ലങ്കയുടെ ആറ് വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് കത്തിപ്പടര്‍ന്നതിന് പിന്നാലെയായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ആ ചിത്രമെത്തിയത്
ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ടീം ഇന്ത്യക്ക് വന്‍ ജയമൊരുക്കിയത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു. ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് ലങ്കന്‍ വിക്കറ്റുകളാണ് സിറാജ് പിഴുതത്. കലാശപ്പോരില്‍ ആവേശംകൂട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിഖ്യാത 'സ്യൂ' ശൈലിയിലാണ് സിറാജ് വിക്കറ്റാഘോഷം നടത്തിയത്. ഈ ആഘോഷം വലിയ കയ്യടികളോടെ സ്വീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പ്രചരിച്ച സിറാജിന്‍റെ ഒരു ചിത്രം വിശ്വസനീയമായിരുന്നില്ല. അതിനാല്‍ തന്നെ അതിന്‍റെ വസ്‌തുത എന്താണെന്ന് നോക്കാം.
പ്രചാരണം
undefined
ലങ്കയുടെ ആറ് വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് കത്തിപ്പടര്‍ന്നതിന് പിന്നാലെയായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ആ ചിത്രമെത്തിയത്. ലങ്കന്‍ ബാറ്ററെ പുറത്താക്കിയ ശേഷം ചാടിയുയര്‍ന്ന സിറാജ് വാനോളം ഉയര്‍ന്നു എന്നായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം. അതിശയത്തോടെ പലരും ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് കാണാം. ഒരിക്കലും സാധാരണ ഒരു മനുഷ്യന് സങ്കല്‍പിക്കാന്‍ കഴിയാത്തത്ര ഉയരമുണ്ടായിരുന്നു സിറാജിന്‍റെ ഈ ചാട്ടത്തിന്. ക്രിസ്റ്റ്യാനേ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ഹെഡര്‍ ചാട്ടം പോലും ഇതിന് മുന്നില്‍ ഒന്നുമല്ല എന്നാണ് ചിത്രം കണ്ടാല്‍ തോന്നുക. അതിനാല്‍ തന്നെ ഈ ചിത്രം സത്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
വസ്‌തുത
വായുവില്‍ ഉയര്‍ന്നുള്ള മുഹമ്മദ് സിറാജിന്‍റെ ചാട്ടത്തിന്‍റെ ഒറിജിനല്‍ ചിത്രം സാമൂഹ്യമാധ്യമായ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ പരിശോധനയില്‍ കണ്ടെത്താനായി. സ്റ്റംപിന്‍റെ മുകള്‍ ഭാഗത്തിനും താഴെയായി സിറാജിന്‍റെ കാലുകള്‍ നില്‍ക്കുന്നതായാണ് ഈ ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ വൈറല്‍ ചിത്രത്തില്‍ സിറാജിന്‍റെ കാലുകളുള്ളത് സ്റ്റംപിനും വളരെ ഉയരെയാണ്. ഇക്കാരണം കൊണ്ടുതന്നെ എഡിറ്റ് ചെയ്യപ്പെട്ട ചിത്രമാണ് പ്രചരിക്കുന്നത് എന്ന് ഉറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം