Fact Check: നിരന്നിരുന്ന് മദ്യപിക്കുന്ന സ്ത്രീകള്‍, വ്യാജ പ്രചാരണം പൊളിഞ്ഞു, യാഥാര്‍ഥ്യം ഇതാ

By Web TeamFirst Published Nov 26, 2023, 10:23 AM IST
Highlights

നിരവധി സ്ത്രീകള്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിന്‍റെതായി പ്രചരിക്കുന്ന വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതല്ല

കുറെയേറെ സ്ത്രീകള്‍ നിലത്ത് ഇരുന്ന് മദ്യപിക്കുന്നതിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) വൈറലാണ്. ഈ വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം തെറ്റാണ് എന്നാണ് ഫാക്ട് ചെക്ക് വ്യക്തമാക്കുന്നത്. വീഡിയോ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണവും വസ്‌തുതതയും വിശദമായി പരിശോധിക്കാം.

പ്രചാരണം

तमिलनाडु: परिवार में महिलाओं की महत्वपूर्ण भूमिका होती हैं। अगर महिलाएं ऐसी होंगी तो बच्चों का पालन-पोषण कैसे होगा। pic.twitter.com/FgyfmD5JY5

— Abhishek Kumar Kushwaha (@TheAbhishek_IND)

Latest Videos

'തമിഴ്‌നാട്: സ്ത്രീകള്‍ക്ക് കുടുംബത്തില്‍ വലിയ പ്രാധാന്യമുണ്ട്. സ്ത്രീകള്‍ ഇങ്ങനെ മദ്യപിക്കുന്നവരാണ് എങ്കില്‍ കൂട്ടികള്‍ എങ്ങനെയാവും വളരുക?' എന്ന ചോദ്യത്തോടെയാണ് അഭിഷേക് കുമാര്‍ കഷ്‌വാഹ എന്ന യൂസര്‍ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 2023 നവംബര്‍ 21ന് ട്വീറ്റ് ചെയ്‌ത വീഡിയോയ്‌ക്ക് 42 സെക്കന്‍ഡാണ് ദൈര്‍ഘ്യം. ഈ വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതല്ല, തെലങ്കാനയില്‍ നിന്നുള്ളതാണ് എന്ന് പലരും ട്വീറ്റിന് താഴെ മറുപടി രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വീഡിയോയുടെ വസ്‌തുത പരിശോധിക്കാം.

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഇതിന്‍റെ ഒറിജിനല്‍ ദൃശ്യം Banjara Ashwitha എന്ന യൂട്യൂബ് ചാനലില്‍ കണ്ടെത്താനായി. 2023 നവംബര്‍ നാലാം തിയതിയാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. തെലങ്കാനയിലെ ഒരു ആഘോഷ പരിപാടിക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. തെലങ്കാനയിലെ ബാഞ്ജാരാ എന്ന ജനവിഭാഗത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വീഡിയോകളാണ് ഈ യൂട്യൂബ് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഇക്കാര്യം Banjara Ashwitha ചാനലില്‍ വിവരണമായി നല്‍കിയിരിക്കുന്നത് കാണാം. 

നിഗമനം

നിരവധി സ്ത്രീകള്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിന്‍റെതായി പ്രചരിക്കുന്ന വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതല്ല. തെലങ്കാനയില്‍ നിന്നുള്ള വീഡിയോയാണ് തമിഴ്‌നാട്ടിലേത് എന്ന വ്യാജേന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

Read more: 'നവകേരള സദസും പിണറായിയുടെ സല്‍ക്കാരവും'; വി ടി ബല്‍റാം അടക്കമുള്ളവര്‍ പങ്കുവെച്ചത് വ്യാജ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!