ക്രൊയേഷ്യയുടെ ബോക്സില്‍ വെച്ച് ബ്രൂണോ പെറ്റ്കോവിച്ചിന്‍റെ കൈയില്‍ പന്ത് തട്ടിയിട്ടും റഫറി പെനല്‍റ്റി വിധിക്കാതിരുന്നതാണ് മൊറോക്കന്‍ താരങ്ങളെ ചൊടിപ്പിച്ചത്.
ദോഹ: ഖത്തര്‍ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലില്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റീനോയോട് തര്‍ക്കിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് മൊറോക്കോ താരം അഷ്റഫ് ഹക്കീമി. ക്രോയേഷ്യക്കെതിരായ ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോ 2-1ന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മത്സരശേഷം കളി നിയന്ത്രിച്ച ഖത്തര്‍ റഫറിയുടെ താരുമാനങ്ങളെക്കുറിച്ചാണ് ഹക്കീമിയും ഇന്‍ഫാന്‍റീനോയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
ക്രൊയേഷ്യയുടെ ബോക്സില്‍ വെച്ച് ബ്രൂണോ പെറ്റ്കോവിച്ചിന്‍റെ കൈയില്‍ പന്ത് തട്ടിയിട്ടും റഫറി പെനല്‍റ്റി വിധിക്കാതിരുന്നതാണ് മൊറോക്കന്‍ താരങ്ങളെ ചൊടിപ്പിച്ചത്. ഈ സമയത്ത് മൊറോക്കോ ഒരു ഗോളിന് പിന്നിലായിരുന്നു. സെമിയില്‍ ഫ്രാന്‍സിന്‍റെ ഇബ്രാഹിം കൊണാറ്റെ സോഫിയാന്‍ ബൗഫലിനെ ഫൗള്‍ ചെയ്തതിനും റഫറി പെനല്‍റ്റി അനുവദിച്ചിരുന്നില്ല. മത്സരശേഷം ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം നല്‍കുന്നതിനിടെയാണ് ഹക്കീമി റഫറീയിംഗിലെ തന്‍റെ അതൃപ്തി ഫിഫ പ്രസിഡന്‍റിനോട് നേരിട്ട് പറഞ്ഞത്.
undefined
ഗോള്‍ഡന്‍ ബോള്‍ മെസി കരസ്ഥമാക്കും; എംബാപ്പെ ആ അത്ഭുതം കാട്ടേണ്ടിവരുമെന്ന് ഇതിഹാസം
ഇത് ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിലേക്കും നീണ്ടിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ ഹക്കീമി ഇന്‍ഫാന്‍റീനോയോട് തര്‍ക്കിച്ചതിന് മാപ്പു പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മത്സരശേഷം താന്‍ രോഷാകുലനായിരുന്നുവെന്നും ഹക്കീമി പറഞ്ഞു. തര്‍ക്കത്തിനിടെ രൂക്ഷമായ പദപ്രയോഗം നടത്തിയതില്‍ ഇന്‍ഫാന്‍റീനോയോട് മാപ്പു പറഞ്ഞുവെന്നും ഇന്‍ഫാന്‍റീനോ തന്‍റെ സുഹൃത്താണെന്നും അദ്ദേഹത്തോട് വളരെയേറെ ബഹുമാനമുണ്ടെന്നും ഹക്കീമി പറഞ്ഞു.
നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്‍റോണിയോ മത്തേയു ലാഹോസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നത്. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്. ഇരു ടീമിലുമായി 16 കളിക്കാര്‍ക്കും രണ്ട് പരിശീലകര്‍ക്കും ലാഹോസ് കാര്‍ഡ് നല്‍കിയിരുന്നു.ഇതിന് പിന്നാലെ ക്രൊയേഷ്യ- അര്‍ജന്‍റീന സെമി ഫൈനല്‍ മത്സരം നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റിനെതിരെ ക്രൊയേഷ്യന്‍ പരിശീലകനും ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചും രംഗത്തെത്തിയിരുന്നു.