സിദ്ധാർത്ഥനെ ചോദ്യം ചെയ്യുന്ന ചെറിയ വീഡിയോ എന്ന തലക്കെട്ടിലാണ് ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
വൈത്തിരി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ വിവാദങ്ങളും സംശയങ്ങളും ഇതുവരെ നീങ്ങിയിട്ടില്ല. സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ വച്ച് ക്രൂരമര്‍ദനത്തിന് ഇരയായി എന്നാണ് നിഗമനങ്ങള്‍. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ, സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ മര്‍ദിക്കുന്നതായി ഒരു വീഡിയോ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്‍റെ വസ്തുത?
പ്രചാരണം
'സിദ്ധാർത്ഥിനെ ചോദ്യം ചെയ്യുന്ന ചെറിയ വീഡിയോ' എന്ന തലക്കെട്ടിലാണ് ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിദ്യാര്‍ഥി എന്ന് തോന്നുന്ന ഒരാളോട് മറ്റൊരാളും സംഘവും കയര്‍ത്ത് സംസാരിക്കുന്നതും ശാരീരികമായി ആക്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ തെളിവുകളായി ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നതായി ഇതുവരെ ആധികാരികമായ വിവരങ്ങളോ വാര്‍ത്തകളോ ഇല്ലാത്തതിനാല്‍ ഈ വീഡിയോയുടെ വസ്‌തുത പരിശോധനയ്ക്ക് വിധേയമാക്കി.
വസ്‌തുതാ പരിശോധന
സിദ്ധാര്‍ത്ഥന്‍റെത് എന്ന് അവകാശപ്പെടുന്ന വീഡിയോയുടെ വസ്‌തുത തിരയാനായി ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ കെഎസ്‌യു ഗവര്‍ണമെന്‍റ് ലോ കോളേജ് കോഴിക്കോട് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സമാന വീഡിയോ 2023 നവംബര്‍ 25ന് പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് മനസിലാക്കാനായി. എന്നാല്‍ സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടത് 2024 ഫെബ്രുവരി മാസത്തിലാണ്.
കെഎസ്‌യുവിന്‍റെ പോസ്റ്റ്
കോഴിക്കോട് ഗവ ലോ കോളേജിൽ എസ്എഫ്ഐ നടത്തുന്ന നുണ കഥ പൊളിയുന്നു
'യൂണിയൻ പരിപാടി അലങ്കോലമാക്കാൻ ksu ക്കാർ സംഘർഷം ഉണ്ടാക്കി എന്നുള്ള തരത്തിലുള്ള sfi യുടെ നുണ പ്രചാരണങ്ങളും വെള്ള പൂശലും അവസാനിക്കുന്നില്ല, ജാതി അതിക്ഷേപ കേസിൽ സസ്പെൻഷനിലുള്ള അഭിഷേക്,മനു വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇന്നലെ ksu പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്, മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച് സാമൂഹ്യ വിപത്തുകൾ ആയിത്തീർന്ന ഇവരെ പോലെ ഉള്ളവരെയും അതിന് നേതൃത്വം കൊടുക്കുന്ന sfi എന്ന സംഘടനെയെയും ലോ കോളേജിലെ വിദ്യാർത്ഥികൾ തിരിച്ചറിയണം'- എന്ന കുറിപ്പോടെയാണ് കെഎസ്‌യു ഗവര്‍ണമെന്‍റ് ലോ കോളേജ് കോഴിക്കോട് എന്ന അക്കൗണ്ടില്‍ നിന്ന് വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
നിഗമനം
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഈ വീഡിയോയ്ക്ക് സിദ്ധാര്‍ത്ഥന്‍റെ മരണവുമായി യാതൊരു ബന്ധവുമില്ല.
Read more: സിദ്ധാർത്ഥന്‍റെ മരണം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം