഫുട്ബെൾ കോൺഫെഡറേഷനിൽ നിന്ന് മൂന്ന് ടീം പ്രീക്വാർട്ടറിൽ. കരുത്തൻമാരായ പോർച്ചുഗലിനെ 2-1ന് തോൽപിച്ചാണ് കൊറിയ ഏഷ്യൻകരുത്തിന്‍റെ പുതിയ കഥ ഖത്തറിൽ സമ്മാനിച്ചത്. പ്രീക്വാർട്ടർ ഉറപ്പിച്ച മത്സരത്തിൽ അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയ പോർച്ചുഗൽ തുടക്കത്തിൽ തന്നെ ഗോളടിച്ചു. അഞ്ചാംമിനിറ്റിൽ തന്നെ ഗോളടിച്ച് റിക്കാർഡോ ഹോർറ്റ ലോകകപ്പിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി.
കൊറിയ സമനില ഗോൾ നേടിയത് 27ആം മിനിറ്റിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മേൽ തട്ടിയെത്തിയ കോർൺർ കിക്കിൽ പന്ത് കിട്ടിയത് കിം യങ് ഗ്വാന്. പോസ്റ്റിനടുത്ത് നിന്ന് കിട്ടിയ പന്ത് ഗ്വാൻ കൃത്യമായി വലക്കകത്താക്കി. രണ്ടാംപകുതിയിൽ പോർച്ചുഗൽ ആക്രമിച്ച് കളിച്ചു. കൊറിയക്കാരുടെ ഊർജം മുഴുവൻ പ്രതിരോധത്തിലായി.പക്ഷേ പോരാട്ടവീര്യം ഒറിത്തിരി പോലും കുറയാതെ തന്നെ അവർ കളിച്ചു. സ്റ്റേഡിയത്തിലെ ആരാധകക്കൂട്ടം അവർക്കായി ആർപ്പുവിളിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അധികസമയത്തിന്‍റെ തുടക്കത്തിൽ നായകൻ സൺ ഹ്യുങ് മിൻ രാജ്യത്തിന്‍റെ ഹീറോ ആയിരിക്കുന്നത് എന്തുകൊണ്ടെന്ന് തെളിയിച്ചു.
undefined
മൈതൈനത്തിന്‍റെ അറ്റത്ത് നിന്ന് പൊരിഞ്ഞ് പാഞ്ഞുവന്ന സൺ, പോർച്ചുഗലിന്റെ പ്രതിരോധതാരങ്ങളുടെ ഇടയിലൂടെ അളന്നുമുറിച്ച് പാസ് ഹ്വാങ് ഹീ ചാനിന് കാൽമാറി. ചാൻ കൃത്യമായി ഗോൾവലയിലേക്കും. ഹാ ഹാ. ഏഷ്യൻ വീരഗാഥക്ക് പുതിയൊരു അധ്യായം കൂടി. വിജയിച്ചപ്പോഴും കൊറിയൻ ടീമിന്റെയും കാണികളുടെയും ശ്രദ്ധ ഉറുഗ്വെ ഘാന മത്സരത്തിലായിരന്നു. ജയിക്കാനുറച്ച് ഇറങ്ങിയ യുറുഗ്വെ ടൂർണമെന്‍റിലെ ആദ്യഗോൾ നേടിയത് 26ആം മിനിറ്റിൽ. ആറുമിനിറ്റിനിപ്പുറം രണ്ടാം ഗോൾ. രണ്ടുമടിച്ചത് ഡി അരസേറ്റ. രണ്ടിലും സുവാരസിന്‍റെ കയ്യൊപ്പ്.
