ഈ എലവേറ്റ‍ഡ് ഹൈവേ കേരളത്തിലോ? പ്രചാരണങ്ങളുടെ വസ്‌തുത-Fact Check

By Web TeamFirst Published Jul 17, 2024, 3:17 PM IST
Highlights

ഇടത് അനുകൂല നിരവധി ഫേസ്‌ബുക്ക് പേജുകളിലാണ് ഈ എലവേറ്റഡ് ഹൈവേ കേരളത്തിലാണ് എന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നത്

കേരളത്തിലെ റോഡുകളെ കുറിച്ച് അനുദിനം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണാറുണ്ട്. ഇപ്പോഴൊരു എലവേറ്റഡ് ഹൈവേയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന റോഡ് ചര്‍ച്ച. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ച റോഡ് എന്ന തലത്തിലാണ് ഈ എലവേറ്റ‍ഡ് ഹൈവേയുടെ ചിത്രം നിരവധിയാളുകള്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഈ എലവേറ്റഡ് ഹൈവേയുടെ വസ്‌തുത മറ്റൊന്നാണ്. 

പ്രചാരണം

Latest Videos

ഇടത് ആഭിമുഖ്യമുള്ള നിരവധി ഫേസ്‌ബുക്ക് പേജുകളിലാണ് ഈ എലവേറ്റഡ് ഹൈവേ കേരളത്തിലാണ് എന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നത്. 'തളര്‍ത്താന്‍ നോക്കുമ്പോഴും കുതിച്ച് മുന്നേറുന്ന കേരളം' എന്ന തരത്തിലുള്ള നിരവധി കുറിപ്പുകളോടെ ഈ റോഡിന്‍റെ ചിത്രം നിരവധിയാളുകള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നതായി കാണാം. എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. 

വസ്‌തുതാ പരിശോധന

ചിത്രത്തില്‍ കാണുന്ന എലവേറ്റ‍ഡ് ഹൈവേയുടെ പരിസരത്തെ ഭൂപ്രകൃതി കേരളത്തിലേത് അല്ലായെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. മാത്രമല്ല, ഹൈവേയില്‍ കാണുന്ന കാറും ഇവിടെയുള്ള വാഹനങ്ങള്‍ പോലെയല്ല. ഇതോടെ ചിത്രത്തിന്‍റെ വസ്‌തുത അറിയാന്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലം പറയുന്നത് ഈ എലവേറ്റഡ് ഹൈവേ പാകിസ്ഥാനില്‍ നിന്നുള്ളതാണ് എന്നാണ്. പാകിസ്ഥാനിലെ ഹസാറ മോട്ടേര്‍വേയുടെ ഫോട്ടോയാണിത് പാകിസ്ഥാന്‍ ടൂറിസം എന്ന വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റില്‍ കാണാം. 

Hazara Motorway pic.twitter.com/LmcgrKfo4M

— Pakistan Tourism (@PakistanJannatt)

ഹസാറ മോട്ടോര്‍വേയുടെ ചിത്രം തന്നെയാണിത് എന്ന് പിന്റെറെസ്റ്റിലെ ഫലങ്ങളും വ്യക്തമാക്കുന്നു. 

നിഗമനം

കേരളത്തിലെ എലവേറ്റഡ് ഹൈവേയുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ പാകിസ്ഥാനിലെ ഒരു ഹൈവേയുടേതാണ്. കേരളത്തിലെ റോഡ് എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ എല്ലാം വ്യാജമാണ്. 

click me!