ഫിഫ ലോകകപ്പ്:വെയ്ല്‍സിന്‍റെ രക്ഷകനായി ബെയ്ല്‍;യുഎസിനെതിരെ ആവേശസമനില

By Web Team  |  First Published Nov 22, 2022, 2:34 AM IST

തുടര്‍ ആക്രമണങ്ങള്‍ക്ക് വെയ്ല്‍സിന് 80-ാം മിനിറ്റില്‍ ഫലം ലഭിച്ചു. ടിം റീം ഗാരെത് ബെയ്‌ലിനെ ബോക്സില്‍ വീഴ്ത്തിയതിന് വെയ്ല്‍സിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. പിഴവുകളേതുമില്ലാതെ ബെയ്ല്‍ പന്ത് വലയിലെത്തിച്ച് വെയ്ല്‍സിന് സമനില സമ്മാനിച്ചു.


ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ വെയ്ല്‍സ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്‍റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍(1-1) തളച്ചത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച യുഎസിന്‍റെ വേഗത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വെയ്ല്‍സ് പതറിയപ്പോള്‍ ആദ്യ പകുതിയില്‍ യുഎസിനായിരുന്നു സമ്പൂര്‍ണാധിപത്യം. എന്നിടും ആദ്യ അരമണിക്കൂര്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ വെയ്ല്‍സിനായി. എന്നാല്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയിലൂടെ യുഎസ് മുന്നിലെത്തി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ക്രിസ്റ്റ്യന്‍ പുലിസിച്ച് നല്‍കിയ മനോഹര പാസില്‍ തിമോത്തി വിയയുടെ ക്ലിനിക്കല്‍ ഫിനിഷിംഗ് കൂടിയായപ്പോള്‍ യുഎസ് ഒരടി മുന്നിലെത്തി.

Latest Videos

ഒമ്പതാം മിനിറ്റില്‍ സെല്‍ഫ് വഴങ്ങുന്നതില്‍ നിന്ന് വെയ്ല്‍സ് കഷ്ടിച്ച് രക്ഷപ്പെട്ടത് ആരാധകര്‍ക്ക് ആശ്വാസമായി.യുഎസ് താരം തിമോത്തി വിയ ബോക്സിനകത്തു നിന്ന് കൊടുത്ത ക്രോസില്‍ വെയ്ല്‍സിന്‍റെ ജോ റോഡന്‍റെ ഹെഡ്ഡര്‍ വെയല്‍സ് ഗോള്‍ കീപ്പര്‍ വെ്യന്‍ ഹെന്നെസെ രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടു പിന്നാലെ  യുഎസിന് ലഭിച്ച അവസരം ആന്‍റോണി റോബിന്‍സണ്‍ നഷ്ടമാക്കി. അന്‍റോണി റോബിന്‍സണും ക്രിസ്റ്റ്യന്‍ പുലിസിച്ചിനും ആക്രമിക്കാന്‍ ഇടം നല്‍കിയതിന് ആദ്യപകുതിയില്‍ വെയ്ല്‍സ് വലിയ വില നല്‍കേണ്ടിവന്നു.ഇരു വിംഗുകളിലൂടെയും ഇരുവരും തുടര്‍ ആക്രമണങ്ങളുമായി വെയ്ല്‍സ് ഗോള്‍ മുഖത്ത് ഇരച്ചെത്തി.

ഖത്തറിൽ ഓറഞ്ച് പൂത്ത് തുടങ്ങി; ആഫ്രിക്കൻ പോരാട്ടത്തെ അതിജീവിച്ച് ഡച്ച് പട, മിന്നും വിജയം

ആദ്യ പകുതിയില്‍ വെയ്ല്‍സിനായി സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്ലിനും ആരോണ്‍ റാംസേക്കും ഒന്നും ചെയ്യാനായില്ല.പ്രതിരോധത്തിലൂന്നി കളിച്ച വെയില്‍സിന് ആദ്യ പകുതില്‍ നല്ലൊരു ആക്രമണ നീക്കം പോലും നടത്തിയില്ല.ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് വെയ്ല്‍സിന് മത്സരത്തിലെ ആദ്യ കോര്‍ണര്‍ ലഭിച്ചത്. മറുവശത്ത് യുവതാരങ്ങളുടെ കരുത്തില്‍ യുഎസ്എ കളം നിറഞ്ഞു കളിച്ചു.ആദ്യ അര മണിത്തൂറില്‍ വെറും 16 തവണയാണ് ബെയ്ല്‍ പന്തില്‍ തൊട്ടത്.

രണ്ടാം പകുതിയില്‍ ബെയ്‌ലെടുത്ത് ബെയ്ല്‍

രണ്ടാം പകുതിയുടെ‍ തുടക്കത്തിലെ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ വെയ്ല്‍സ് മുന്നേറിയതോടെ യുഎസ് പ്രതിരോധം വിറച്ചു. തുടക്കത്തില്‍ തന്നെ കോര്‍ണര്‍ നേടിയെങ്കിലും വെയ്ല്‍സിന് അത് മുലാക്കാനായില്ല.64-ാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ ബെന്‍ ഡേവിസ് തൊടുത്ത ഹെഡ്ഡര്‍ യുഎസ് ഗോളി മാറ്റ് ടര്‍ണര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയപ്പോള്‍ തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറില്‍  നിന്ന് കീഫര്‍ മൂര്‍ തൊടുത്ത ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. വെയ്ല്‍സ് തുടര്‍ ആക്രമണങ്ങളുമായി നിറഞ്ഞു കളിച്ചപ്പോള്‍ യുഎസ് പ്രതിരോധത്തിലേക്ക് വലിഞ്ഞ് കൗണ്ടര്‍ അറ്റാക്കുകളില്‍ മാത്രം ശ്രദ്ധിച്ചു.

ആദ്യ അങ്കത്തിനിറങ്ങുന്ന അര്‍ജന്‍റീനക്ക് സന്തോഷവാര്‍ത്തയുമായി മെസി

തുടര്‍ ആക്രമണങ്ങള്‍ക്ക് വെയ്ല്‍സിന് 80-ാം മിനിറ്റില്‍ പ്രതിഫലം ലഭിച്ചു. ഗാരെത് ബെയ്‌ലിനെ ടിം റീം ബോക്സില്‍ വീഴ്ത്തിയതിന് വെയ്ല്‍സിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. പിഴവുകളേതുമില്ലാതെ ബെയ്ല്‍ പന്ത് വലയിലെത്തിച്ച് വെയ്ല്‍സിന് സമനില സമ്മാനിച്ചു.രാജ്യത്തിനായുള്ള ബെയ്ലിന്‍റെ 41-ാം ഗോളും ലോകകപ്പിലെ ആദ്യഗോളുമാണിത്. 1958നുശേഷം ആദ്യ ലോകകപ്പിനിറങ്ങിയ വെയ്ല്‍സ് തോല്‍ക്കാതെ കയറിയതിന്‍റെ ആശ്വാസത്തില്‍ മടങ്ങിയപ്പോള്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും വിജയവും വിലപ്പെട്ട മൂന്ന് പോയന്‍റും കൈവിട്ടതിന്‍റെ നിരാശയിലായിരുന്നു യുഎഎസ്എ.

click me!