ഇരുപത്തിഒന്നാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഘാന നഷ്ടപ്പെടുത്തി. 81ആം മിനിറ്റിൽ കുഡൂസിന്റ ഒന്നാന്തരം ഷോട്ടും റാഷെറ്റ് രക്ഷപ്പെടുത്തി. സുവാരസിനെ മാറ്റി കവാനി വന്നതുൾപ്പെടെ മാറ്റങ്ങളും കൂടുതൽ ആക്രമണങ്ങലും നടത്തിയെങ്കിലും വീണ്ടുമൊരു ഗോൾ കൂടി അടിക്കാൻ ഉറുഗ്വെക്ക് കഴിഞ്ഞില്ല. ഗോമസിന്റേയും കവാനിയുടേയും വൽവെർദെയുടെയുമൊക്കെ ശ്രമങ്ങൾ ഘാന ഗോളി ലോറസ് അത് സിഗി തടഞ്ഞു. ഫലം ജയിച്ചെങ്കിലും ഉറുഗ്വെ പുറത്ത്. അടിച്ച ഗോളുകളുടെ എണ്ണത്തിലെ മുൻതൂക്കം കാരണം തെക്കൻ കൊറിയ ഗ്രൂപ്പിൽ രണ്ടാമതായി മുന്നോട്ട്.
അട്ടിമറികളുടെ ഞെട്ടൽ ബ്രസീലിനെയും ഒഴിഞ്ഞില്ല. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനെ തോൽപിച്ച സന്തോഷത്തിലാണ് മെരുങ്ങാത്ത സിംഹങ്ങൾ എന്ന വിളിപ്പേരുള്ള ആഫ്രിക്കൻ കരുത്തർ നാട്ടിലേക്ക് മടങ്ങുന്നത്. എന്‍ഗോം എംബെകെലിയുടെ ക്രോസ് രണ്ട് ബ്രസീൽ താരങ്ങൾക്കിടയിലൂടെ വിൻസന്റ് അബൂബക്കർ തല കൊണ്ട് പായിച്ചപ്പോൾ നോക്കിനിൽക്കാനെ ബ്രസീൽ ഗോളി എഡേർസന് പറ്റിയുള്ളു. അബൂക്കറിന്റെ സന്തോഷം മൈതാനത്ത് പക്ഷേ അധികനേരം കാണാൻ പറ്റിയില്ല. കാരണം ജേഴ്സിയൂരിയതിന് രണ്ടാമത്തെ മഞ്ഞകാർഡ്, താരം പുറത്തേക്ക്. ജിസ്യൂസിന്റേയും ആന്റണിയുടെയുടെയും ഒക്കെ ഷോട്ടുകൾ രക്ഷപ്പെടുത്തിയ കാമറൂണ്‍ ഗോളി എപസിക്കുമുണ്ട് ടീമിന്റെ വിജയത്തിൽ പങ്ക്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് സെർബിയയെ 3-2ന് തോൽപിച്ചതോടെയാണ് കാമറൂൺ റിട്ടേൺ ടിക്കറ്റ് ഉറപ്പിച്ചത്. തുടക്കം മുതൽ തന്നെ പൊരിഞ്ഞ കളി. കളി തുടങ്ങി സെക്കൻഡുകൾക്കകം ഷാക്കയുടെയും എംബോളോയുടേയും ഷോട്ടുകൾ മിലിൻകോവിച്ച് സാവിച്ച് രക്ഷപ്പെടുത്തി. 20ആം മിനിറ്റിൽ ഷാഖിരി ഗോളിച്ചു. ആറാം മിനിറ്റിനിപ്പുറം സെർബിയ ഒപ്പമെത്തി. മിട്രോവിച്ചിന്‍റെ സൂപ്പർ ഹെഡര്‍. ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോൾ സൈർബിയ മുന്നിൽ. ഗോളടിച്ചത് വ്ലാഹോവിച്ച്. രണ്ടാംപകുതിയില്‍. സെർബിയയുടെ ഊർജം ഇത്തിരി കുറഞ്ഞു. അത് സ്വിസ് ടീമിന് കൂടുതൽ ഊർജം നൽകി. എംബോളോ ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ എംബോള നൽകിയ ഒരുഗ്രൻ ബാക്ക്ഹീൽ പാസ് കാൽപറ്റി മാർക്കോ ഫ്രൂലെർ വിജയവും.
