ബീപ് ശബ്‌ദത്തോടെ മൊബൈലുകളില്‍ സന്ദേശം വന്നു; ഞെട്ടി ആളുകള്‍ ഫോണ്‍ താഴെവച്ചു! സംഭവം എന്ത്?

By Web TeamFirst Published Oct 31, 2023, 11:44 AM IST
Highlights

മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അലെര്‍ട് വന്നതില്‍ ആരും ഭയക്കേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ആളുകളുടെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിന്‍റെ ഞെട്ടലിലാണ് പലരും. എന്താണ് സംഭവിച്ചത് എന്നറിയാതെ പലരും മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെവച്ചു. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനും ഫോണുകള്‍ക്കുണ്ടായതാണ് പലരിലും ഞെട്ടലുണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി നോക്കാം. 

മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അലെര്‍ട് വന്നതില്‍ ആരും ഭയക്കേണ്ടതില്ല. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളില്‍ നേരത്തെ തന്നെ സെല്‍ ബ്രോഡ്‌കാസ്റ്റ് സന്ദേശം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു. 

Latest Videos

ഇംഗ്ലീഷിലും മലയാളത്തിലും വന്ന സന്ദേശങ്ങള്‍

കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഇത്തരം എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിര്‍ണായകമായ എര്‍ജന്‍സി അലെർട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. സമാനമായി കേരളത്തിലെ മൊബൈല്‍ ഫോണുകളില്‍ എത്തിയ അലെർട് മെസേജിനൊപ്പം ഉയര്‍ന്ന ബീപ് ശബ്‌ദവും വൈബ്രേഷനും ശബ്‌ദ സന്ദേശവും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമുള്ള (മലയാളം) എഴുത്തുമുണ്ടായിരുന്നു.

Read more: 'ഫോൺ പ്രത്യേക തരത്തിൽ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും'; ആരും പേടിക്കേണ്ട, അറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!