റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്‌ച 17 ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയി എന്നാണ് ട്വീറ്റുകളില്‍ പറയുന്നത്
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഒരു പട്ടിക. ഹമാസ് തട്ടിക്കൊണ്ടുപോയ 17 ഇന്ത്യക്കാരുടെ പട്ടിക എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ട്വിറ്ററില്‍ നിരവധി പേര്‍ ലിസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന പട്ടികയില്‍ കാണുന്നത് പോലെ 17 ഇന്ത്യക്കെതിരെ ഹമാസ് തട്ടിക്കൊണ്ടുപോയതിന്‍റെ ലിസ്റ്റ് തന്നെയോ ഇത് എന്ന് വിശദമായി പരിശോധിക്കാം.
പ്രചാരണം
'റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്‌ച 17 ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയി. ഇതില്‍ 10 പേര്‍ വധിക്കപ്പെട്ടു. തട്ടിക്കൊണ്ട് പോകപ്പെട്ട ഇന്ത്യക്കാരുടെ കാര്യത്തില്‍ വാതുറക്കാന്‍ ഇന്ത്യ സഖ്യകക്ഷികളാരും (INDIA Alliance) തയ്യാറല്ല. ഹമാസിന് മാര്‍ച്ചിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അലിഗഢ് മുസ്ലീം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അവര്‍ പിന്തുണ കൊടുക്കുന്നത്' എന്നുമാണ് ഒക്ടോബര്‍ പത്തിന് സുശീല്‍ ദ്വിവേദി എന്നയാളുടെ ട്വീറ്റ്. സമാന കുറിപ്പോടെ ജിതേന്ദ്ര നാഥ് പ്രസാദ് എന്നയാള്‍ പന്ത്രണ്ടാം തിയതി ട്വീറ്റ് ചെയ്‌തിരിക്കുന്നതും സാമൂഹ്യമാധ്യമമായ എക്‌സില്‍ കാണാം. പട്ടികയിലുള്ള 17 ആളുകളുടെ പേരിന് നേരെ ഇവരുടെ നിലവിലെ ആരോഗ്യാവസ്ഥ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പത്ത് പേര്‍ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ട്വീറ്റുകള്‍
As per sources 17 Indians have been kidnapped by HAMAS on Saturday in Israel.Out of this 10 are killed OR executed. No one from I.N.D.I.A. alliance has guts to give a statement on these kidnapped Indians.They support students of AMU who came out in support of HAMAS with a March. pic.twitter.com/v3gQa8guly
— Sushil Dwivedi (@sushildwivediSK)വസ്‌തുത
എന്നാല്‍ പട്ടികയിലുള്ള 17 പേരുടെയും വിലാസം പരിശോധിച്ചപ്പോള്‍ അവയെല്ലാം നേപ്പാളിലെ സ്ഥലങ്ങളാണ് എന്ന് വ്യക്തമായി. ഈ സൂചന പ്രകാരം നടത്തിയ കീവേഡ് സെര്‍ച്ചില്‍ നേപ്പാള്‍ പൗരന്‍മാരുടെ സംബന്ധിച്ച വാര്‍ത്തയുടെ വിശദാംശങ്ങള്‍ കണ്ടെത്താനായി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ നേപ്പാള്‍ പൗരന്‍മാരുടെ വാര്‍ത്ത ദേശീയ മാധ്യമമായ ദി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇപ്പോള്‍ എക്‌സില്‍ പ്രചരിക്കുന്ന പട്ടികയിലുള്ള പേരുകള്‍ ഇക്കണോമിക് ടൈംസിന്‍റെ വാര്‍ത്തയില്‍ കാണാം. തങ്ങളുടെ 10 പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിനാല്‍തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന പട്ടിക നേപ്പാള്‍ പൗരന്‍മാരുടെതാണ് എന്ന് ഉറപ്പിക്കാം.
ദി ഇകണോമിക് ടൈംസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
ഹമാസ് തട്ടിക്കൊണ്ടുപോയ 17 ഇന്ത്യക്കാരുടെ പട്ടിക എന്ന പേരിലുള്ള ട്വീറ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ട്വീറ്റുകളില്‍ നല്‍കിയിരിക്കുന്ന പട്ടിക ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌ത നേപ്പാളി പൗരന്‍മാരുടെതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം