'തള്ളിയിട്ട് 4 വര്‍ഷം, ഇപ്പോഴും നിപ വൈറസ് പരിശോധിക്കാന്‍ പൂനെയില്‍ ക്യൂ നില്‍ക്കണം'; സംഭവം എത്രത്തോളം ശരി?

By Web Team  |  First Published Sep 12, 2023, 3:11 PM IST

നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിക്കുന്നതിലെ പ്രോട്ടോക്കോളാണ് ഇതിന് കാരണം എന്നാണ് മനസിലാക്കേണ്ടത്


കോഴിക്കോട്: വീണ്ടും നിപ വൈറസിന്‍റെ സംശയമുനയില്‍ നില്‍ക്കുകയാണ് കേരളം. സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ കോഴിക്കോട് നിപ ബാധ സംശയിക്കുന്ന രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ കേരളത്തിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ വിമര്‍ശനം ശക്തമാവുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. ഇപ്പോഴും നിപ വൈറസ് പരിശോധിക്കാന്‍ പൂനെയില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണോ എന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന കാര്യം. എന്നാല്‍ നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിക്കുന്നതിലെ പ്രോട്ടോക്കോളാണ് ഇതിന് കാരണം എന്നാണ് മനസിലാക്കേണ്ടത്. 

പ്രചാരണം

Latest Videos

'തള്ളിയിട്ട് 4 വര്‍ഷം, ഇപ്പോഴും നിപ വൈറസ് പരിശോധിക്കാന്‍ പൂനെയില്‍ ക്യൂ നില്‍ക്കണം' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്ററില്‍ പ്രചരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എട്ട് മാസം കൊണ്ട് സംസ്ഥാനത്ത് സ്ഥാപിച്ചു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടും പരിശോധിക്കാന്‍ സംവിധാനമില്ലേ എന്ന ചോദ്യത്തോടെയാണ് ഈ പോസ്റ്റര്‍ പലരും ഷെയര്‍ ചെയ്യുന്നത്. ദി നാഷണലിസ്റ്റ് എന്ന എഫ്‌ബി പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ. സ്ക്രീന്‍ഷോട്ട് ചുവടെ. 

വസ്‌തുത

നിപ പോലുള്ള രോഗങ്ങള്‍ ആദ്യം സ്ഥിരീകരിക്കാന്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമേ അധികാരമുള്ളൂ. ഇതിന് ശേഷമുള്ള തുടര്‍ പരിശോധനകള്‍ക്ക് മാത്രമേ പ്രാദേശിക ലാബുകളെ ആശ്രയിക്കാന്‍ പാടുള്ളൂ എന്നതാണ് ചട്ടം. ഇത് വിദേശ രാജ്യങ്ങളടക്കം പിന്തുടരുന്ന ആരോഗ്യ പ്രോട്ടോക്കോളാണ്. അതിനാല്‍തന്നെ നിപ വൈറസ് പരിശോധനാ ഫലം ആദ്യം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെ വരണം. ഇതിന് ശേഷമേ കേരളത്തില്‍ തുടര്‍ പരിശോധനകള്‍ നടത്താന്‍ കഴിയൂ. അതിനാല്‍തന്നെ കേരളത്തിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങളെ ചൊല്ലി നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ല. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഏതെങ്കിലും രോഗം സ്ഥിരീകരിച്ചാലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇടപെടുക. 2018-ല്‍ കോഴിക്കോട് നിപ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആവശ്യം ശക്തമായത്. 

Read more: 'ബിജെപി വനിതാ നേതാവിനൊപ്പം ചാണ്ടി ഉമ്മന്‍റെ ക്ഷേത്ര സന്ദര്‍ശനം'; പ്രചാരണങ്ങളുടെ വസ്‌തുത എന്ത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!