2022 ൽ എന്നർ വലൻസിയ നയിക്കുന്ന ടീമിന്‍റെ സത്തയും യഥാർത്ഥത്തിൽ 'ആഫ്രോചോറ്റേനോ' തന്നെയാണ്. ചരിത്രപരമായി സാമൂഹികക്രമങ്ങളിൽ എവിടെയും പേര് വരാത്ത എസ്മറാൾഡിലെയും ചോട്ടാവാലിയിലെയും ആഫ്രിക്കൻ വേരുകൾ ആ രാജ്യത്തിന്റെ പേര് ലോകമുറക്കെ വിളിപ്പിക്കുന്നു, ചരിത്രത്തിലാദ്യമായി ഹോം ടീമിനെ തോൽപിച്ചവരെന്ന് റെക്കോർഡ് ബുക്കിൽ പേര് ചേർപ്പിക്കുന്നു...
വർഗ്ഗസമരമാണ് ഇക്വാഡോറിന്റെ കാല്‍പ്പന്ത് കളി. ഇക്വാഡോറിയൻ സാമൂഹിക ക്രമത്തിൽ എലൈറ്റ് വെള്ളക്കാർ നിശ്ചയിക്കുന്ന ചായക്കൂട്ടുകളിൽ പുറമ്പോക്കുകളാണ് ആഫ്രിക്കൻ വേരുകളുള്ള ഇക്വാഡോറിയക്കാർ. വളരെ കൃത്യമായി സാമൂഹിക മുന്നേറ്റങ്ങളിൽ പാടെ ഒഴിവാക്കപ്പെടുന്ന ആർക്കും വേണ്ടാത്തവർ.
'കുന്നുകാരും തീരക്കാരും' തമ്മിലുള്ള തീവ്രമായ വൈര്യം ഇക്വാഡോറിന്‍റെ ഞരമ്പിലുണ്ട്, അത് ഫുട്ബോളിലുമുണ്ടായിരുന്നു. എൺപതുകളിൽ ദുസാൻ ഡ്രാസ്കോവിച് എന്ന യുഗ്ലോസാവിയൻ കോച്ച്, ഈ വൈര്യത്തിനെ പുച്ഛിച്ചു തള്ളി. ആറോളം ഐഡന്‍റിറ്റി വിളക്കിചേർത്ത യുഗ്ലോസോവിയൻ ആശയക്കാരൻ പിന്നെന്ത് ചെയ്യാൻ?
.
അയാൾ സ്വന്തം വണ്ടിയിലെണ്ണയടിച്ചു ഒറ്റക്ക് നാട്ടിലിറങ്ങി, കാല്‍പ്പന്തുകളിക്കാരെ തിരഞ്ഞു. പുറമ്പോക്ക് ആഫ്രിക്കൻ വേരുള്ളവർ ചത്തു ജീവിക്കുന്ന ചോട്ടാ വാല്ലിയിലും (Valley de Chotta) , ഏറ്റവും കൂടുതൽ കറുത്ത വർഗ്ഗക്കാർ തിങ്ങിജീവിക്കുന്ന എസ്മറാൾഡിലും, അയാൾ തന്റെ നടത്തമവസാനിപ്പിച്ചു. നല്ല കരുത്തും, ശാരീരികകഴിവുകളുമുള്ള കാമ്പുള്ള കളിക്കാരെ അയാൾ കണ്ടെത്തി. അയാളിലൂടെ എക്വാഡോർ കാല്പന്തുകളി പതിയെ വളർന്നു. 2002 , 2006 ലോകകപ്പിൽ ഇക്വാഡോറിന്റെ 'കറുത്ത ടീം' യോഗ്യത നേടി, 2002 ലോകക്കപ്പിലെ 22 അംഗ ടീമിലെ 19 പേരും ഡ്രസ്കോവിച്ചിന്‍റെ കുട്ടികളായിരുന്നു 2006ല്‍ അവർ രണ്ട് കളികളിൽ വിജയിച്ചു. ആ വിജയങ്ങൾ ആഫ്രോ എക്വാഡോറിയൻ ജീവിതങ്ങളിൽ മാറ്റം കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അതൊക്കെയും എണ്ണം കുറഞ്ഞ മധുവിധു നാളുകൾ മാത്രമായി ചുരുങ്ങി നിന്നു. അവരെന്നും എല്ലായിടത്തു നിന്നും സംഘടിതമായി മാറ്റി നിർത്തപെട്ടു.
