സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) സെപ്റ്റംബര്‍ 25ന് ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്ന 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം മുപ്പതിനായിരത്തോളം പേര്‍ കണ്ടു
ചെന്നൈ: ഹൈന്ദവ വിശ്വാസ പ്രകാരം പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ ഗണേശോത്സവം (ഗണേശ ചതുര്‍ത്ഥി) വലിയ രീതിയിലാണ് ഇത്തവണ ആഘോഷിക്കപ്പെട്ടത്. രാജ്യത്തെ വിവിധയിടങ്ങളില്‍ വിനായക ചതുർഥി വിപുലമായി ആഘോഷിക്കപ്പെട്ടു. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ തമിഴ്‌നാട്ടിലെ ഗണേശോത്സവത്തിന്‍റേതായിരുന്നു. എന്നാല്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്ന് നൃത്തമാടുന്ന ഈ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളതായിരുന്നില്ല. എങ്ങനെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത് എന്ന് നോക്കാം.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
പ്രചാരണം
സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) സെപ്റ്റംബര്‍ 25ന് ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്ന 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം മുപ്പതിനായിരത്തോളം പേര്‍ കണ്ടു. ഈ കണക്ക് ദൃശ്യം എത്രത്തോളം ശ്രദ്ധിക്കപ്പെട്ടു എന്നതിന് തെളിവാണ്. വലിയ കെട്ടിടങ്ങളുടെ സമീപത്തുള്ള ഗ്രൗണ്ട് പോലുള്ള ഒഴിഞ്ഞ സ്ഥലത്ത് തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ പാട്ടും നൃത്തവുമായി ആഘോഷിക്കുന്നതിന്‍റെതാണ് ഈ ദൃശ്യങ്ങള്‍. തമിഴ്‌നാട്ടിലെ ഗണേശോത്സവത്തിന്‍റെ വീഡിയോയാണിത് എന്നവകാശപ്പെട്ടാണ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ട്വീറ്റും വീഡിയോയും
सनातन की तमिलनाडू में दहाड़ शुरू ... ये 👇👇 है तमिलनाडू गणेश उत्सव l
स्टॅलिन का डर का अंदाज लगाइए ..
"Tamil Nadu" AIADMK "BJP in TN" "स्वरा भास्कर" " "Akshay Kumar" pic.twitter.com/8HCLrQYhHN
വസ്‌തുത
വീഡിയോയില്‍ സൂക്ഷ്‌മമായി നോക്കിയാല്‍ 'യു ആര്‍ അറ്റ് ചിന്താമണി ആഗമന്‍' എന്ന് വീഡിയോയുടെ മധ്യത്തില്‍ വാട്ടര്‍മാര്‍ക്ക് പോലെ എഴുതിയിരിക്കുന്നത് കാണാം. ഇതിന് തൊട്ടുതാഴെയായി @rohiitt0.7 എന്ന എഴുത്തും കാണാം. ഈ എഴുത്താണ് വീഡിയോയുടെ വസ്‌തുതയിലേക്കുള്ള ആദ്യ സൂചനയായത്. ഈ സൂചന വച്ച് rohiitt0.7 എന്ന് ഇന്‍സ്റ്റഗ്രാമില്‍ തെരഞ്ഞപ്പോള്‍ വീഡിയോയുടെ ഒറിജിനല്‍ ലഭ്യമായി. Chinchpoklicha Chintamani 2023 എന്ന അടിക്കുറിപ്പോടെയാണ് രോഹിത് എന്നയാള്‍ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 9-ാം തിയതിയാണ് ഈ പോസ്റ്റ്. നാല് ലക്ഷത്തിലധികം പേരുടെ ലൈക്ക് രോഹിത്തിന്‍റെ വീഡിയോയ്‌ക്കുണ്ട്. മുംബൈയില്‍ നിന്നുള്ള സിനിമാറ്റോഗ്രാഫറും വീഡിയോ എഡിറ്ററുമാണ് രോഹിത് എന്നാണ് അദേഹത്തിന്‍റെ ഇന്‍സ്റ്റ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരണം.
ഒറിജിനല്‍ വീഡിയോ
വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതല്ല, മുംബൈയില്‍ നിന്നുള്ളതാണ് എന്നാണ് ഇതോടെ ഏതാണ്ട് ഉറപ്പായി. എങ്കിലും ഈ കണ്ടെത്തല്‍ ശരിയാണോ എന്നുറപ്പിക്കാന്‍ Chinchpokli Chintamani Ganpati എന്ന കീവേഡ് ഉപയോഗിച്ച് കൂടുതല്‍ പരിശോധിച്ചപ്പോള്‍ വിവിധ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ സാധിച്ചു. തമിഴ്‌നാട്ടിലെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് താന്‍ മുംബൈയില്‍ നിന്ന് ഷൂട്ട് ചെയ്‌ത വീഡിയോയാണ് എന്ന് സിനിമാറ്റോഗ്രാഫറും വീഡിയോ എഡിറ്ററുമായ രോഹിത് വ്യക്തമാക്കിയതായി ആജ്‌തക് റിപ്പോര്‍ട്ട് ചെയ്‌തത് കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായി. ഇത് വായിച്ചതോടെ പൂര്‍ണ വ്യക്തത വന്നു.
നിഗമനം
ചെന്നൈയിലെ ഗണേശോത്സവത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോ മുംബൈയില്‍ നിന്നുള്ളതാണ് എന്ന് ഉറപ്പിക്കാം. മുംബൈയിലെ ലാല്‍ബാഗ് പ്രദേശത്ത് ചിന്താമണി ഗണപതിയുടെ വരവോടെ നടക്കുന്ന ഉത്സവമാണ് Chinchpokli Chintamani Ganpati.
Read more: 435 രൂപ മുടക്കൂ, സര്‍ക്കാര്‍ ജോലി നേടാം! ഓഫര്‍ സത്യമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം