കൊൽക്കത്തയില്‍ യുവഡോക്‌ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; കോലിയുടെ പ്രതികരണ വീഡിയോ പഴയത്- Fact Check

By Web TeamFirst Published Aug 20, 2024, 4:14 PM IST
Highlights

വിരാട് കോലിയുടെ വീഡിയോ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ യുവഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ശേഷം പുറത്തുവന്ന പ്രതികരണമല്ല

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. ദാരുണ സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി രംഗത്തെത്തിയോ? കോലി പ്രതികരിച്ചതായുള്ള വീഡിയോയുടെ വസ്‌തുത എന്താണ് എന്ന് നോക്കാം.

പ്രചാരണം

Latest Videos

കൊല്‍ക്കത്തയിലെ ദാരുണ കൊലപാതകത്തെ വിരാട് കോലി വീഡിയോയിലൂടെ അപലപിച്ചുവെന്നാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ പറയുന്നത്. താന്‍ അസ്വസ്ഥനാണെന്നും ഞെട്ടിയെന്നും സ്ത്രീകളോട് നാം ബഹുമാനം കാണിക്കണമെന്നും കോലി വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. 

Virat Kohli on RGKar Moumita Rape case
We want
PM Narendra Modi, pls. impose President Rules in Bengal. pic.twitter.com/PWpz8FMPRp

— Truth Reveal (@SinghCh58654876)

വസ്‌തുത

വിരാട് കോലിയുടെ വീഡിയോ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ശേഷം പുറത്തുവന്ന പ്രതികരണമല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വീഡിയോ പഴയതും 2017ലേതുമാണ്. 2017ലെ ന്യൂഇയര്‍ രാത്രിയില്‍ ബെംഗളൂരുവില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ കോലി നടത്തിയ പ്രതികരണമാണ് കൊല്‍ക്കത്ത കേസുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നത്. അന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് കോലിയുടെ വീഡിയോയെ കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. 

കോലി 2017 ജൂണ്‍ ആറിന് ചെയ്ത ട്വീറ്റ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്നുറപ്പിക്കുന്നു. 

This country should be safe & equal for all. Women shouldn't be treated differently. Let's stand together & put an end to such pathetic acts pic.twitter.com/bD0vOV2I2P

— Virat Kohli (@imVkohli)

ദാരുണമായ സംഭവം

2024 ഓഗസ്റ്റ് 9നാണ് മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ 31കാരിയായ പിജി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ സിവിൽ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. എന്നാൽ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടർമാരും പരാതി ഉന്നയിച്ചു. കേസിൽ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സർക്കാരിനെയും നിശിതമായി വിമർശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിട്ടിരിക്കുകയാണ്.  

Read more: പന്നിയിറച്ചി ചലഞ്ചിനെതിരെ ജിഫ്രി തങ്ങള്‍ രംഗത്തെത്തിയോ? വാര്‍ത്താ കാര്‍ഡിന്‍റെ സത്യമറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!