അവസാനഗ്രൂപ്പ് മത്സരങ്ങളുടെ അവസാനദിനം. സെർബിയ സ്വിറ്റ്സർലൻഡ് മത്സരം രസികൻ കളിയായിരുന്നു. വാശിയേറിയതും. കളി നിയന്ത്രിച്ചതനെക്കാൾ റഫറിമാർ പ്രയാസപ്പെട്ട് മത്സരം തീരാനായപ്പോഴേക്കും രണ്ടുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം കൈവിട്ടു പോകാതിരിക്കാനാണ്. രണ്ടു കൂട്ടരും തല്ലുണ്ടാക്കാൻ ഒരുങ്ങിയതാണ്. ഷാക്കയെ മിലെൻകോവിച്ച് തള്ളുകയും ചെയ്തു. രണ്ട് പേരും ഉൾപെടെ നിരവധി പേർക്ക് കാർഡ് കിട്ടി. ഉറുഗ്വെയുടെ താരം കവാനിക്ക് മത്സരം കഴിഞ്ഞ വഴി കാർഡ് കിട്ടിയത് റഫറിയോട് തല്ലുകൂടിയതിനാണ്. കിട്ടേണ്ടിയിരുന്ന പെനാൽരറ്റികൾ റഫറി അനുവദിച്ചില്ലെന്നാണ് കവാനിയും കൂട്ടരും പറയുന്നത്. അവർ ആ നീരസവും പ്രതിഷേധവും പരസ്യമാക്കുകയും ചെയ്തു.
ജയിച്ച കളിയിൽ ആഹ്ളാദിക്കാൻ കാത്തിരുന്നവരാണ് തെക്കൻ കൊറിയക്കാർ. പോർച്ചുഗലിന് എതിരെ ജയിച്ചു കഴിഞ്ഞ ഉടൻ അവരെല്ലാവരും പരസ്പരം കൈ കോടുത്തു. എന്നിട്ട് എല്ലാവരും കൂടി മൈതൈനത്ത് കൂടിയിരുന്നു. ഫോണുകളിൽ ഉറുഗ്വെയുടെയും ഘാനയുടെയും മത്സരം തീരാൻ കാത്തിരുന്നു. സ്റ്രേഡിയത്തിൽ നിറഞ്‍ഞ ആരാധകരും അതു നത്നെ ചെയ്തു. ഒടുവിൽ ഉറുഗ്വെയുടെ ഗോൾനേട്ടം രണ്ടിലൊതുങ്ങി എന്നറിഞ്ഞ നിമിഷം സ്റ്റേഡിയം കൊറിയക്കാരുടെ ആഹ്ലാദശബ്ദം കൊണ്ട് മുഖരിതമായി. സൺ ഹ്യുങ് മിൻ ആനന്ദക്കണ്ണീർ പൊഴിച്ചു.
കഴിഞ്ഞ കളിയിൽ റഫറിയെ ചോദ്യംചെയ്തതിന് കാർഡ് കിട്ടിയത് കൊണ്ട് പുറത്തിരിക്കേണ്ടി വന്ന അവുടെ കോച്ച് പാവ്ളോ ബെൻറോ സംതൃപ്തിയുടെ ചിരിയുമായി ആശ്വാസത്തിന്‍റെ നെടുവീർപ്പിട്ടു, പൊരുതിക്കളിച്ച, വിജയത്തിലും സമചിത്തതയോടെ പെരുമാറിയ, ആരാധകരുടെ പിന്തുണ ഏറ്റവും വിലിയ ഊർജദായിനിയാക്കിയ പോരാട്ടവീര്യമാണ് ഏറ്റവും വലിയ കരുത്തെന്ന് തെളിയിച്ച തെക്കൻ കൊറിയ. അവരെ ഏറ്റവും നന്നായി നയിച്ച, പോരാടിയ, ഏറ്റവും നല്ല ഷോട്ടുകളുതിർത്ത. വിജയപ്പിച്ച ഗോളിന് വഴിയൊരുക്കിയ സൺ ഹ്യൂങ് മിൻ എന്ന ധീരനായകന് ഇന്നത്തെ കുതിരപ്പവൻ. കണ്ണിനടുത്തെ എല്ലുപൊട്ടലിന് ഷീൽഡിട്ടെങ്കിലും വീക്ഷണത്തിലും പോരാട്ടത്തിലും ഓട്ടത്തിലും ഒരു മറയും വരാതിരുന്ന , ഒടുവിൽ ടീമിന്റെ വിജയത്തിൽ ആനന്ദകണ്ണീർ പൊഴിച്ച സൺ ഹ്യൂങ് മിൻ, കൊറിയയുടെ ശരിയായ നായകൻ.