എന്നാലും ചില നുറുങ്ങു വെട്ടങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ഇവാൻ ഹുര്താഗോ, അഗസ്റ്റിൻ, ഡെൽഗാടോ പോലുള്ള കളിക്കാർ രാജ്യവും കടന്ന് യൂറോപ്പിൽ കളിമികവ് തെളിയിച്ചു. ഡെൽഗാടോയാവട്ടെ തന്റെ കളിപ്പണം കൊണ്ട് സ്കൂളുകളും, ക്ലബ്ബും തുടങ്ങിവെച്ചു. അനേകം കറുത്തവേരുകളത് വഴി തളിർക്കുകയും പൂക്കുകയും ചെയ്തു. "ആഫ്രോ ചോറ്റേനോകൾക്ക് " കാല്പന്തുകളി അവരെ ഏതെങ്കിലും തരത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ അടയാളപ്പെടുത്തുവാനുള്ള ചരിത്രപരമായ പോരാട്ടം തന്നെയാണ്.
1916 ൽ ചിലി ഉരുഗ്വേ മത്സരത്തിൽ ഉരുഗ്വയൻ ടീമിൽ രണ്ട് ആഫ്രിക്കൻ കളിക്കാർ ഉള്ളതിനാൽ ചിലി പരാതി പറഞ്ഞതും അതേ മത്സരത്തിൽ ഇസബെലിനോ ഗ്രാടിനെന്ന 'ആഫ്രിക്കൻ കളിക്കാരൻ' രണ്ട് ഗോളുകൾ നേടി വംശീയതക്ക് മേലെ ആണിക്കല്ലടിച്ചതും ചരിത്രം. വെള്ളക്കാർക്ക് മേലെ ബ്രസീലിയൻ ശൈലി കൊണ്ട് വന്ന ഫ്രയ്ഡൻറിഷും, കാല്പന്തിന്റെ ആദ്യ അന്താരാഷ്ട്ര സൂപ്പർതാരം ഉറുഗ്വയുടെ ജോസ് ലിയാൻഡ്രോ ആൻദ്രാടേയും കറുത്തവരായിരുന്നുവെന്നതും കേവലം യാദൃശ്ചികമല്ല. കറുത്തവർക്ക് കാല്പന്തുകളി അതിജീവനത്തിന്റേത് കൂടിയാണ്.
2022 ൽ എന്നർ വലൻസിയ നയിക്കുന്ന ടീമിന്‍റെ സത്തയും യഥാർത്ഥത്തിൽ 'ആഫ്രോചോറ്റേനോ' തന്നെയാണ്. ചരിത്രപരമായി സാമൂഹികക്രമങ്ങളിൽ എവിടെയും പേര് വരാത്ത എസ്മറാൾഡിലെയും ചോട്ടാവാലിയിലെയും ആഫ്രിക്കൻ വേരുകൾ ആ രാജ്യത്തിന്റെ പേര് ലോകമുറക്കെ വിളിപ്പിക്കുന്നു, ചരിത്രത്തിലാദ്യമായി ഹോം ടീമിനെ തോൽപിച്ചവരെന്ന് റെക്കോർഡ് ബുക്കിൽ പേര് ചേർപ്പിക്കുന്നു...
കറുത്തവരുടെ ഈ ഇക്വാഡോറിയൻ ടീം കാല്‍പ്പന്തുകളിയിലൂടെ വിമോചനമല്ലാതെ മറ്റെന്താണ് ഉറക്കെ, ഉറച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നത്??