പശ്ചാത്തലവും മതിലും മരങ്ങളും കാടുമെല്ലാം കണ്ടാല്‍ കേരളമാണ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് കൂടെയാണ് റോഡ് പണിതിരിക്കുന്നത്
തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ ചൊല്ലിയുള്ള വാക്‌വാദം പൊടിപൊടിക്കുന്നതിനിടെ വൈറലായി ഒരു ചിത്രം. വാഹനത്തിന്‍റെ ടയര്‍ പോകാന്‍ പാകത്തില്‍ രണ്ട് വശത്തായി മാത്രം ടാര്‍ ചെയ്‌തിട്ടുള്ള റോഡിന്‍റെ ചിത്രമാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. കേരളത്തിലെ റോഡാണിത് എന്നുപറഞ്ഞാണ് എഫ്‌ബി പോസ്റ്റ്. 'ടാർ ഫോർ ടയർ ടെക്‌നോളജി' എന്നാണ് ഈ ടാറിംഗിന്‍റെ പേര് എന്ന പരിഹാസത്തോടെയാണ് ഫേസ്‌ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്‌തിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന റോഡ് കേരളത്തിലോ എന്ന് ഫാക്ട് ചെക്ക് നടത്താം.
പ്രചാരണം
undefined
'Room for River' നു ശേഷം ഞങ്ങളവതരിപ്പിക്കുന്നൂ...#TarForTyre
#KRail നടപ്പിലാക്കിയില്ലെങ്കിലെന്താ #kroad നടപ്പിലാക്കിയില്ലേ...❤
പിണുങ്ങാണ്ടി ക്യൂബയിൽ നിന്ന് ഇറക്കിയ സാങ്കേതിക വിദ്യയാണ്
'ടാർ ഫോർ ടയർ technology.'.
കൃത്യം രണ്ട് ടയറുകൾക്ക് മാത്രമേ ടാറിന്റെ ആവശ്യമുള്ളൂ, മറ്റുഭാഗത്തെ ടാറിംഗ് അനാവശ്യ ചിലവാണെന്ന ക്യൂബൻ ചിന്തയിൽ നിന്ന് സാക്ഷാത്കരിക്കപ്പെട്ട K റോഡ് 💪- ഇത്രയുമാണ് വാഹനത്തിന്‍റെ ടയര്‍ കടന്നുപോകും രീതിയില്‍ രണ്ട് വശത്തായി മാത്രം ടാര്‍ ചെയ്‌തിട്ടുള്ള റോഡിന്‍റെ ചിത്രം സഹിതമുള്ള കുറിപ്പ് പ്രഭ കുമാര്‍ അനന്തപുരി എന്നയാള്‍ 2023 നവംബര്‍ 15-ാം തിയതി ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
പശ്ചാത്തലവും മതിലും മരങ്ങളും കാടുമെല്ലാം കണ്ടാല്‍ കേരളമാണ് എന്ന് തോന്നിക്കുമെങ്കിലും വിചിത്ര റോഡിന്‍റെ ചിത്രം കേരളത്തില്‍ നിന്നുള്ളതാണ് എന്ന് തെളിയിക്കുന്ന സൂചനകളൊന്നും വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായില്ല. റൊമാനിയ, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ റോഡാണിതെന്ന് ഫോട്ടോയുടെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച ആദ്യ ഫലങ്ങള്‍ പറയുന്നു. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നുള്ള റോഡാണിത് എന്ന പ്രചാരണവും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. ഇങ്ങനെ റോഡിന്‍റെ ഉറവിടമായി വിവിധ സ്ഥലങ്ങളുടെ പേരുകള്‍ വായിക്കാന്‍ ഇടയായതിനാല്‍ കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതായിവന്നു.
ഈ പരിശോധനയില്‍ ബള്‍ഗേറിയയില്‍ നിന്നുള്ള റോഡിന്‍റെ ചിത്രമാണിത് എന്ന് കാണാനിടയായി. റോഡ് ബള്‍ഗേറിയയിലാണ് എന്ന് അവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയ വിവിധ റിപ്പോര്‍ട്ടുകള്‍ ലിങ്ക് 1, 2 എന്നിവയില്‍ വായിക്കാം. 2023 ഒക്ടോബര്‍ മാസത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ ബള്‍ഗേറിയന്‍ മാധ്യമങ്ങളില്‍ വന്നത്. ബല്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് ഈ റോഡ് എന്നാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വിവര്‍ത്തനം ചെയ്‌തതില്‍ നിന്ന് മനസിലാക്കാനായത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് ഈ റോഡ് കേരളത്തിലല്ല എന്നാണ്.
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
വിചിത്ര ടാറിംഗ് രീതിയുള്ള റോഡിന്‍റെ ഫോട്ടോ കേരളത്തില്‍ നിന്നുള്ളതാണ് എന്ന് ഉറപ്പിക്കാന്‍ തക്കതായ തെളിവുകളൊന്നും വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായില്ല. ബള്‍ഗേറിയന്‍ റോഡിന്‍റെ ചിത്രമാണിതെന്നാണ് വിവിധ മാധ്യമവാര്‍ത്തകള്‍ മുന്‍നിര്‍ത്തി എത്തിയ നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം