തെന്നിക്കളിച്ച് ബൈക്ക് യാത്രക്കാരെ കറക്കിവീഴ്‌ത്തുന്ന പട്ടാമ്പി റോഡ്; വീഡിയോ വിശ്വസിക്കല്ലേ...Fact Check

By Web Team  |  First Published Nov 11, 2023, 2:34 PM IST

റോഡിലെ കുണ്ടുംകുഴിയും ചളിയും കാരണം ബൈക്ക് യാത്രികര്‍ തെന്നിവീഴുന്നതാണ് വീഡിയോയില്‍


കേരളത്തിലെ റോഡുകള്‍ മെച്ചപ്പെട്ടുവെന്നും അതല്ല മോശം അവസ്ഥയിലാണെന്നും ഉള്ള ചര്‍ച്ചകള്‍ നാളേറെയായുണ്ട്. ഒരുഭാഗത്ത് ദേശീയപാത വികസനം നടക്കുമ്പോള്‍ മറുഭാഗത്ത് മറ്റ് റോഡുകളുടെ അവസ്ഥ പരിതാപകരമാണ് എന്നാണ് പ്രധാന വിമര്‍ശനം. ഈ വിമര്‍ശനത്തിന് ആക്കംക്കൂട്ടി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. റോഡിലെ കുണ്ടുംകുഴിയും ചളിയും കാരണം ബൈക്ക് യാത്രികര്‍ തെന്നിവീഴുന്നതാണ് വീഡിയോയില്‍. പട്ടാമ്പി- കുളപ്പുള്ളി റോഡാണിത് എന്നുപറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം വാസ്തവവിരുദ്ധമാണ് എന്നാണ് ഫാക്ട് ചെക്കില്‍ തെളിഞ്ഞത്. 

പ്രചാരണം 

Latest Videos

undefined

'പട്ടാമ്പി കുളപ്പുള്ളി റോഡ്...അയർലൻഡ് മോഡൽ ആക്കാൻ പോവുകയാണ് സൂക്ഷിച്ചു പോകൂ'... എന്ന കുറിപ്പോടെയാണ് 34 സെക്കന്‍ഡുള്ള വീഡിയോ ഫേസ്‌ബുക്കില്‍ മുരളി എംപി പട്ടാമ്പി എന്നയാള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മഴ പെയ്‌ത് കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ നിരങ്ങിവീഴുന്നത് വീഡിയോയില്‍ കാണാം. ആദ്യം മുന്നില്‍ വന്ന യാത്രക്കാരന്‍ ബൈക്കില്‍ നിന്ന് തെന്നിവീഴുന്നു. ഇത് ശ്രദ്ധിക്കാതെ പിന്നാലെ ബൈക്കില്‍ ട്രിപ്പിളടിച്ച് വന്നവരും വീഴുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഇരു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല എന്നും വീഡിയോയില്‍ വ്യക്തം. ഈ റോഡിനെ പരിഹസിച്ച് നിരവധി പേരാണ് കമന്‍റുകള്‍ വീഡിയോയ്‌ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാം. 

ഫേസ്‌ബുക്ക് വീ‍ഡിയോ

 

വസ്‌തുതാ പരിശോധന

ഈ റോഡ് എവിടെയാണ് എന്ന അന്വേഷണമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നടത്തിയത്. പ്രചരിക്കുന്ന വീഡിയോയുടെ ഒരു ഫ്രെയിം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ലഭ്യമായ ഫലം പറയുന്നത് ഈ വീഡിയോ ആന്ധ്രാപ്രദേശില്‍ നിന്നുള്ളതാണ് എന്നാണ്. yashtdp വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് 'ആന്ധ്രയിലെ റോഡുകളുടെ അവസ്ഥ' എന്ന തലക്കെട്ടോടെ 2023 ഒക്ടോബര്‍ 1ന് വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുള്ളതായി റിവേഴ്‌സ് ഇമേജ് പരിശോധനയില്‍ കണ്ടെത്താനായി. താന്‍ ടിഡിപി നേതാവാണ് എന്നാണ് യാഷ് ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന വ്യക്തി വിവരങ്ങളില്‍ പറയുന്നത്. റോഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി യാഷിന് സന്ദേശം അയച്ചെങ്കിലും മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ പോസ്റ്റിന്‍റെ ആധികാരികത ഉറപ്പിക്കാനായില്ല. 

ഇന്‍സ്റ്റഗ്രാം പോസ്റ്റ്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yesasvi Bodduluri (@yashtdp)

അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള റോഡാണ് ഇതെന്നും പലതും ട്വീറ്റ് ചെയ്‌തിരിക്കുന്നതായും റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലങ്ങളില്‍ കണ്ടതോടെ ഈ റോഡ് എവിടെ നിന്നുള്ളതാണ് എന്ന സംശയം ഇരട്ടിച്ചു. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഇതിനെ തുടര്‍ന്ന് വീഡിയോയുടെ കൂടുതല്‍ ഫ്രെയിമുകള്‍ പരിശോധന നടത്തിയപ്പോള്‍ തെലങ്കാനയിലെ പ്രാദേശിക രാഷ്‌ട്രീയ നേതാവായ Poola Santosh സെപ്റ്റംബര്‍ 26-ാം തിയതി സമാന വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതായി കാണാനായി. Official Page-Former BJYM Sangareddy Dist General Secretary എന്നാണ് സന്തോഷിന്‍റെ പേജില്‍ നല്‍കിയിരിക്കുന്ന വിവരണം. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പൂല സന്തോഷുമായി വാട്‌സ്‌ആപ്പ് മുഖാന്തരം ബന്ധപ്പെട്ടു. ഈ റോഡ് തെലങ്കാനയിലുള്ളതാണെന്ന് വ്യക്തമാക്കിയ അദേഹം വീഡിയോയില്‍ കാണുന്ന സ്ഥലത്തിന്‍റെ ലൊക്കേഷനും നിരവധി ചിത്രങ്ങളും വീഡിയോകളും ഫാക്ട് ചെക്ക് ടീമിന് അയച്ചുതന്നു.

സമാന റോഡിന്‍റെ പുതിയ വീഡിയോ

Zaheerabad എന്ന സ്ഥലമാണ് അദേഹം അയച്ചുതന്ന ലൊക്കേഷനിലുള്ളത്. പൂല സന്തോഷ് അയച്ചുതന്ന ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന റോഡ് തെലങ്കാനയില്‍ തന്നെയെന്ന് വ്യക്തമായി. വൈറല്‍ വീഡിയോയിലും സന്തോഷ് കൈമാറിയ വീഡിയോയിലും ചരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളും സമീപത്ത് നീലമേല്‍ക്കൂരയുള്ള കെട്ടിടവും ദൃശ്യമാണ്. ഇത് താരതമ്യം ചെയ്‌താണ് റോഡ് തെലങ്കാനയിലേതാണ് എന്ന് മനസിലാക്കിയത്. 

നിഗമനം

'പട്ടാമ്പി കുളപ്പുള്ളി റോഡ് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ തെലങ്കാനയില്‍ നിന്നുള്ളതാണ് എന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസിലാവുന്നത്. തെലങ്കാനയില്‍ നിന്നുള്ള ഒരു പ്രാദേശിക നേതാവ് നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈയൊരു നിഗമനത്തിലെത്തിയത്. 

Read more: Fact Check: 'ഹൈപ്പര്‍‌ടെന്‍ഷനെ കുറിച്ച് ഇനി ടെന്‍ഷന്‍ വേണ്ട, അത്ഭുത മരുന്നുമായി എയിംസ്' എന്ന് ലേഖനം! വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!